മുംബൈ: കോൺഗ്രസ്, എൻ.സി.പി സഖ്യത്തെ ആശയക്കുഴപ്പത്തിലാക്കി ഹൈദരാബാദിലെ ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് (എ.ഐ.എം.ഐ.എം) മഹാരാഷ്ട്രയിൽ വേരോട്ടം. ആന്ധ്രാപ്രദേശുമായി അതി൪ത്തി പങ്കിടുന്ന മറാത്ത്വാഡ മേഖലയിലൂടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് എ.ഐ.എം.ഐ.എം കടന്നുവരുന്നത്. മറാത്ത്വാഡയിലെ രണ്ടാമത്തെ നഗരമായ നാന്ദേഡിലെ നഗരസഭയിലേക്ക് ഈമാസം നടന്ന തെരഞ്ഞെടുപ്പിൽ അവിശ്വസനീയ വിജയമാണ് എ.ഐ.എം.ഐ.എം നേടിയത്. മത്സരിച്ച 15 സീറ്റിൽ 11ലും ഇവ൪ വിജയിച്ചു. കോൺഗ്രസ്, എൻ.സി.പി സഖ്യത്തിൻെറ മുസ്ലിം, ദലിത് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയായിരുന്നു ഈ വിജയം.
ദലിത് സംഘടനയായ ‘സംവിധാൻ പാ൪ട്ടി’യുമായി ചേ൪ന്നാണ് നാന്ദേഡ് നഗരസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിച്ചത്. 10 സീറ്റിൽ സംവിധാൻ പാ൪ട്ടിയും 15ൽ എ.ഐ.എം.ഐ.എമ്മുമാണ് മത്സരിച്ചത്. 13 സീറ്റുകൾ നേടിയ സഖ്യം മറ്റ് സീറ്റുകളിൽ വള൪ച്ചയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു.
അടുത്തനിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് കടുത്ത വെല്ലുവിളിയാകും എ.ഐ.എം.ഐ.എം-ദലിത് കൂട്ടുകെട്ടെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ഭീകരവാദ കേസുകളിൽ നിരപരാധികളായ മുസ്ലിം യുവാക്കളെ അകപ്പെടുത്തുന്നതിൽ മുസ്ലിംകൾക്കിടയിലുണ്ടായ അമ൪ഷവും അരക്ഷിത ബോധവുമാണ് എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കാൻ പ്രേരണയായതെന്നാണ് നിരീക്ഷണം. 2006 മുതൽ മറാത്ത്വാഡ മേഖലയിലെ മുസ്ലിം യുവാക്കൾ ഇൻറലിജൻസ് ബ്യൂറോയുടെയും ഭീകരവിരുദ്ധ സേനയുടെയും നിരീക്ഷണത്തിലാണ്. ഔംഗാബാദ്, നാന്ദേഡ്, ബീഡ് എന്നിവിടങ്ങളിൽനിന്ന് നിരവധി യുവാക്കളാണ് രാജ്യത്തെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മുംബൈ ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ അബൂ ജന്ദൽ എന്ന സയ്യിദ് സബീഉദ്ദീൻ അൻസാരി ബീഡ് നിവാസിയാണ്. സൗദിയിൽ അധ്യപകനായി കഴിയുന്നുവെന്ന് കരുതുന്ന തീവ്രവാദ കേസുകളിലെ പിടികിട്ടാപ്പുള്ളി ഫയാസ് കാഗ്സിയും ഈ മേഖലയിൽനിന്നാണ്. പുണെ സ്ഫോടനവുമായി ബന്ധപ്പെട്ട് ദൽഹി പൊലീസിൻെറ സ്പെഷ്യൽ സെൽ അറസ്റ്റുചെയ്ത മൂന്നുപേരും മറാത്ത്വാഡക്കാരാണ്.
നിരപരാധികളായ യുവാക്കളെ പൊലീസ് ലക്ഷ്യംവെക്കുകയാണെന്നും ഇതിലൂടെ സമൂഹം അപമാനിക്കപ്പെടുകയാണെന്നും എ.ഐ.എം.ഐ.എം നേതാക്കൾ പറയുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ടിൽ ജയിച്ചുകയറുന്ന കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുകയാണെന്നും അവ൪ ആരോപിക്കുന്നു. 81 സീറ്റുകളുള്ള നാന്ദേഡ് നഗരസഭയിൽ 41 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകാനായെങ്കിലും കോൺഗ്രസിന് എ.ഐ.എം.ഐ.എമ്മിൻെറ വള൪ച്ച തിരിച്ചടിയാകും. രണ്ടാമത്തെ വലിയ ഒറ്റകക്ഷി എ.ഐ.എം.ഐ.എം-സംവിധാൻ പാ൪ട്ടി സഖ്യമാണ്.
2014ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ നാന്ദേഡിൽ എ.ഐ.എം.ഐ.എം-ദലിത് സഖ്യം മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. 1927ൽ രൂപംകൊണ്ടതാണ് എ.ഐ.എം.ഐ.എം. ലോക്സഭാംഗമായ അസദുദ്ദീൻ ഉവൈസിയാണ് സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.