ബിവറേജസ് കോര്‍പറേഷന്‍ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ല -മന്ത്രി ബാബു

തിരുവനന്തപുരം: ഈ സ൪ക്കാറിൻെറ കാലത്ത് ബിവറേജസ് കോ൪പറേഷൻ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് മന്ത്രി കെ. ബാബു. എക്സൈസ് വകുപ്പിൻെറ ഗാന്ധിജയന്തി വാരാഘോഷവും ലഹരി ക്കെതിരായ ബോധവത്കരണവാരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ൪ക്കാ൪ വന്നശേഷം ഒരു ബിവറേജസ് ഔട്ട്ലെറ്റുകൾ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സ൪ക്കാ൪ 12 ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യു.ഡി.എഫ് സ൪ക്കാ൪ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മദ്യനിരോധം പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. മദ്യവിനിയോഗം നിയന്ത്രിക്കുന്നതിലൂടെ ഉപഭോഗം കുറക്കാനാണ് ശ്രമം. നിരോധത്തിലൂടെ മദ്യ ഉപഭോഗം നിയന്ത്രിക്കാൻ കഴിയില്ല എന്നത് മുൻകാലങ്ങളിൽ തെളിഞ്ഞതാണ്. കള്ളുഷാപ്പുകളും മദ്യശാലകളും പൂട്ടിയാൽ മദ്യത്തിൻെറ ഉപയോഗം ഇല്ലാതാകുമെന്നാണ് ചില൪ ധരിക്കുന്നത്. 36 കോടിയാണ് കള്ളുവിൽപനയിലൂടെ  അഞ്ച് വ൪ഷത്തിനിടെ സ൪ക്കാറിന് ലഭിച്ചിരുന്നത്. എന്നാൽ ഇന്നത് 20 കോടിയായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
മദ്യശാലകൾ അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടുള്ള ഓ൪ഡിനൻസ് ഉടൻ പുറത്തിറക്കും. ഡീഅഡിക്ഷൻ സെൻററുകൾക്ക് ധനസഹായം നൽകുന്ന കാര്യം ബിവറേജസ് കോ൪പറേഷൻെറ അടുത്ത ബോ൪ഡ് യോഗം തീരുമാനിക്കും.
മേയ൪ കെ. ചന്ദ്രിക അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര നടി ഷീല അവാ൪ഡുകൾ വിതരണം ചെയ്തു. മികച്ച സന്നദ്ധ സംഘടനക്കുള്ള അവാ൪ഡിന് വെള്ളനാട് കരുണാസായി ഡീഅഡിക്ഷൻ ആൻഡ് മെൻറൽ ഹെൽത്ത് റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ട് അ൪ഹമായി. മദ്യവിരുദ്ധ പ്രവ൪ത്തനങ്ങൾക്കുള്ള സന്നദ്ധ പ്രവ൪ത്തക൪ക്കുള്ള അവാ൪ഡ് കേരള വനിതാമദ്യനിരോധന സമിതി പ്രസിഡൻറ് കോഴിക്കോട് തലക്കുളത്തൂ൪ സ്വദേശിനി പ്രഫ. ഒ.ജെ. ചിന്നമ്മ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.