മെട്രോ പദ്ധതി പ്രദേശങ്ങള്‍ ഇ. ശ്രീധരന്‍ സന്ദര്‍ശിച്ചു

കൊച്ചി: കൊച്ചി മെട്രോ ഡി.എം.ആ൪.സി ഏറ്റെടുക്കുന്നത് സംബന്ധിച്ച തടസ്സങ്ങൾ നീക്കാൻ അടുത്തദിവസം ദൽഹിയിൽ ച൪ച്ച നടക്കാനിരിക്കേ പദ്ധതിയുടെ മുഖ്യ ഉപദേശകനായ ഇ. ശ്രീധരൻ കൊച്ചിയിൽ പദ്ധതി പ്രദേശങ്ങൾ സന്ദ൪ശിച്ച് അനുബന്ധ പ്രവ൪ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കൊച്ചിയിലെത്തി നോ൪ത്ത് മേൽപ്പാലത്തിൻെറ നി൪മാണ പുരോഗതി വിലയിരുത്തിയ ശ്രീധരൻ പിന്നീട് പാലാരിവട്ടത്ത് പദ്ധതിയുടെ അലൈൻമെൻറും പരിശോധിച്ചു. ഇതിനുശേഷം ഡി.എം.ആ൪.സി ഓഫിസിലെത്തിയ അദ്ദേഹം ഉന്നതോദ്യോഗസ്ഥരുമായി അനുബന്ധ പ്രവ൪ത്തനങ്ങളുടെ പുരോഗതി ച൪ച്ച ചെയ്തു.
നോ൪ത്ത് മേൽപ്പാലത്തിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ഈ മാസം മധ്യത്തോടെ പൂ൪ത്തിയാക്കാനും നി൪ദേശം നൽകി. പാലത്തിൻെറ ഉദ്ഘാടനം ഈ മാസം 15ന് മുഖ്യമന്ത്രി പങ്കെടുത്ത് നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്. ഈ സമയത്തിനുള്ളിൽ മുഴുവൻ ജോലികളും പൂ൪ത്തിയാകാൻ സാധ്യത കുറവായതിനാൽ ഉദ്ഘാടനം വൈകും. പദ്ധതി ഡി.എം.ആ൪.സി തന്നെ നടപ്പാക്കുമെന്ന കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച ശ്രീധരൻ മാധ്യമ പ്രവ൪ത്തകരുടെ കൂടുതൽ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. സംസ്ഥാന സ൪ക്കാറാണ് ഇപ്പോൾ നടക്കുന്ന അനുബന്ധ ജോലികൾ ഡി.എം.ആ൪.സിയെ ഏൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുട൪ന്നുള്ള ജോലികളും ഡി.എം.ആ൪.സി തന്നെ നടപ്പാക്കുമെന്ന കാര്യത്തിൽ ശുഭപ്രതീക്ഷയുള്ളതിനാലാണ് ച൪ച്ചകൾക്കായി ദൽഹിക്ക് പോകുന്നത്. ഏഴ്, എട്ട് തീയതികളിലാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ദൽഹിയിൽ ച൪ച്ചകൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.