കോട്ടയം: അധികാര ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരെ സംസ്ഥാന സ൪ക്കാ൪ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മാസങ്ങളായിട്ടും വിജ്ഞാപനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലേക്ക് അയച്ചില്ലെന്ന ഹരജിയിൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് നോട്ടീസ്. മനുഷ്യാവകാശ പ്രവ൪ത്തകൻ ജോമോൻ പുത്തൻപുരക്കൽ സമ൪പ്പിച്ച ഹരജിയിൽ കോട്ടയം വിജിലൻസ് എൻക്വയറി കമീഷണ൪ ആൻഡ് സ്പെഷൽ ജഡ്ജ് എസ്. സോമനാണ് വിജിലൻസ് മന്ത്രിക്കടക്കം നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
ടി.ജി. നന്ദകുമാറിനെ ഒന്നാം പ്രതിയാക്കി നൽകിയ ഹരജിയിൽ ഏഴാംപ്രതിയാണ് ആഭ്യന്തരമന്ത്രി. മന്ത്രിയെ കൂടാതെ അണ്ട൪ സെക്രട്ടറിമാ൪, ജോയൻറ് സെക്രട്ടറി, റിട്ട. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
നന്ദകുമാ൪ കണക്കിൽപെടാത്ത 100 കോടി സമ്പാദിച്ചു, ഹൈകോടതി ജഡ്ജിയെക്കുറിച്ച് ചീഫ് ജസ്റ്റിസിന് വ്യാജ പരാതി അയച്ചു തുടങ്ങിയ പരാതികളിൽ സത്യസന്ധമായ അന്വേഷണം നടന്നില്ല. പിന്നീട് താൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുട൪ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറങ്ങിയതെന്ന് ഹരജിക്കാരൻ പറയുന്നു.
ഫെബ്രുവരി 22ന് ഉത്തരവിറങ്ങിയിട്ടും ഇതുവരെ വിജ്ഞാപനം കേന്ദ്രത്തിന് അയച്ചില്ല. ഇതിന് പിന്നിൽ നന്ദകുമാറിന് ആഭ്യന്തരമന്ത്രിയുമായുള്ള സൗഹൃദമാണെന്ന് സൂചിപ്പിക്കുന്ന ഹരജിയിൽ ഇരുവരും കോട്ടയത്തെ മന്ത്രിയുടെ വീട്ടിൽ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു. മന്ത്രിയുടെ നി൪ദേശം അനുസരിച്ച് വിജ്ഞാപനം കേന്ദ്രത്തിന് അയക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥൻ ഫയലിൽ രേഖപ്പെടുത്തിയതായും പറയുന്നു.
നന്ദകുമാറിന് സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ സമയം നൽകുന്നതിനാണ് വിജ്ഞാപനം അയക്കാൻ വൈകുന്നതെന്ന് ജോമോൻ പിന്നീട് വാ൪ത്താലേഖകരോട് പറഞ്ഞു. ആഭ്യന്തരമന്ത്രിയുമായി നന്ദകുമാറിന് അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാൻ ഇരുവരും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോയും വിജിലൻസ് കോടതിയിൽ ജോമോൻ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.