ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്: ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി

കോപന്‍ഹേഗന്‍: രണ്ട് സെറ്റ് ലീഡ് നഷ്ടപ്പെടുത്തി തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതാ ടീം ലോക ചാമ്പ്യന്‍ഷിപ്പിലെ റീകര്‍വ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ദീപിക കുമാരി, ലക്ഷ്മിറാണി മഞ്ജി, റിമില്‍ ബുറുയിലി എന്നിവരടങ്ങിയ ടീമാണ് ടോപ്സീഡ് ടീം റഷ്യയോട് ഷൂട്ട്ഓഫില്‍ തോറ്റത്. 4-0ത്തിന് മുന്നില്‍ നിന്നതിനുശേഷം പ്രകടനം തുടരാനാകാതെപോയ ഇന്ത്യന്‍ വനിതകള്‍ 27-28നാണ് ഷൂട്ട്ഓഫില്‍ തോല്‍വി വഴങ്ങിയത്. ടീം നേരത്തേ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയെടുത്തിരുന്നു.
നിലവിലെ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് വനിതകള്‍ എയ്തെടുത്തത്. പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച് രജത് ചൗഹാന്‍ ശനിയാഴ്ച വെള്ളി നേടിയിരുന്നു. ലോകവേദിയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.



തുയാന ഡാഷിദോര്‍സിയേവ, സെനിയ പെറോവ, ഇന്ന സ്റ്റെഫാനോവ എന്നിവരുടെ റഷ്യന്‍ ടീമാണ് സ്വര്‍ണം നേടിയത്. പതിഞ്ഞ തുടക്കത്തിനുശേഷം തിരിച്ചടിച്ചാണ് അവര്‍ ഇന്ത്യയെ പിറകോട്ടടിച്ചത്. നിര്‍ണായകമായ അവസാന ഷോട്ടില്‍ പെര്‍ഫെക്ട് 10 വേണ്ടിയിരുന്ന വേളയില്‍ സമ്മര്‍ദത്തിനടിമപ്പെട്ട് ഒമ്പത് നേടാനേ ദീപികക്ക് കഴിഞ്ഞുള്ളൂ.
ദീപികയുടെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ് വെള്ളിയാണിത്. 2011ല്‍ ടൂറിലില്‍ നടന്ന ടൂര്‍ണമെന്‍റിലും ടീം വിഭാഗത്തില്‍ ദീപിക വെള്ളിനേട്ടം കൈവരിച്ചിരുന്നു.
വനിതകളുടെ റീകവര്‍വ് വ്യക്തിഗത വിഭാഗം വെങ്കല മെഡല്‍ മത്സരത്തില്‍ കൊറിയയുടെ ചോയ് മിസുനോട് തോറ്റ  ലക്ഷ്മിറാണിക്ക് നാലാമതത്തൊനെ കഴിഞ്ഞുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.