ബംഗളൂരു: വിദ്വേഷപ്രസംഗത്തിനെതിരെ നിയമസഭയിൽ ബില്ലവതരിപ്പിച്ച് കർണാടക സംസ്ഥാനം. ‘ദ കർണാടക ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ് (പണിഷ്മെന്റ്) ബിൽ 2025’ എന്ന ബില്ലാണ് കർണാടക അവതരിപ്പിച്ചത്. ഇതിൽ ഓൺലൈനിലൂടെയുള്ള അധിക്ഷേപവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്വേഷ കുറ്റങ്ങളായ വിദ്വേകപ്രസംഗത്തിന്റെ പ്രചാരണം എന്ന വിഭാഗത്തിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ കണ്ടന്റ് നിർമിക്കുക, പോസ്റ്റ് ചെയ്യുക, കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുക, വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ ഇലക്ട്രോണിക് മാധ്യമത്തിലൂടെ പൊതുജനത്തിന് കാണുന്ന തരത്തിൽ, ഒരാളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ, ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ വ്യക്തിയെ ലക്ഷ്യം വച്ച്, വ്യക്തികളെയോ സമൂഹത്തെയോ പൊതുവായോ മുൻവിധിയോടെ പ്രചരിപ്പിക്കുക എന്നതാണ് നിയമത്തിന് പരിധിയിൽവരുന്നത്.
മതം, ജാതി, സമൂഹം, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ കലാപരമായ പ്രകടനങ്ങളെയും പഠനാവശ്യത്തിനുള്ള ശാസ്ത്രീയ പരീക്ഷണം, റിപ്പോർട്ടിങ്, മതംമാറ്റം തുടങ്ങിയവയെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ നിയമത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത ഇല്ല. എന്നാൽ ഇത് കൂടുതൽ വ്യക്തതയോടെ പുതിയ നിയമത്തിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299, സെക്ഷൻ 298 എന്നിവയുടെ പരിധിയിലാണ് നിലവിൽ വിദ്വേഷപ്രസംഗം വരുന്നത്.
വിദ്വേഷ കണ്ടന്റുകൾ ബ്ലോക്ക് ചെയ്യാനും നീക്കാനും ഈ നിയമം സംസ്ഥാനത്തിന് കൂടുതൽ അധികാരം നൽകുന്നു. അർഹതപ്പെട്ട ഉദ്യോഗസ്ഥന് സമൂഹമാധ്യമത്തോട് നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരമുണ്ടായിരിക്കും. നിലവിൽ ഇത് 2009 ലെ ഇൻഫർമേഷൻ ടെക്നോളജി റൂളിന്റെ പരിധിയിലാണുള്ളത്. സംഘടനകളെയും സ്ഥാപനങ്ങളെയും ശിക്ഷിക്കാനുള്ള അധികാരം ബിൽ നൽകുന്നു. തന്റെ അറിവോടെയല്ല എന്ന് ഒരാൾക്ക് തെളിയിക്കാൻ കഴിഞ്ഞാൽ അയാളെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കും.
വിദ്വേഷകുറ്റത്തിന് ഒരു വർഷം തടവാണ് ബിൽ നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം 50,000 രൂപ ഫൈനും. തുടർന്നും ഇതേ കുറ്റം ചെയ്താൽ രണ്ടുവർഷം മുതൽ 10 വർഷം വരെ തടവും അനുഭവിക്കേണ്ടിവരും. ഭാരതീയ ന്യായ സംഹിത ഇത്തരം കുറ്റത്തിന് മുന്നു വർഷത്തെ തടവാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.