ഊര്‍ജതന്ത്ര നൊബേല്‍ ഫ്രഞ്ച്, യു.എസ് ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ഹോം: ഊ൪ജതന്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ സമ്മാനം ഫ്രഞ്ച് ശാസ്ത്രജ്ഞരായ സെ൪ജി ഹരോഷെ, അമേരിക്കൻ ശാസ്ത്രജ്ഞനായ ഡേവിഡ് വൈൻലാൻഡ് എന്നിവ൪ പങ്കിട്ടു. പ്രകാശത്തിൻെറ അടിസ്ഥാന കണികയായ ഫോട്ടോണുകളുടെ നിയന്ത്രണം സംബന്ധിച്ച ക്വാണ്ടം ഇൻഫ൪മേഷൻ സിസ്റ്റത്തിലെ പുതിയ പഠനങ്ങൾക്കാണ് പുരസ്കാരം. ഇരുവരും സംയുക്തമായാണ് ഗവേഷണം നടത്തിയിരുന്നത്.
ക്വാണ്ടം ഒപ്റ്റിക്സിൻെറ പഠനത്തിൽ ഇവ൪ പുതിയ വാതായനങ്ങൾ തുറന്നതായി സ്വീഡിഷ് അക്കാദമി വിലയിരുത്തി.ഫോട്ടോണുകളുടെ അടിസ്ഥാന കണമായ ക്വാണ്ടത്തിൻെറ സ്വഭാവം മാറ്റാതെ തന്നെ അവയെ അളക്കാനും നിരീക്ഷിക്കാനും കഴിയുന്ന  സുപ്രധാന കണ്ടെത്തലാണ് ഇവ൪ നടത്തിയത്.  സൂപ്പ൪ഫാസ്റ്റ് കമ്പ്യൂട്ടറുകൾ നി൪മിക്കുന്നതിന് ഈ കണ്ടുപിടിത്തം വഴിയൊരുക്കുമെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. 68കാരനായ  ഹരോഷെ മൊറോക്കോയിലെ കാസബ്ളാങ്കയിലാണ് ജനിച്ചത്. പാരിസിൽ താമസിക്കുന്ന ഇദ്ദേഹം  പ്രശസ്ത ശാസ്ത്ര ഗവേഷണ സ്ഥാപനമായ ‘കോളജ് ഓഫ് ഫ്രാൻസിൽ’ പ്രഫസറാണ്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേഡ് ആൻഡ് ടെക്നോളജിയിൽ പ്രവ൪ത്തിക്കുന്ന ഡേവിഡ് ജഫ്രി വൈൻ ലാൻഡിനും ഏറെ വ൪ഷത്തെ ഗവേഷണ പരിചയമുണ്ട്. അമേരിക്കൻ ഫിസിക്കൽ സൊസൈറ്റി ഫെലോ കൂടിയാണ് ഈ 66കാരൻ. ഇരുവ൪ക്കും 12ലക്ഷം ഡോള൪ (60ലക്ഷം രൂപ)  വീതം സമ്മാനത്തുക  ലഭിക്കും.

‘ദൈവകണ’ത്തെ പരിഗണിച്ചില്ല

സ്റ്റോക്ഹോം: ലോകത്തെ പിടിച്ചുകുലുക്കിയ ‘ദൈവകണ’ കണ്ടെത്തലിനായിരിക്കും ഇത്തവണത്തെ ഊ൪ജതന്ത്ര നൊബേൽ എന്ന വ്യാപക പ്രചാരണം പാളി. ഇതേക്കുറിച്ച് ഒരുപാട് ച൪ച്ചകൾ നടന്നെങ്കിലും ഹിഗ്സ് ബോസോൺ എന്ന ദൈവകണത്തെ കണ്ടെത്താനുള്ള പരീക്ഷണത്തെ ഇപ്പോൾ അംഗീകരിക്കേണ്ട എന്ന നിലപാടിലാണ് നൊബേൽ പുരസ്കാര സമിതി എത്തിയത്. ഈ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾ പുരോഗമിക്കയാണെന്നും അന്തിമഫലം വരെ കാത്തിരിക്കാമെന്നുമാണ്  സമിതിയുടെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.