ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിമ്പിക്സ് യോഗ്യത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016ലെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഇത് രണ്ടാ തവണയാണ് വനിതാ ടീം ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. 1980ലെ മോസ്കോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന് ആദ്യമായി ലോക കായിക മാമാങ്കത്തിന് ടിക്കറ്റ് ലഭിച്ചത്. അന്ന് നാലാമതായി ടീം ഫിനിഷ് ചെയ്തിരുന്നു.

ജൂലൈയില്‍ ലോക ഹോക്കി ലീഗില്‍ അഞ്ചാം സ്ഥാനം നേടിയതോടെ തന്നെ ഇന്ത്യ ഒളിമ്പിക്സ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇംഗണ്ടും ഹോളണ്ടും യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ എത്തിയതോടെയാണ് ഇന്ത്യ സ്ഥാനം ഉറപ്പിച്ചതെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. സെമിയില്‍ സ്പെയിനിനെ തോല്‍പ്പിച്ചാണ് ഇംഗ്ളണ്ട് ഫൈനലില്‍ എത്തിയത്.

റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന 10ാമത്തെ വനിതാ ഹോക്കി ടീമാണ് ഇന്ത്യ. ദക്ഷിണ കൊറിയ, അര്‍ജന്‍റീന, ബ്രിട്ടണ്‍, ചൈന, ജര്‍മനി, ഹോളണ്ട്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, യു.എസ്.എ എന്നിവരാണ് ഇന്ത്യക്കുമുമ്പ് യോഗ്യത നേടിയവര്‍. ഇനി രണ്ട് ടീമുകളാണ് ഒളിമ്പിക്സിന് യോഗ്യത നേടാനുള്ളത്; ഓഷ്യാനിയ കപ്പില്‍ ജയിക്കുന്ന ടീമും ആഫ്രിക്ക കപ്പ് ഫോര്‍ നാഷന്‍സ് ജയിക്കുന്ന ടീമും.

പല തവണയും നിര്‍ഭാഗ്യം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീമിന് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ പോയത്. ഹോക്കിയിലെ വന്‍ ശക്തികള്‍ മത്സരിക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ ഹോക്കിക്ക് നേട്ടമായിരിക്കും. കൂടുതല്‍ പേരെ കളിയിലേക്ക് ആകര്‍ഷിക്കാന്‍ ഒളിമ്പിക്സ് യോഗ്യത സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുരുഷ ഹോക്കി ടീം കഴിഞ്ഞ വര്‍ഷം ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെയാണ് പുരുഷ ടീം യോഗ്യത നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.