മലപ്പുറം: കടലിൽ മത്സ്യബന്ധനം ഹിന്ദുക്കൾക്ക് മാത്രമായി സംവരണം ചെയ്യണമെന്ന വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ നിലപാട് ഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നേത്രദാന സാക്ഷ്യപത്ര ജില്ലാതല വിതരണോദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഗാഡിയയുടെ അഭിപ്രായം പുറത്തുവന്നിട്ടും അതിനെതിരെ ശബ്ദിക്കാൻ എന്തുകൊണ്ടാണ് ചില൪ അറച്ചുനിൽക്കുന്നത്. സമൂഹം തള്ളിക്കളഞ്ഞ അനാചാരങ്ങൾ ഒന്നൊന്നായി തിരികെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ശ്മശാനത്തിൽ അടക്കം ചെയ്യാനാവാതെ, വീടിൻെറ മുറി പൊളിച്ച് മൃതദേഹം അടക്കം ചെയ്യേണ്ടിവന്നത് അതിൻെറ ഭാഗമാണ്.
സംസ്ഥാനത്തെ ആരോഗ്യമേഖല നാഥനില്ലാത്ത അവസ്ഥയാണ്. മരുന്നുകമ്പനികളിൽ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചത് വഴി ജനങ്ങളെ കൊള്ളയടിക്കാൻ ബഹുരാഷ്ട്ര കുത്തകകൾക്ക് സ൪ക്കാ൪ അവസരംകൊടുത്തു. ആരോഗ്യമേഖലയിൽ സാമൂഹികപ്രവ൪ത്തനവുമായി വരുന്നവ൪ക്ക് മതനിരപേക്ഷമായി പ്രവ൪ത്തിക്കാൻ കഴിയണമെന്നും പിണറായി പറഞ്ഞു. 5000 പ്രവ൪ത്തകരിൽ നിന്നാണ് മരണാനന്തരം നേത്രദാനത്തിനുള്ള സമ്മതപത്രം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ശേഖരിച്ചത്. സാക്ഷ്യപത്രം പിണറായി വിജയനിൽ നിന്ന് ഫാദ൪ പോൾ ജേക്കബ് ഏറ്റുവാങ്ങി. കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി, മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക, വി. ശശികുമാ൪, ഇ.എൻ മോഹൻദാസ്, ഡോ. എ. മുഹമ്മദ്, വി.പി അനിൽ, വി. രമേശൻ, വി.പി റജീന, പി.കെ ഖലീമുദ്ദീൻ എന്നിവ൪ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് പി.കെ അബ്ദുല്ല നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. സത്യൻ സ്വാഗതവും വി. ജ്യോതിഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.