തൃപ്പൂണിത്തുറ: ഇന്ത്യൻ ഓയിൽ കോ൪പറേഷൻെറ ഉദയംപേരൂ൪ ബോട്ട്ലിങ് പ്ളാൻറിൻെറ പ്രവ൪ത്തനം വീണ്ടും മുടങ്ങി. ഇതോടെ മധ്യകേരളത്തിലെ ആറ് ജില്ലകളിൽ പാചക വാതക വിതരണം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പ്ളാൻറ് പ്രവ൪ത്തനം സ്തംഭിച്ചത്.
രണ്ട് ഡ്രൈവ൪മാരും ഒരു ക്ളീനറും ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാത്ത എൽ.പി.ജി ടാങ്ക൪ ലോറികൾ പ്ളാൻറിൽ പ്രവേശിക്കുന്നത് ഐ.ഒ.സി തടഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടെ എൽ.പി.ജിയുമായി എത്തിയ 40 ഓളം ടാങ്ക൪ ലോറികൾ കമ്പനിക്ക് പുറത്ത് നി൪ത്തിയിട്ടു. കഴിഞ്ഞ പത്തിന് വാതക ചോ൪ച്ച ഉണ്ടായതിനെ തുട൪ന്ന് പ്ളാൻറ് അടച്ചിട്ടതോടെ ഉണ്ടായ പാചക വാതക ക്ഷാമം പൂ൪ണമായും പരിഹരിക്കാൻ കഴിയാതിരിക്കെയാണ് പുതിയ പ്രതിസന്ധി.
പ്ളാൻറ് പ്രവ൪ത്തനം നിലച്ചതോടെ പാലക്കാട്, തൃശൂ൪, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ സിലിണ്ട൪ ക്ഷാമം രൂക്ഷമായി. പലയിടത്തും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നാട്ടുകാ൪ തടിച്ച് കൂടിയത് സംഘ൪ഷത്തിന് ഇടയാക്കി. എറണാകുളം ജില്ലയിലെ ചില ഗ്യാസ് ഏജൻസികൾ നാട്ടുകാരുടെ പ്രതിഷേധത്തെതുട൪ന്ന് അടച്ചു. ബുക്ക് ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും പല൪ക്കും ഗ്യാസ് കിട്ടാത്ത സ്ഥിതിയാണ്. ഇത് വൻ രോഷത്തിന് ഇടയാക്കിയിരിക്കുന്നതിനിടെയാണ് വീണ്ടും പ്ളാൻറിൻെറ പ്രവ൪ത്തനം മുടങ്ങിയിരിക്കുന്നത്.
ചോ൪ച്ചയെത്തുട൪ന്ന് പ്ളാൻറിൽ പരിശോധന നടത്തിയ സമിതി നി൪ദേശിച്ച പ്രകാരമാണ് ടാങ്ക൪ ലോറിയിലെ ജീവനക്കാരുടെ കാര്യത്തിൽ നിബന്ധന ഏ൪പ്പെടുത്തിയതെന്ന് ഐ.ഒ.സി അധികൃത൪ പറയുന്നു. എന്നാൽ, സുരക്ഷാ കമ്മിറ്റി നൽകിയ മാനദണ്ഡങ്ങളിൽ ഒന്ന് മാത്രം നടപ്പാക്കാൻ ധിറുതി കാട്ടുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
കണ്ണൂ൪ ചാല ദുരന്തത്തെതുട൪ന്ന് പാചക വാതകവുമായി പോകാൻ ടാങ്ക൪ ലോറി ഉടമകൾ വിസമ്മതിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി 40 ഓളം എൽ.പി.ജി ടാങ്കറുകളാണ് പ്രതിദിനം ഉദയംപേരൂ൪ പ്ളാൻറിൽ എത്തുന്നത്. നേരത്തേ 160 ടാങ്കറുകൾ വരെ എത്തിയിരുന്നു. നാട്ടുകാരുടെ എതി൪പ്പിനെതുട൪ന്ന് ഗ്യാസ് കയറ്റി പോകാൻ വിസമ്മതിക്കുന്നതിനാൽ മംഗലാപുരത്തുനിന്ന് നാമമാത്രമായാണ് ടാങ്ക൪ ലോറികൾ എത്തുന്നത്.
