കോഴിക്കോട്: ‘‘അതു ശരി അപ്പ ഞാ ആരാണെന്നറിയണം അത്രല്ലേള്ളൂ.
ഒരു പാതിരാത്രിക്കൊരു മണിയറവാതിലിൽ മുട്ടിയപ്പോഴാണ്
ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.
ആരാണ് എന്തരാണ് നിനക്ക് വേണ്ടതെന്ന്
ഞാമ്പറഞ്ഞു
എനിക്കെൻെറ അമ്മയെ വേണമെന്ന് ഞാൻ പറഞ്ഞു.
അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.
അതോടെ തീ൪ന്നു കിട്ടി ഊരും പേരുമൊക്കെ’’
-‘രാജമാണിക്യം’ എന്ന സിനിമ കണ്ടവരുടെ മനസ്സിനുള്ളിൽ എന്നും തങ്ങി നിൽക്കുന്ന ഈ ഡയലോഗ് പിറന്നത് ടി.എ.ഷാഹിദിൻെറ രചനയിലാണ്. നഷ്ടപ്പെട്ട ഗൃഹാതുരതയുടെയും വാത്സല്യത്തിൻെറയും സാഹോദര്യത്തിൻെറയും ആത്മനൊമ്പരമാണ് ഇതിലൂടെ ഷാഹിദ് പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിച്ചത്.
എഴുതിത്തീ൪ത്തവയെല്ലാം വാണിജ്യചേരുവകൾ അടങ്ങിയ സിനിമകളായിരുന്നുവെങ്കിലും എല്ലാത്തിലുമടങ്ങിയത് കുടുംബബന്ധങ്ങളായിരുന്നു. നമുക്ക് ചുറ്റും കണ്ടുമുട്ടുന്ന കുടുംബ കാരണവരുടെയും സഹോദരൻെറയും ജീവിതകഥകളായിരുന്നു ബാലേട്ടനിലും മാമ്പഴക്കാലത്തിലും രാജമാണിക്യത്തിലുമെല്ലാം. കുടുംബപ്രേക്ഷക൪ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും അദ്ദേഹം പരീക്ഷിച്ചിരുന്നു. മതസൗഹാ൪ദവും മനുഷ്യത്വവും നന്മയുമെല്ലാം അദ്ദേഹത്തിൻെറ കഥകളുടെ ഭാഗമായിരുന്നു. ഇവയിൽ മിക്കവയും സിനിമാപ്രേമികളുടെ ഉളളിൽ തറച്ചു. അലിഭായിയിലൂടെ കോഴിക്കോടിൻെറ നന്മയും ജീവിച്ചിരിക്കുന്നതുമായ ഒരാളുടെ കഥയാണ് പറഞ്ഞത്.
കരൾ സംബന്ധമായ അസുഖത്തെ തുട൪ന്ന് പ്രതീക്ഷിക്കാതെയെത്തിയ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമ്പോഴും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിൻെറ പണിപ്പുരയിലായിരുന്നു ഷാഹിദ്. ഇതിന് തിരക്കഥയൊരുക്കുന്നത് എന്നും തനിക്ക് വഴിതെളിച്ചു തന്ന ജ്യേഷ്ഠൻ ടി.എ. റസാഖും. ജി.എസ്. വിജയൻെറ സഹായിയായി 1991ൽ സിനിമാലോകത്തെത്തിയ ഷാഹിദ് കോഴിക്കോട്ടെ സാംസ്കാരികപ്രവ൪ത്തനങ്ങളിലും സജീവമായിരുന്നു.
മന്ത്രി ഡോ. എം.കെ മുനീ൪, രഞ്ജിത്ത്, ഹരിശ്രീ അശോകൻ, ഷഹബാസ് അമൻ, അഗസ്റ്റിൻ, വിനീത്, സുധീഷ്, സുവീരൻ, കോഴിക്കോട് നാരായണൻ നായ൪ തുടങ്ങി സിനിമാരംഗത്തെ പ്രമുഖ൪ വീട്ടിലെത്തി അന്ത്യോപചാരമ൪പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.