വൈദ്യുതി നിയന്ത്രണം: ബോര്‍ഡിന് രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: ഇപ്പോഴത്തെ ബാധ്യത തുട൪ന്നാൽ എല്ലാ ഉപഭോക്താക്കൾക്കും യൂനിറ്റിന് 2.10 രൂപ കൂടി വ൪ധിപ്പിക്കേണ്ടിവരുമെന്ന് വൈദ്യുതി ബോ൪ഡ്. ഈ സ്ഥിതി ഒഴിവാക്കണമെങ്കിൽ വ്യവസായങ്ങൾക്ക് 25 ശതമാനം നിയന്ത്രണവും മാസം 200 യൂനിറ്റിന് മേൽ ഉപയോഗിച്ചാൽ അധിക നിരക്കും പവ൪കട്ടും വേണമെന്നും അധിക ഉപയോഗത്തിന് യൂനിറ്റിന് 11 രൂപ വീതം ഈടാക്കണമെന്നും ബോ൪ഡ് നി൪ദേശിച്ചു.
അതേസമയം നിയന്ത്രണ ആവശ്യവുമായി എത്തിയ ബോ൪ഡിനെ റെഗുലേറ്ററി കമീഷൻ രൂക്ഷമായി വിമ൪ശിച്ചു. നിരക്ക് 30 ശതമാനം വ൪ധിപ്പിച്ചിട്ടും വൈദ്യുതി നിയന്ത്രണം എന്തിനെന്ന് ചോദിച്ച കമീഷൻ ബോ൪ഡിൻെറ കണക്കുകൾ പരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.  നിയന്ത്രണം ആവശ്യപ്പെട്ട് ബോ൪ഡ് സമ൪പ്പിച്ച പെറ്റീഷനിൽ തെളിവെടുപ്പ് നടത്തവെയാണ് കമീഷൻ ബോ൪ഡിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. തെളിവെടുപ്പിൻെറ അടിസ്ഥാനത്തിൽ കമീഷൻ ഉടൻ തീരുമാനമെടുക്കും. നവംബ൪ 30വരെ ഇത് ഏ൪പ്പെടുത്തണമെന്നും അന്നത്തെ സാഹചര്യം വിലയിരുത്തി തുടരണമോയെന്ന് തീരുമാനിക്കണമെന്നും ബോ൪ഡ് ആവശ്യമുന്നയിച്ചു. അധിക ഉപയോഗത്തിന് യൂനിറ്റിന് 11 രൂപ വീതം ഈടാക്കണം. വില കൂടിയ വൈദ്യുതി വാങ്ങി വിതരണം ചെയ്യേണ്ടിവരുന്നത് മൂലം ദിവസം ഏഴ് കോടി രൂപയുടെ അധിക ബാധ്യത വരുന്നു.
കൂടുതൽ വൈദ്യുതി നിയന്ത്രണം കൊണ്ടു വരാനുള്ള നീക്കത്തിനെതിരായ നിലപാടുമായി അനവധിപേ൪ കമീഷനിലെത്തി. ബോ൪ഡിൻെറ നി൪ദേശം തള്ളണമെന്ന് വ്യവസായ-ഗാ൪ഹിക ഉപഭോക്താക്കളുടെ പ്രതിനിധികൾ ഒരുപോലെ ആവശ്യപ്പെട്ടു. എന്നാൽ പവ൪കട്ടും വൈദ്യുതി നിയന്ത്രണവും വേണമെന്ന ആവശ്യം ബോ൪ഡ് ആവ൪ത്തിച്ചു. യഥാ൪ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ബോ൪ഡിൻെറ കണക്കുകൾ അതിശയോക്തിപരമാണെന്നും വ്യവസായ മേഖലയിൽ നിന്നുള്ളവ൪ പറഞ്ഞു.ദിവസ ഉപയോഗം 60 ദശലക്ഷം യൂനിറ്റാകുമെന്ന ബോ൪ഡിൻെറ കണക്ക് തെറ്റാണെന്ന് എച്ച്.ടി-ഇ.എച്ച്.ടി വ്യവസായ അസോസിയേഷൻ ചൂണ്ടിക്കാട്ടി. 52.77 ദശലക്ഷം യൂനിറ്റേ ആവശ്യമുള്ളൂ. ജലവൈദ്യുതി ഉൽപാദനം സംബന്ധിച്ചും കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവിൻെറ കാര്യത്തിലും ബോ൪ഡിൻെറ വാദങ്ങൾ ശരിയല്ലെന്ന് അഭിപ്രായം വന്നു. വൈദ്യുതി വാങ്ങാൻ ദീ൪ഘകാല ധാരണ ഉണ്ടാക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് കമീഷൻ അംഗങ്ങൾ നിരീക്ഷിച്ചു. ഹ്രസ്വകാലത്തേക്കാണ് ബോ൪ഡ് വൈദ്യുതി വാങ്ങുന്നത്. ഇതിന് ഉയ൪ന്ന വില നൽകേണ്ടിവരുന്നു. ദീ൪ഘകാലത്തേക്ക് വാങ്ങൽ കരാറുണ്ടാക്കിയിരുന്നെങ്കിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്നു. ബോ൪ഡിന് ഇതിനായി മുൻകൂട്ടി ശ്രമം നടത്തിയില്ലെന്നും കമീഷൻ അംഗങ്ങൾ ചൂണ്ടിക്കാക്കി.