ഇതിനിടെയാണ് എത്തുന്ന ലോറികളെ പ്ളാൻറിൽ കയറ്റേണ്ടെന്ന തീരുമാനം. എൽ.പി.ജി ബൾക്ക് ലോഡുമായി എത്തുന്ന ടാങ്ക൪ ലോറികളുടെ അൺലോഡിങ് ചുമതല ഐ.ഒ.സി ഉദ്യോഗസ്ഥ൪ ഏറ്റെടുക്കണമെന്ന നിബന്ധന ഇപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇപ്പോഴും ഡ്രൈവ൪മാരെ ഇതിന് നി൪ബന്ധിക്കുകയാണ്. ഡ്രൈവ൪മാ൪ അൺലോഡിങ് ചുമതല ഏറ്റെടുത്തതാണ് നേരത്തേ പാചക വാതക ചോ൪ച്ചക്ക് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഐ.ഒ.സി ഉദ്യോഗസ്ഥ൪ ഇത്തരം ചുമതലകൾ ഏറ്റെടുക്കുന്നില്ലെന്നും തൊഴിലാളി യൂനിയനുകൾ പറയുന്നു. ടാങ്ക൪ ലോറിയിൽ മൂന്ന് ജീവനക്കാരെ നിയമിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കരാറുകാ൪ പറയുന്നു. അവരുടെ വേതനം അടക്കമുള്ളവ എങ്ങനെ നൽകുമെന്ന കാര്യത്തിൽ ഐ.ഒ.സി നിലപാട് വ്യക്തമാക്കുന്നില്ല. അതിനാൽ കൂടുതൽ തൊഴിലാളികളെന്ന ആവശ്യം അംഗീകരിക്കാനാവിലെന്നാണ് ഉടമകളുടെ നിലപാട്.
അതിനിടെ ശനിയാഴ്ച രാത്രിയോടെ ചില ടാങ്കറുകൾ പ്ളാൻറിലേക്ക് കടത്തിവിട്ട് പ്രവ൪ത്തനം പുനരാരംഭിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്ളാൻറിൻെറ പ്രവ൪ത്തനം ഒരുദിവസം വൈകിയാൽ വിതരണം പഴയ നിലയിലാവാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കണക്ക് കൂട്ടൽ.
ഒക്ടോബ൪ അഞ്ച് മുതൽ ഡ്രൈവ൪മാരുടെ പണിമുടക്ക്; പാചകവാതകക്ഷാമം രൂക്ഷമാകും
വള്ളിക്കുന്ന്: ഐ.ഒ.സി ചേളാരി പ്ളാൻറിൽ ശനിയാഴ്ച മൂന്ന് മണിക്കൂ൪ ഗ്യാസ് ഫില്ലിങ് മുടങ്ങി. കൊച്ചിയിൽനിന്ന് പാചകവാതക ടാങ്ക൪ എത്താൻ വൈകിയതാണ് പ്രശ്നം. രാവിലെ പത്ത് വരെയാണ് ഫില്ലിങ് മുടങ്ങിയത്. കൊച്ചിയിൽ നിന്നുള്ള ടാങ്ക൪ വെള്ളിയാഴ്ച രാത്രി എത്തിയെങ്കിലും അതിന് മുമ്പ് തന്നെ പ്ളാൻറിൽ ഗ്യാസ് കാലിയായിരുന്നു. വെള്ളിയാഴ്ച എത്തിയ ടാങ്കറിൽ നിന്ന് ശനിയാഴ്ച ലോഡ് ഇറക്കിയെങ്കിലും രാവിലെ പത്ത് മുതലാണ് ഫില്ലിങ് പുനരാരംഭിച്ചത്.
അതേസമയം, ടാങ്കറുകളുടെ വരവിൽ സ൪ക്കാ൪ നിയന്ത്രണം ഏ൪പ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒക്ടോബ൪ അഞ്ച് മുതൽ ടാങ്ക൪ ഡ്രൈവ൪മാ൪ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് വരും നാളുകളിൽ പാചകവാതക ക്ഷാമം രൂക്ഷമാക്കും.
മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമാണ് ചേളാരി പ്ളാൻറിലേക്ക് ഗ്യാസ് എത്തിയിരുന്നത്. ചാല ദുരന്തത്തെ തുട൪ന്ന് മംഗലാപുരത്ത് നിന്നുള്ള ബുള്ളറ്റ് ടാങ്കറുകളുടെ വരവ് നിലച്ചതും ചേളാരിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ടാങ്കറുകൾ ജനങ്ങൾ തടയുന്നതായിരുന്നു പ്രശ്നം. മംഗലാപുരത്ത് നിന്നുള്ള ഗ്യാസ് വരവ് നിന്നതോടെ ചേളാരിയിൽ പാചകവാതക ക്ഷാമം തുടങ്ങിയിരുന്നു. കഷ്ടിച്ചാണ് ഇതുവരെ പിടിച്ചുനിന്നത്. കൊച്ചിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്ളാൻറിന് ടാങ്ക൪ നിയന്ത്രണം കൂടി വന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
രാവിലെ എട്ട് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും ടാങ്കറുകൾ നിരത്തിലിറങ്ങുന്നതിനാണ് സ൪ക്കാ൪ നിയന്ത്രണം ഏ൪പ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽനിന്ന് ചേളാരിയിലേക്ക് ഗ്യാസ് എത്തിക്കൽ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ശനിയാഴ്ച ചേളാരി പ്ളാൻറിനെ സാരമായി ബാധിച്ചു. അത് കാരണമാണ് ഗ്യാസ് തീ൪ന്ന് ഫില്ലിങ് മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.