കാലിക്കറ്റ് സിന്‍ഡിക്കേറ്റ് നിലവില്‍ വന്നു

കോഴിക്കോട്: ഓ൪ഡിനൻസിലൂടെ കാലാവധി നീട്ടിയ കാലിക്കറ്റ് സ൪വകലാശാല സിൻഡിക്കേറ്റ് നിലവിൽ വന്നു. വിരമിച്ച വനിതാ അംഗത്തിന് പകരം പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ. കോളജ് പ്രിൻസിപ്പൽ കെ. ഗിരിജയെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തി. ആറ് എക്സ് ഒഫീഷ്യോ അംഗങ്ങൾക്കു പുറമെ 14 പേരാണ് സിൻഡിക്കേറ്റിലുള്ളത്.
കോൺഗ്രസ് അധ്യാപക സംഘടനയുടെ സജീവ പ്രവ൪ത്തകയാണ് ഗിരിജ. ഇതോടെ സിൻഡിക്കേറ്റിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം ഏഴായി. ആറു പേ൪ മുസ്ലിംലീഗിൽനിന്നും ഒരാൾ സോഷ്യലിസ്റ്റ് ജനതയിൽനിന്നുമാണ്. വിരമിച്ച വനിതാ അംഗം കെ.എം. വനജാക്ഷി സി.എം.പി പ്രതിനിധിയായിരുന്നു.
സെപ്റ്റംബ൪ 22നാണ് ചാൻസല൪ നോമിനേറ്റ് ചെയ്ത സിൻഡിക്കേറ്റിൻെറ കാലാവധി തീ൪ന്നത്. സ൪വകലാശാല ചട്ടപ്രകാരം നോമിനേറ്റഡ് സിൻഡിക്കേറ്റിന് പരമാവധി ഒരു വ൪ഷമാണ് കാലാവധി. ചട്ട ഭേദഗതി ലക്ഷ്യമിട്ട് സ൪ക്കാ൪ ഓ൪ഡിനൻസിലൂടെയാണ് ഒരു വ൪ഷം കൂടി നീട്ടിയത്.
ഓ൪ഡിനൻസിൻെറ പക൪പ്പ് ഒക്ടോബ൪ ഒന്നിന് സ൪വകലാശാലക്ക് ലഭിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. ഓ൪ഡിനൻസിൽ വ്യക്തത ചോദിച്ച് രജിസ്ട്രാ൪ ചാൻസല൪ക്ക് കത്തയക്കുകയായിരുന്നു. ഇതിന് മറുപടി എന്ന രീതിയിലാണ് വനിതാ അംഗത്തെകൂടി ഉൾപ്പെടുത്തി 14 അംഗ പട്ടിക ചാൻസല൪ ഇറക്കിയത്. ഉടൻ സ൪വകലാശാല വിജ്ഞാപനം ഇറക്കുകയും ചെയ്തു.
അതേസമയം, സെനറ്റ് തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറക്കിയതിനാൽ സിൻഡിക്കേറ്റിന് മൂന്ന് മാസമേ ആയുസ്സുള്ളൂ. ജനുവരി അവസാനത്തോടെ പുതിയ സെനറ്റ് വരുന്ന വിധമാണ് വിജ്ഞാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.