എസ്.ഡി.പി.ഐ-ബി.ജെ.പി പിന്തുണയില്‍ ലീഗിന് പഞ്ചായത്ത് പ്രസിഡന്‍റ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ-ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിംലീഗ് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ വിനയ ഭാസ്കറിനെതിരെ ഏഴിനെതിരെ 12 വോട്ട് നേടിയാണ് ലീഗിലെ മുസ്രത്ത് ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ അഭിപ്രായഭിന്നത മൂലം പ്രസിഡന്‍റ് ഫാത്തിമത്ത് സുഹ്റ നേതൃ നിര്‍ദേശപ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് ലീഗിലെ മുസ്രത്ത് ജഹാനും ബി.ജെ.പിയിലെ വിനയ ഭാസ്കറുമാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി ജയശ്രീയെ മത്സരിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഗ്രാമസഭ ചേരുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയത് കണക്കിലെടുത്ത് ജയശ്രീയെ ഒഴിവാക്കി വിനയ ഭാസ്കറിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ യു.ഡി.എഫിന്‍െറ 10 അംഗങ്ങള്‍ക്ക് പുറമെ എസ്.ഡി.പി.ഐയിലെ ഏക അംഗം മൈമൂന, ബി.ജെ.പി അംഗം തുളസീദാസ് എന്നിവരുടെ വോട്ട് മുസ്രത്തിന് ലഭിച്ചു. സി.പി.എം-സി.പി.ഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 21 അംഗ പഞ്ചായത്തില്‍ ഒരു സ്വതന്ത്ര ഉള്‍പ്പെടെ ലീഗിന് ഒമ്പതും കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, സി.പി.എം, സി.പി.ഐ എന്നീ കക്ഷികള്‍ക്ക് ഓരോ അംഗങ്ങളും ബി.ജെ.പിക്ക് എട്ടുപേരുമാണ് നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.