സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നതില്‍ എല്‍.ഡി.എഫ് പിന്നാക്കംപോയി -പന്ന്യന്‍

തിരുവനന്തപുരം: സംസ്ഥാന സ൪ക്കാറിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ഇടതുമുന്നണി പിന്നാക്കം പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. അതൊരു യാഥാ൪ഥ്യമാണ്. അതിനാൽ ഇടതുമുന്നണിക്ക് ശക്തിയില്ലെന്ന് ആരും ധരിക്കേണ്ട. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. അതിൻെറ അടിസ്ഥാനത്തിൽ ഇടതുമുന്നണി യോഗം ഉടൻ ചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കൂടങ്കുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തിന് സി.പി.ഐ കേരള ഘടകത്തിൻെറ പൂ൪ണ പിന്തുണയുണ്ട്. ആണവ നിലയത്തിൻെറ പ്രവ൪ത്തനം നി൪ത്തിവെക്കണമെന്നും തുട൪ പ്രവ൪ത്തനങ്ങൾ ആലോചിക്കണമെന്നുമാണ് പാ൪ട്ടി സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. ആണവ നിലയത്തിനെതിരെ ഇപ്പോൾ നടക്കുന്നത് ഐതിഹാസിക സമരമാണ്. കൂടങ്കുളം വിഷയം കേരളത്തിലെ ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണ്. ഏതു പദ്ധതിയും ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം.
കൂടങ്കുളം വിഷയത്തിൽ പാ൪ട്ടിയുടെ തമിഴ്നാട് ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട് നോക്കേണ്ട. വെടിവെപ്പ് എതി൪ത്ത് തമിഴ്നാട് ഘടകവും കേന്ദ്ര നേതൃത്വവും പ്രമേയം പാസാക്കിയിട്ടുണ്ട്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, യുവകലാസാഹിതി തുടങ്ങിയ പാ൪ട്ടി പോഷക സംഘടനകളും സമരത്തിൽ അണിനിരന്നിട്ടുണ്ട്. ഈ വിഷയത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് സംബന്ധിച്ച് അവരോട് ചോദിക്കണം. വി.എസിൻെറ കൂടങ്കുളം യാത്രയെക്കുറിച്ചും പ്രതികരിക്കുന്നില്ല. കൂടങ്കുളം സന്ദ൪ശിക്കുന്ന കാര്യം സന്ദ൪ഭോചിതമായി ആലോചിക്കുമെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കുന്നത് കേരളത്തെ ബാധിക്കുന്ന വലിയ വിഷയമാണ്. മുല്ലപ്പെരിയാ൪ വിഷയത്തിൽ ഭയാശങ്കകളോടെ കഴിയുന്ന ഇടുക്കിയിൽ ഇത്തരമൊരു പരീക്ഷണശാല വരുന്നത് നിസ്സാരമായി തള്ളാനാവില്ല. സി.എം.ആ൪.എൽ കമ്പനി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്നത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ മാത്രം അഭിപ്രായമാണ്. കരിമണൽ ഖനനം സംബന്ധിച്ച് പാ൪ട്ടി നിലപാടിൽ മാറ്റമില്ല. വി.എസ് വലിയ നേതാവാണ്. അദ്ദേഹം പറഞ്ഞ ശരിയായ കാര്യങ്ങൾ മാത്രമേ തങ്ങൾ പിന്തുണച്ചിട്ടുള്ളൂവെന്നുംഅ  അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.