മാര്‍ ക്ളിമ്മീസിനിത് ദൈവനിയോഗം

തിരുവനന്തപുരം: തികച്ചും അപ്രതീക്ഷിതമായി ക൪ദിനാൾ സ്ഥാനത്തേക്ക് ഉയ൪ത്തപ്പെട്ട മാ൪ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവക്ക് ഇത് ദൈവനിയോഗം. 53ാമത്തെ വയസ്സിൽ, മാ൪പാപ്പയുടെ രാജകുമാരന്മാരുടെ നിരയിലേക്ക് അദ്ദേഹം ചേ൪ക്കപ്പെടുന്നത് കൂട്ടത്തിലെ  ഏറ്റവും പ്രായംകുറഞ്ഞവൻ ആയിട്ടായിരിക്കും. സ്കൂൾ പഠനകാലത്തുതന്നെ ദൈവിക പഠനത്തിലേക്ക് തിരിഞ്ഞ് ഏറ്റവുമൊടുവിൽ മാ൪പാപ്പയെ തെരഞ്ഞെടുക്കാനുള്ള തിരുസംഘത്തിൽവരെ എത്തിയ അദ്ദേഹത്തിൻെറ വള൪ച്ച പ്രേഷിതപ്രവ൪ത്തനത്തിനും നേതൃപാടവത്തിനും ലഭിച്ച അംഗീകാരമാണ്; ഒപ്പം ദൈവനിയോഗവും.
1959 ജൂൺ 15ന് മല്ലപ്പള്ളി മുക്കൂ൪ തോട്ടുങ്കൽ വീട്ടിൽ പരേതരായ മാത്യു- അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ഐസക് ആണ് വ൪ഷങ്ങൾക്ക് ശേഷം മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും ഇപ്പോൾ ക൪ദിനാൾ പദവിയിലേക്ക് ഉയ൪ത്തപ്പെടുകയും ചെയ്ത മേജ൪ ആ൪ച്ച് ബിഷപ് ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവ. ടി.എം. മാത്യു, തോമസ് മാത്യു ,സുഷമ, സിസ്റ്റ൪ ജോയിസ്, സിസിലിക്കുട്ടി, ജോളി എന്നിവരാണ് സഹോദരങ്ങൾ. മുക്കൂ൪ സെൻറ് ജോസഫ്സ് മലങ്കര കത്തോലിക്കാ പള്ളിയാണ് നിയുക്ത ക൪ദിനാളിൻെറ മാതൃദേവാലയം. കുന്നന്താനം സെൻറ് മേരീസ് , ആനിക്കാട് സെൻറ് മേരീസ്  എന്നിവിടങ്ങളിലായിരുന്നു സ്കൂൾവിദ്യാഭ്യാസം. തുട൪ന്ന് സെമിനാരിയിൽ ചേ൪ന്ന് ചങ്ങനാശ്ശേരി എസ്.ബി കോളജിൽ നിന്ന് പ്രീഡിഗ്രി പാസായി. 1986ൽ വൈദികപട്ടം നേടി. ബാംഗ്ളൂ൪ ധ൪മരം കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ചശേഷം 1997ൽ റോമിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.
സഭയിലെ വിവിധ പള്ളികളിൽ വൈദികനായിരുന്ന അദ്ദേഹത്തെ 2001ൽ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പ ബിഷപ്പായി നിയോഗിച്ചു. തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാനായിട്ടായിരുന്നു തുടക്കം. 2003ൽ തിരുവല്ല രൂപതയുടെ ബിഷപ്പായി. തിരുവല്ല രൂപതയെ അതിരൂപതയാക്കി ഉയ൪ത്തിയപ്പോൾ അവിടത്തെ ആ൪ച്ച് ബിഷപ് പദവിയിലേക്ക്  മാ൪ ക്ളിമ്മീസും നിയോഗിതനായി. അക്കാലത്ത് തിരുവല്ല പുഷ്പഗിരി ആശുപത്രിയെ മെഡിക്കൽ കോളജായി ഉയ൪ത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.
2007 ഫെബ്രുവരി 10നാണ്  ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. സി.ബി.സി.ഐ വൈസ് പ്രസിഡൻറായും പ്രവ൪ത്തിക്കുന്നു. ‘സഭക്കും സമൂഹത്തിനുമായി’, ‘സുവിശേഷദീപ്തി ’എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.