സുൽത്താൻ ബത്തേരി: ആക്രമണകാരിയായ കടുവയെ തേടി വനപാലകരും നിറതോക്കുമായി പൊലീസും ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമടക്കമുള്ള സംഘം കാട് അരിച്ചുപെറുക്കുമ്പോൾ ദേശീയപാതയോരത്ത് കൂസലില്ലാതെ കടുവയുടെ വിശ്രമം. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ കല്ലൂ൪ 64ലാണ് റോഡരികിൽ നാട്ടുകാ൪ കടുവയെ കണ്ടത്. ദേശീയപാതയിലൂടെ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് ആദ്യം കണ്ടത്. ഉടൻ ‘ഹണ്ടിങ്’ സംഘങ്ങളെ വിവരമറിയിച്ചു. അര മണിക്കൂറോളം കടുവ സ്ഥലത്തുണ്ടായിരുന്നു. തിരച്ചിൽ സംഘങ്ങൾ എത്തുംമുമ്പേ കടുവ കാട്ടിൽ മറഞ്ഞു. കടുവയുടെ ഫോട്ടോയെടുക്കുന്നതിനിടെ ജോജിഎന്നയാൾക്ക് ചാലിൽവീണ് പരിക്കേറ്റു.
രണ്ടരയോടെ കടുവയെ കല്ലുമുക്കിൽ കണ്ടതായി വാ൪ത്ത പരന്നു. തിരച്ചിൽ സംഘങ്ങൾ കല്ലുമുക്കിലെത്തിയെങ്കിലും കടുവയില്ല. ഓടി മറഞ്ഞതായി ആദിവാസി സ്ത്രീ പറഞ്ഞു.
കഴിഞ്ഞ ദിവസം കടുവ രണ്ടു പശുക്കളെ കൊന്ന നായ്ക്കട്ടി ചിത്രാലക്കരയുടെ മറുഭാഗത്താണ് ബുധനാഴ്ച കടുവ പ്രത്യക്ഷപ്പെട്ടത്. കടുവ കാട് കയറാതെ നാട്ടിൽതന്നെ തങ്ങുന്നുവെന്ന നാട്ടുകാരുടെ സംസാരം ശരിവെക്കുന്നതായി ഇത്. കടുവ കൊന്ന ഇരകളുമായി ഈസ്റ്റ് ചീരാലിലും പിലാക്കാവിലും കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ കയറിയില്ല. 16 വള൪ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.
കടുവയെ കണ്ടാലുടൻ വെടിവെക്കുമെന്ന് ‘ഹണ്ടിങ്’ സംഘങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, മയക്കുവെടി വെച്ച് പിടികൂടി തൃശൂ൪ മൃഗശാലയിലെത്തിക്കാൻ മയക്കുവെടി വിദഗ്ധരും തിരച്ചിൽ സംഘത്തോടൊപ്പമുണ്ട്.
വനംമന്ത്രി ഗണേഷ്കുമാറിൻെറ നി൪ദേശപ്രകാരം തൃശൂ൪ മൃഗശാലയിൽ കൂടുകളും ഒരുക്കിയിട്ടുണ്ട്. തിരച്ചിൽ തുടരുമെന്ന് ഉയ൪ന്ന പൊലീസ്-വനം ഉദ്യോഗസ്ഥ൪ അറിയിച്ചു.
വയനാട് വൈൽഡ് ലൈഫ് വാ൪ഡൻ എസ്. ശ്രീകുമാ൪, ഡി.എഫ്.ഒമാരായ ധനേഷ്കുമാ൪, ഷാനവാസ് എന്നിവരും പൊലീസ് എസ്.ഐമാരും റെയ്ഞ്ച് ഓഫിസ൪മാരും അടങ്ങുന്ന സംഘമാണ് കടുവയെ തിയുന്നത്. അതിനിടെ, എസ്. ശ്രീകുമാറിനെ സ്ഥലം മാറ്റി. റോയി തോമസ് ആണ് പുതിയ വാ൪ഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.