വിമാന റാഞ്ചല്‍ പരാതി: പൈലറ്റിനെ പിന്തുണച്ച് അജിത് സിങ്

ന്യൂദൽഹി: എയ൪ ഇന്ത്യ ‘വിമാന റാഞ്ചൽ നാടക’ത്തിൽ യാത്രക്കാരെ പഴി പറഞ്ഞും പൈലറ്റിനെ ന്യായീകരിച്ചും വ്യോമയാന മന്ത്രി അജിത്ത്സിങ് രംഗത്ത്. യാത്രക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നം വഷളാക്കിയതെന്നും പൈലറ്റ് റാഞ്ചൽ സന്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം ദൽഹിയിൽ പറഞ്ഞു. കലാവസ്ഥ മോശമായതിനാലാണ് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. അവിടെയെത്തിയപ്പോൾ പൈലറ്റിൻെറ ഡ്യൂട്ടി സമയം കഴിഞ്ഞു. മറ്റൊരു പൈലറ്റിനെയും ജീവനക്കാരെയും കൊണ്ടുവരാനുള്ള താമസം മാത്രമാണുണ്ടായത്.
യാത്രക്കാരുടെ സുരക്ഷ കൂടി മുൻനി൪ത്തിയാണ് പൈലറ്റുമാരുടെ ജോലി സമയം നിജപ്പെടുത്തുന്നത്. ഏതൊരു സാഹചര്യത്തിലും യാത്രക്കാ൪ സംശയമനം പാലിക്കുകയായിരുന്നു വേണ്ടത്. എന്നാൽ, അതുണ്ടായില്ല. പൈലറ്റ് ഹൈജാക്ക് ബട്ടൻ അമ൪ത്തിയിട്ടില്ലെന്നാണ് വിവരം. റാഞ്ചൽ ശ്രമം നടത്തുന്നതായി പരാതി നൽകിയിട്ടുമില്ല. കോക്പിറ്റിൽ കയറിയ യാത്രക്കാരാണ് ഭീതിജനകമായ സാഹചര്യമുണ്ടാക്കിയത്. സംഭവം സംബന്ധിച്ച് ഡി.ജി.സി.എ അന്വേഷണം നടത്തുന്നുണ്ട്്. യാത്രക്കാ൪ക്കെതിരെ കേസെടുത്തതായി ഞങ്ങൾക്കറിയില്ല. പൈലറ്റിനെതിരെ കേസെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി  തുട൪ന്നു.  
അതിനിടെ, കഴിഞ്ഞ ദിവസം തീരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ജി.സി.എ വൃത്തങ്ങൾ പറഞ്ഞു. വിമാനത്തിലെ പൈലറ്റ്, ക്രൂ മെമ്പ൪മാ൪ എന്നിവരെ ദൽഹിയിൽ വിളിച്ചുവരുത്തി മൊഴിയെടുക്കും. അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് വിമാനത്താവള അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

കേസ് പിൻവലിക്കണം -വി.എസ്

തിരുവനന്തപുരം: വിമാന യാത്ര വഴിയിൽ അവസാനിപ്പിച്ചതിൽ തിരുവനന്തപുരത്ത് പ്രതിഷേധിച്ച യാത്രക്കാ൪ക്കെതിരെ പൊലീസെടുത്ത കേസ്  പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വാ൪ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വഭാവികമായ പ്രതിഷേധത്തിൻെറ പേരിൽ കേസെടുക്കരുത്. എയ൪ ഇന്ത്യ പ്രവാസി മലയാളികളോട് കാണിക്കുന്ന ക്രൂരതയുടെ ഒടുവിലത്തെ തെളിവാണ് അബൂദബി-കൊച്ചി എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായത്.
10 മണിക്കൂറോളം യാത്രക്കാരെ വെള്ളംപോലും കൊടുക്കാതെ പീഡിപ്പിച്ചു. വിമാനം അനന്തമായി വൈകിയതിലും കൊച്ചിയിൽ ഇറക്കുതിനു പകരം തിരുവനന്തപുരത്ത് ഇറക്കിയതിലും പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരോട് ശത്രുക്കളോടെന്നപോലെയാണ് അധികൃത൪ പെരുമാറിയത്. കേരളത്തിൽനിന്ന് ആറ് കേന്ദ്രമന്ത്രിമാ൪ ഉണ്ടായിട്ടും ഇത്തരം പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.