ഐസ്ക്രീം കേസ് ഡയറി ഹാജരാക്കി; തുടര്‍വാദം 16ന്

കോഴിക്കോട്: ഐസ്ക്രീം പെൺവാണിഭ അട്ടിമറികേസിൽ കക്ഷിചേ൪ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹരജിയിൽ തുട൪വാദം കേൾക്കുന്നത് ഒക്ടോബ൪ 16ലേക്ക് മാറ്റി. അട്ടിമറി സംബന്ധിച്ച് മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ റഫ൪ റിപ്പോ൪ട്ട് ഒക്ടോബ൪ 15ന് പരിഗണിക്കും. ഉച്ചക്കുശേഷം പ്രോസിക്യൂഷൻെറയും വാദിഭാഗത്തിൻെറയും വാദംകേട്ടശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) പി.ടി. പ്രകാശൻ കേസ് 16ലേക്ക് മാറ്റിയത്.
കോടതി നി൪ദേശപ്രകാരം, റഫ൪ റിപ്പോ൪ട്ടിലെ മുഴുവൻ സാക്ഷിമൊഴികളും ഉൾപ്പെടുന്ന കേസ് ഡയറി പൊലീസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. പത്ത് വാല്യത്തിൽ ആറായിരത്തോളം പേജുള്ള കേസ് ഡയറി പരിശോധിച്ചശേഷം തുട൪നടപടി 15ലേക്ക് മാറ്റുകയായിരുന്നു.
കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോ൪ട്ട് പരിഗണിക്കുംമുമ്പ് തൻെറ വാദംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ നേരത്തേ കോടതിയിൽ നേരിട്ട് ഹാജരായി ഹരജി നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ഈ കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷൻെറയും വാദിഭാഗത്തിൻെറയും വാദം കേട്ടു. വി.എസിനെ ഒരു തരത്തിലും ബാധിക്കാത്ത കേസായതിനാൽ അദ്ദേഹത്തിന് കക്ഷിചേരാൻ ഒരവകാശവുമില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി അസി. സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ കെ. ശ്രീജ വാദിച്ചു. പൊതുതാൽപര്യമുള്ള കേസായതിനാൽ പ്രതിപക്ഷ നേതാവായ വി.എസിന് കക്ഷി ചേരാവുന്നതാണെന്നും ഹൈകോടതിയും സുപ്രീംകോടതിയും ഇത്തരം ഹരജികൾ മുമ്പ് അംഗീകരിച്ചിട്ടുണ്ടെന്നും വാദിഭാഗത്തിനുവേണ്ടി അഡ്വ. എൻ. ഭാസ്കരൻ നായ൪ വാദം ഉന്നയിച്ചു. തുട൪ന്നാണ് തുട൪ വാദം കേൾക്കുന്നത് 16ലേക്ക് മാറ്റിയത്.
ഐസ്ക്രീം പെൺവാണിഭകേസ് അട്ടിമറിച്ചതായി വ്യവസായി കെ.എ. റഊഫിൻെറ വെളിപ്പെടുത്തലിനെ തുട൪ന്നാണ് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തത്. അട്ടിമറി നടന്നതിന് മതിയായ തെളിവ് ലഭിച്ചില്ലെന്നും അതിനാൽ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണ സംഘാംഗം ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം കോടതിയിൽ റിപ്പോ൪ട്ട് നൽകിയത്. സാക്ഷി മൊഴികളിൽ വിശ്വാസ്യതയില്ലെന്ന പൊലീസ് റിപ്പോ൪ട്ട് കഴിഞ്ഞ ദിവസം കോടതി നിശിതമായി വിമ൪ശിച്ചിരുന്നു. സാക്ഷിമൊഴികളുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും മറിച്ച് കോടതിയാണെന്നും നിരീക്ഷിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നി൪ദേശം നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.