കൊടിക്കുന്നില്‍ ഇനി മന്ത്രിഭവനത്തിലേക്ക്

ആലപ്പുഴ: കണ്ണീരിൻെറയും വേദനയുടെയും ബാല്യം. നിൽക്കാൻ പ്രായമാകുംമുമ്പേ പിതാവിൻെറ  മരണം. ക൪ഷകതൊഴിലാളിയായ മാതാവിൻെറ കഷ്ടതനിറഞ്ഞ കരിവാളിച്ച മുഖം -കൊടിക്കുന്നിൽ സുരേഷിൻെറ ദരിദ്രബാല്യത്തിൻെറ ഓ൪മകൾ ഇങ്ങനെ പോകുന്നു. ജീവിതം ഒരിക്കലും തനിക്കുമുന്നിൽ സന്തോഷത്തിൻെറ പൂക്കൾ വിതറില്ലെന്ന് കരുതിയ സുരേഷ് ഇനി മന്ത്രിഭവനത്തിൻെറ അധികാരഛായയിലേക്ക്. കൊടിവെച്ച കാറിൽ മന്ത്രിഭാഗ്യത്തിൻെറ കുന്നുകയറാൻ തനിക്ക് എന്നെങ്കിലും കഴിയുമോയെന്ന് ആശങ്കപ്പെട്ട ദിനങ്ങളും കൊടിക്കുന്നിലിന് ഉണ്ടായിരുന്നു.
പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുവന്ന കൗമാര-യൗവന കാലമാണ് സുരേഷിൻേറത്. കണ്ണീരിൻെറ ഉപ്പുനുണഞ്ഞ ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടമായി. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ കൊടിക്കുന്നിൽ കോളനിയിൽ ജനിച്ച സുരേഷ് അക്കാലത്ത് അനുഭവിച്ച പ്രയാസങ്ങൾ വിവരണാതീതമാണ്. സുരേഷ് നാലാംക്ളാസിൽ പഠിക്കുമ്പോഴാണ് പിതാവ് കുഞ്ഞൻ മരിച്ചത്. പിന്നെ മാതാവ് തങ്കമ്മ ആറ് മക്കളെയും വള൪ത്താൻ ഏറെ അധ്വാനിച്ചു. പുല്ലുചുമന്നും വയലിൽ പണിയെടുത്തും അവ൪ മക്കളെ വള൪ത്തി. തിരുവനന്തപുരം ലക്ഷ്മിവിലാസം ഹൈസ്കൂളിലാണ് സുരേഷ് സ്കൂൾ വിദ്യാഭ്യാസം പൂ൪ത്തിയാക്കിയത്. മാ൪ ഇവാനിയോസിൽനിന്ന് പ്രീഡിഗ്രിയും ഗവ.ലോ കോളജിൽനിന്ന് എൽഎൽ.ബി ബിരുദവും നേടി. ഇക്കാലത്തൊക്കെ പാ൪ട്ടിയുടെ സജീവപ്രവ൪ത്തകനുമായിരുന്നു.
മാതാവിൻെറയും  സഹോദരങ്ങളുടെയും സഹായത്തോടെ പഠനവും ജീവിതവും ഒന്നിച്ച് നീങ്ങിയപ്പോൾ സുരേഷിന് പാ൪ട്ടി പ്രവ൪ത്തനം അനിവാര്യഘടകമായി മാറി. ’77ൽ കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പിൽ എ.കെ. ആൻറണിക്കുവേണ്ടി പ്രചാരണ രംഗത്ത് സജീവമായതാണ് സുരേഷിൻെറ ജീവിതത്തിലെ വഴിത്തിരിവ്. അന്ന് 10ാംക്ളാസ് വിദ്യാ൪ഥി. പിന്നീട് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറും സംസ്ഥാന ജനറൽ സെക്രട്ടറിയുമൊക്കെയായി.
1989ൽ അടൂ൪ സംവരണ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ നറുക്കുവീണതോടെയാണ് കൊടിക്കുന്നിൽ സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചുരുങ്ങിയ കാലത്തെ അസാന്നിധ്യം ഒഴിവായാൽ ഒന്നര പതിറ്റാണ്ടിലേറെ അഞ്ച് ലോക്സഭകളിൽ അംഗമാകാനുള്ള അപൂ൪വ ഭാഗ്യവും സുരേഷിനുണ്ടായി. നാലുതവണ അടൂരിൽനിന്ന് ജയിച്ച സുരേഷിന് രണ്ടുതവണ മാത്രമേ പരാജയമുണ്ടായുള്ളു. ഇതിനിടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും എ.ഐ.സി.സി സെക്രട്ടറിയുമായി. 2009ൽ മാവേലിക്കരയിൽനിന്നാണ്  അഞ്ചാം തവണ ലോക്സഭയിലെത്തിയത്.
 നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനായിരുന്ന സുരേഷ് പാ൪ലമെൻറിലെ വിവിധ കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് എത്തിയിട്ടുണ്ട്. മാതാവ് തങ്കമ്മയും ഭാര്യ ബിന്ദുവും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് സുരേഷിൻേറത്.
ജാതിവിവാദങ്ങൾ എം.പി സ്ഥാനത്തിന്  ഭീഷണിയായെങ്കിലും എല്ലാം അതിജീവിച്ച് സുരേഷ് മന്ത്രി പദത്തിലേക്ക് ചുവടുവെക്കുകയാണ്.
കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ചവിജയം നേടിയ കൊടിക്കുന്നിൽ കേന്ദ്രമന്ത്രിസഭയിൽ എത്തുമെന്ന് പ്രതീക്ഷിച്ചവ൪ ഏറെയാണ്. എന്നാൽ, ആ കസേരയിൽ ഇരിക്കാൻ സുരേഷിന് ഭാഗ്യമുണ്ടായില്ല. സുരേഷിനുവേണ്ടി ലോബിയിങ് നടത്താൻ ആരുമില്ല എന്ന തോന്നൽ പരക്കെ പ്രചരിച്ചിരുന്നു. ഒടുവിൽ, മന്ത്രിസഭാ കാലാവധിയുടെ അവസാനപാദത്തിലേക്ക് കടക്കുമ്പോഴെങ്കിലും നറുക്കുവീഴുമ്പോൾ സുരേഷിനത് വൈകിയെത്തിയ അംഗീകാരമാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.