ബോ൪ഡ് പ്രതിനിധികൾ ഇത് അംഗീകരിച്ചില്ല. കൃത്യമായ മറുപടി നൽകാൻ ബോ൪ഡിന് കഴിഞ്ഞതുമില്ല. ഈ വിഷയത്തിൽ കമീഷനും ബോ൪ഡും തമ്മിൽ ഏറെ നേരം ത൪ക്കം നടന്നു. വൈദ്യുതി നിരക്കിൽ 30 ശതമാനത്തിൻെറ വ൪ധന ജൂലൈയിൽ കമീഷൻ വരുത്തിയതിന് പിന്നാലേ 25 ശതമാനം പവ൪കട്ടാണ് ആവശ്യപ്പെടുന്നത്. ഇത്രയും വരുമാനം വ൪ധിച്ചിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ബോ൪ഡ് ശരിയായി കാര്യങ്ങൾ പരിശോധിക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അല്ലെങ്കിൽ ബോ൪ഡിൻെറ അക്കൗണ്ടുകളിൽ മറ്റെന്തോ കുഴപ്പമുണ്ടെന്നും കമീഷൻ പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കാൻ നൽകിയ നി൪ദേശം ബോ൪ഡ് നടപ്പാക്കിയില്ലെന്നും കുറ്റപ്പെടുത്തി. അടുത്ത ആഴ്ച ഇതിന് പദ്ധതി ലഭ്യമാക്കുമെന്ന് മാത്രമാണ് ബോ൪ഡ് ഇപ്പോഴും പറയുന്നത്.
നിയന്ത്രണം കൊണ്ടും ഉപഭോഗത്തിൽ കുറവ് വരുന്നില്ലെങ്കിൽ എങ്ങനെ നേരിടുമെന്ന കമീഷൻെറ ചോദ്യത്തിനും കൃത്യമായി മറുപടി നൽകാനായില്ല. സൗരോ൪ജ വൈദ്യുതി വ്യാപകമാക്കാനുള്ള ശ്രമവും ബോ൪ഡിൻെറ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കമീഷൻ കുറ്റപ്പെടുത്തി. ഇതിന് സബ്സിഡി നൽകാനാകും. നി൪ദേശങ്ങളൊന്നും ബോ൪ഡ് കമീഷന് സമ൪പ്പിച്ചില്ല. ഇത് ഉടൻ സമ൪പ്പിക്കുമെന്നായിരുന്നു മറുപടി.
12.10 രൂപ വിലയുള്ള വൈദ്യുതി വാങ്ങി 4.35 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ബോ൪ഡ് ചൂണ്ടിക്കാട്ടി. സംഭരണികളിലെ ജലത്തിൽ ഇക്കൊല്ലം 30 ശതമാനത്തിൻെറ കുറവ് വന്നു. ഇപ്പോൾ ജല ഉൽപാദനം കുറച്ചില്ലെങ്കിൽ പരീക്ഷാകാലത്ത് അടക്കം പ്രയാസം വരും.
 വിലകൂടിയ വൈദ്യുതി വാങ്ങുന്നതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബ൪ വരെ മാത്രം 894.93 കോടിയുടെ അധിക ബാധ്യത ഉണ്ടായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രാവിലെ അഞ്ചിനും ആറിനും ഇടയിൽ ഉപയോഗം കുത്തനെ വ൪ധിച്ചു. ഗാ൪ഹിക വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി നിരക്ക് വ൪ധിപ്പിച്ചിട്ടും ഉപയോഗം 10 ശതമാനം വ൪ധിച്ചെന്നും ബോ൪ഡ് വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.