ടി.പി. വധം: സി.ബി.ഐ അന്വേഷണം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുമെന്ന് നിയമോപദേശം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടേണ്ടെന്ന് നിയമോപദേശം. കേരളാപൊലീസിൻെറ അന്വേഷണം 95 ശതമാനത്തിലേറെ പൂ൪ത്തിയായതാണ്. കേസിലെ ഉന്നതബന്ധം സംബന്ധിച്ച കാര്യമാണ് സി.ബി.ഐയെ ഏൽപ്പിക്കാനുദ്ദേശിക്കുന്നത്. സി.ബി.ഐയെ ഏൽപ്പിക്കുകയാണെങ്കിൽ അത് കേരളാപൊലീസ് കുറ്റപത്രം സമ൪പ്പിച്ച കേസിൽ വിചാരണ വൈകാൻ കാരണമാകുമെന്നും അതിലൂടെ പ്രതികൾ രക്ഷപ്പെട്ടേക്കാമെന്നും സ൪ക്കാറിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാകുന്നു. ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷക൪ എന്നിവരാണ് സ൪ക്കാറിന് നിയമോപദേശം നൽകിയത്.
ഏത് കേസിൻെറയും അന്വേഷണം സി.ബി.ഐയോ, ദേശീയ അന്വേഷണ ഏജൻസിയേയോ (എൻ.ഐ.എ) കൊണ്ട് അന്വേഷിപ്പിക്കാനുള്ള അധികാരം മന്ത്രിസഭക്കുണ്ടെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയാൽ മതിയാകും. എന്നാൽ ടി.പി. വധക്കേസിൽ കേരളാപൊലീസ് അന്വേഷണം പൂ൪ത്തിയാക്കി 76 ഓളം പ്രതികൾക്കെതിരെ കുറ്റപത്രം സമ൪പ്പിച്ചുകഴിഞ്ഞു. ഇനി സി.ബി.ഐ അന്വേഷണത്തിലേക്ക് പോയാൽ സമ൪പ്പിക്കപ്പെട്ട കുറ്റപത്രം അപൂ൪ണമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയെ സമീപിച്ച് രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ടി.പി വധത്തിലെ ഗൂഢാലോചനയാണ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സ൪ക്കാ൪ ഉദ്ദേശിക്കുന്നത്. എന്നാൽ ഭാഗികമായ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നും നിയമജ്ഞ൪ ചൂണ്ടിക്കാട്ടുന്നു. മാറാട് കലാപക്കേസിൻെറ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തത് ഇതിന് ഉദാഹരണമാണ്. ആ സാഹചര്യത്തിൽ നിലവിലെ അന്വേഷണം പൂ൪ത്തിയാക്കി കേസിൻെറ തുട൪നടപടികളുമായി മുന്നോട്ട് പോകാനാണ് നിയമോപദേശം.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ രമയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.  അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ വിയോജിപ്പില്ലെന്ന് കേസന്വേഷിച്ച എ.ഡി.ജി.പി വിൻസൻ എം.പോളിൻെറ നേതൃത്വത്തിലുള്ള സംഘവും വ്യക്തമാക്കിയിരുന്നു. രമയുടെ ആവശ്യം ന്യായമാണെന്ന നിലയിലുള്ള പ്രതികരണം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനിൽ നിന്നുമുണ്ടായിരുന്നു. രമയുടെ ആവശ്യം അനുഭാവപൂ൪വം പരിഗണിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും പ്രതികരിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.