ന്യുഡൽഹി: മകന് എട്ടുമണിക്കൂർ ശസ്ത്രക്രിയ ബംഗളൂരുവിൽ നടക്കുന്നു; കുടുംബക്കാരെല്ലാവരും എത്തണമെന്ന് നിർബന്ധിച്ചിട്ടും കോൺഗ്രസിന്റെ കരുത്തനായ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമരമുഖത്ത് ഡൽഹിയിൽ ഉറച്ചുനിന്നു. രാഹുൽഗാന്ധിയുടെ ‘വോട്ടുചോർ ഗദ്ദി ഛോഡ്’ റാലി ഡൽഹിയിലെ രാംലീലാ മൈതാനിയിൽ അരങ്ങേറുമ്പോൾ ഖാർഗെ ഡൽഹിയിൽ സമരമുഖത്തായിരുന്നു.
മകൻ ബംഗളൂരുവിൽ രോഗത്തോട് മല്ലടിക്കുമ്പോൾ, ഡൽഹിയിൽ തടച്ചുകൂടിയ പ്രവർത്തകരോട് മോദിക്കെതിരെ ആഞ്ഞടിച്ച ഖാർഗെ, മോദിയെ വലിച്ച് പുറത്തുകളയൂ എന്നാക്രോശിച്ച് ആവേശം കൊള്ളിക്കുകയായിരുന്നു. താൻ യുദ്ധമുഖത്ത് ഉറച്ചു നിൽക്കുന്ന യോദ്ധാവിനെപ്പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ചുണയുണ്ടെങ്കിൽ ബാലറ്റ് പേപ്പർകൊണ്ട് മത്സരിക്കൂ എന്ന് പ്രിയങ്കാഗാന്ധി ബി.ജെ.പിയെ വെല്ലുവിളിച്ചു. എല്ലാ സ്ഥാപനങ്ങളും ആക്രമണത്തിന്റെ നിഴലിലാണെന്ന് പ്രിയങ്ക പറഞ്ഞു. ഡൽഹിയിലെ മലിനീകരണ പ്രശ്നത്തിൽ സമരരംഗത്തുവരണമെന്ന് അവർ ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തു.
അരികുവത്കരിക്കപ്പെട്ടവരുടെ വോട്ട് ബി.ജെ.പി കൊള്ളയടിക്കുകയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു. ഇവരുടെ പേരുകൾ ആധാറിൽ നിന്നും റേഷൻ കാർഡിൽ നിന്നും ഒഴിവാക്കുകയാണ്.
നമുക്ക് നിരന്തരമായി തെരുവിൽ സമരം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശം. അതിൽ നിന്ന് നമ്മുടെ പേരുകൾ വെട്ടുന്നു. പ്രതിപക്ഷത്തിന്റെ നാവടപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഭട്ടി വിക്രമാർക്ക മല്ലു, ഡി.കെ. ശിവകുമാർ, ഗോവിന്ദ് ദൊഡസര, ഗണേഷ് ഗോഡിയൽ, അമരീന്ദർ രാജ വാറിങ്, മനീഷ് ഛത്രത്ത്, വിക്രാന്ത് ഭൂരിയ തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.