കുമളി: കേരളം നടുങ്ങിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഞായറാഴ്ച മൂന്നുവ൪ഷം തികയുന്നു. അധികൃതരുടെ അനാസ്ഥയിലും ലാഭക്കൊതിയിലും തേക്കടി തടാകത്തിലെ നിലയില്ലാ കയത്തിലേക്ക് ആഴ്ന്നുപോയി ജീവൻ നഷ്ടപ്പെട്ടത് 45 പേ൪ക്കാണ്.
2009 സെപ്റ്റംബ൪ 30 ന് വൈകുന്നേരം 5.05 നാണ് ദുരന്തമുണ്ടായത്. കെ.ടി.ഡി.സി പുതുതായി തടാകത്തിലിറക്കിയ ‘ജലകന്യക’യെന്ന ഇരുനില ബോട്ട് വിനോദസഞ്ചാരികളുമായി തടാകത്തിൽ സവാരി നടത്തുന്നതിനിടെ മണക്കവലയിൽ മറിയുകയായിരുന്നു.
നാടും നാട്ടാരും കൈയും മെയ്യും മറന്ന് നടത്തിയ രക്ഷാപ്രവ൪ത്തനത്തിനൊടുവിൽ നിരവധി വിനോദ സഞ്ചാരികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും 45 പേ൪ മരിച്ചു.
ദുരന്തം സംബന്ധിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണവും സ൪ക്കാ൪ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി. വൽസൻെറ നേതൃത്വത്തിൽ അന്വേഷണത്തിൻെറ ആദ്യഘട്ടം വേഗമേറിയതായിരുന്നു. ബോട്ടിലെ ജീവനക്കാ൪, ബോട്ട് നി൪മാണക്കമ്പനി ഉടമ, ബോട്ടിന് ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥൻ എന്നിങ്ങനെ പലരെയും അറസ്റ്റ് ചെയ്ത് അന്വേഷണം മുന്നേറിയെങ്കിലും ബോട്ട് വാങ്ങാൻ തീരുമാനിച്ചതും കരാറും സംബന്ധിച്ച കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി കേസന്വേഷണം സ൪ക്കാ൪ തന്നെ അട്ടിമറിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായി നടന്ന ജുഡീഷ്യൽ അന്വേഷണം റിട്ട. സെഷൻസ് ജഡ്ജി പി. മൊയ്തീൻ കുഞ്ഞ് പൂ൪ത്തിയാക്കി റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിച്ചെങ്കിലും കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടായില്ല.
ജലസ്ഥിരതയില്ലാത്ത രൂപകൽപ്പനയാണ് ജലകന്യകയെ വൻ ദുരന്തത്തിനിടയാക്കിയതെന്ന് കൊച്ചിൻ ‘കുസാറ്റി’ലെ സാങ്കേതിക വിഭാഗവും മറ്റ് സാങ്കേതിക വിദഗ്ധരും കണ്ടെത്തിയിരുന്നു. ഇരുനില ബോട്ടുകൾ ഒരിക്കൽ പോലും നി൪മിച്ചിട്ടില്ലാത്ത ചെന്നൈയിലെ കമ്പനിക്ക് കമീഷൻ തുക നോക്കി കരാ൪ നൽകിയ ഉന്നത൪, അന്വേഷണം നിലച്ചതോടെ രക്ഷപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ മറ്റ് നിയമ നടപടികളുമായി രംഗത്ത് വരാതിരുന്നതും തേക്കടി ബോട്ട് ദുരന്തം സംസ്ഥാനത്തെ മറ്റ് ദുരന്തങ്ങളെപ്പോലെ വിസ്മൃതിയുടെ ആഴക്കയങ്ങളിലേക്ക് താഴ്ന്നുപോകാനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.