നഗരകാര്യവകുപ്പില്‍ വ്യാപക സ്ഥലംമാറ്റമെന്ന് ആക്ഷേപം

തിരുവനന്തപുരം: നഗരകാര്യ വകുപ്പിൽ മാനദണ്ഡം ലംഘിച്ച് വ്യാപക സ്ഥലംമാറ്റമെന്ന് ആക്ഷേപമുയരുന്നു. സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്, വിരമിക്കാൻ ദിവസങ്ങളും മാസങ്ങളും മാത്രമുള്ളവരെയും വനിതകളെയും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. സ്ഥലംമാറ്റത്തിനെതിരെ കേരള മുനിസിപ്പൽ ആൻഡ് കോ൪പറേഷൻ സ്റ്റാഫ് യൂനിയൻ രംഗത്തെത്തി.
ഒരു സ്ഥലത്ത് നിയമിച്ചാൽ മൂന്നുവ൪ഷം കഴിഞ്ഞേ അടുത്ത സ്ഥലംമാറ്റം നടപ്പാക്കാറുള്ളെന്നിരിക്കെ നെയ്യാറ്റിൻകര നഗരസഭയിലെ സൂപ്രണ്ട് ജോൺ റോസിനെ നിയമിതനായി മൂന്ന് വ൪ഷം തികയുംമുമ്പ് സ്ഥലംമാറ്റി.
തിരുവനന്തപുരം നഗരസഭയിൽനിന്ന് സ്ഥലംമാറി വന്ന് ആറ് മാസം മാത്രമായ വിൻസെൻറ് എന്ന ജീവനക്കാരനെ നിയമിക്കാൻ വേണ്ടിയാണ് മാറ്റിയത്. വിരമിക്കുന്ന ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയിൽ നിയമിക്കുകയെന്ന തീരുമാനവും ലംഘിച്ചതായി ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം നഗരസഭയിൽ സൂപ്രണ്ട് ഒഴിവ് നിലനിൽക്കവേ അത് പരിഗണിക്കാതെ നവംബറിൽ വിരമിക്കുന്ന എൽ. ശൈലജ എന്ന ഉദ്യോഗസ്ഥയെ സ്ഥാനക്കയറ്റം നൽകി തിരുവല്ലയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മാനദണ്ഡം ലംഘിച്ച് തിരുവനന്തപുരം നഗരസഭയിലെ രാധാമണിയെ സൂപ്രണ്ടായി നഗരസഭയിൽ തന്നെ നിയമിച്ചെന്നും ആരോപണമുണ്ട്.
നവംബറിൽ  വിരമിക്കുന്ന വ൪ക്കല നഗരസഭയിലെ സോമരാജനെ റവന്യു ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകി തൊടുപുഴയിലും നിയമിച്ചു. വിരമിക്കാൻ ഒരു വ൪ഷം മാത്രം ബാക്കിയുള്ള നിലമ്പൂ൪ നഗരസഭയിലെ റവന്യു ഇൻസ്പെക്ട൪ വി.കെ. രാജൻ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് അപേക്ഷിച്ചിട്ടും അധികൃത൪ പരിഗണിച്ചിട്ടില്ല.
പുതിയ സ൪ക്കാ൪ അധികാരമേറ്റയുടൻ വ്യാപക സ്ഥലംമാറ്റം നടന്നത് ആക്ഷേപത്തിനിടയാക്കിയതിനെ തുട൪ന്ന് അന്ന് നഗരകാര്യ ചുമതല വഹിച്ചിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മാനദണ്ഡ പ്രകാരമേ സ്ഥലംമാറ്റം നടത്താവൂയെന്ന് നി൪ദേശിച്ചിരുന്നു. ഇത് ലംഘിച്ചതായാണ് ഇപ്പോൾ ആക്ഷേപമുയ൪ന്നത്.
അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി കെ. ജയദേവൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.