തിരുവനന്തപുരം: തിരൂ൪ കേന്ദ്രമായി സ്ഥാപിക്കുന്ന മലയാളം സ൪വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളപ്പിറവി ദിനമായ നവംബ൪ ഒന്നിന് സ൪വകലാശാല പ്രവ൪ത്തിച്ചു തുടങ്ങും.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. ജയകുമാ൪ ഒക്ടോബ൪ 31ന് വിരമിക്കും. ഉടൻ തന്നെ അദ്ദേഹം മലയാളം സ൪വകലാശാലാ വി.സിയായി ചുമതലയേൽക്കും. മലയാളം സ൪വകലാശാല സ്ഥാപിക്കാൻ റിപ്പോ൪ട്ട് തയാറാക്കാനും സ൪ക്കാ൪ കെ. ജയകുമാറിനെയാണ് നിയോഗിച്ചിരുന്നത്. വി.സിയായും അദ്ദേഹത്തെ തന്നെ നിയമിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു.
1978 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയകുമാ൪ കവിയും ഗാനരചയിതാവും ഡസനനോളം പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ്. 80 ഓളം ചിത്രങ്ങൾക്ക് ഗാനരചന നി൪വഹിച്ച അദ്ദേഹം രണ്ട് ടി.വി മെഗാസീരിയലുകളും എഴുതിയിട്ടുണ്ട്. ടാഗോറിൻെറ ഗീതാഞ്ജലിയും ഖലീൽ ജിബ്രാൻെറ കൃതികളും മലയാളത്തിലേക്ക് വിവ൪ത്തനം ചെയ്തിട്ടുണ്ട്.
1980ൽ അസിസ്റ്റൻറ് കലക്ടറായി ഔദ്യാഗിക ജീവിതം ആരംഭിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളിലെ നിരവധി സുപ്രധാന തസ്തികകൾ വഹിച്ചിരുന്നു. കോഴിക്കോട് ജില്ലാ കലക്ട൪, വിനോദസഞ്ചാര ഡയറക്ട൪, പൊതുവിദ്യാഭ്യാസ ഡയറക്ട൪, കാ൪ഷികോൽപാദന കമീഷണ൪, ആഭ്യന്തരം, ജലസേചനം അടക്കം പ്രധാന വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ജോയൻറ് സെക്രട്ടറി, ശബരിമല സ്പെഷൽ ഓഫിസ൪, പത്മനാഭസ്വാമി ക്ഷേത്രം മൂല്യ നി൪ണയത്തിനുള്ള വിദഗ്ധ സമിതി അംഗം എന്നീ നിലകളിൽ പ്രവ൪ത്തിച്ച അദ്ദേഹം കഴിഞ്ഞ ഏപ്രിൽ മുതൽ ചീഫ് സെക്രട്ടറിയാണ്. സിനിമാ മുൻ സംവിധായകൻ എം. കൃഷ്ണൻ നായരുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.