ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്സ് പി.എസ്.സി പരീക്ഷയില്‍ ക്രമക്കേടെന്ന്

കണ്ണൂ൪: പി.എസ്.സി നടത്തിയ ഹയ൪സെക്കൻഡറി ഇക്കണോമിക്സ് അധ്യാപക പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി ഉദ്യോഗാ൪ഥികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
ചോദ്യപേപ്പറുകളിൽ ഏറെ പിശകുകളാണ് ഉണ്ടായത്. ഗെസറ്റഡ് റാങ്കിലേക്ക് നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടും പി.എസ്.സി നിസ്സാരമായാണ് പ്രശ്നത്തെ കാണുന്നത്. പിശക് ചൂണ്ടിക്കാട്ടിയിട്ടും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താതിരിക്കുന്ന പി.എസ്.സിയുടെ നടപടി ആയിരക്കണക്കിന് ഉദ്യോഗാ൪ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. ഹയ൪സെക്കൻഡറി ഇക്കണോമിക്സ് -സീനിയ൪, ജൂനിയ൪, നോൺ-വൊക്കേഷനൽ അധ്യാപക തസ്തികയിലേക്ക് ജൂൺ 15ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പ൪ തയാറാക്കുന്നതിലാണ് പി.എസ്.സിക്ക് പിശക് പറ്റിയത്. 72ാമത്തെ ചോദ്യം കഴിഞ്ഞശേഷം 74ാമത്തെ ചോദ്യമാണുള്ളത്. 73ാം നമ്പ൪ ചോദ്യമില്ല. 77 നമ്പ൪ ചോദ്യം വീണ്ടും അതേ ക്രമനമ്പറിൽ വ്യത്യസ്ത ചോദ്യങ്ങളായുമുണ്ട്. തെറ്റ് ചോദ്യപേപ്പറിൻെറ അവസാന ഭാഗത്തായതുകൊണ്ട് പരീക്ഷ തീരാറായപ്പോഴാണ് പലരും ശ്രദ്ധിച്ചത്.
പരീക്ഷാ സെൻററിൽ 15 മിനിറ്റോളം ഇതേപ്പറ്റി ച൪ച്ച നടത്തിയിട്ടും ഇൻവിജിലേറ്റ൪മാ൪ക്ക് ഒരു മറുപടിയും നൽകാനുമായില്ല. 4,500ഓളം അപേക്ഷകരിൽ 115ഓളം പേ൪ക്കാണ് ഡി കോഡിലുള്ള ചോദ്യപേപ്പ൪ ലഭിച്ചത്. പി.എസ്.സി മെംബ൪മാരോട് ഇക്കാര്യം പിന്നീട് അറിയിച്ചപ്പോൾ 73 മുതൽ 77 വരെയുള്ള അഞ്ച് ചോദ്യങ്ങൾ റദ്ദുചെയ്യുമെന്ന മറുപടിയാണ് ലഭിച്ചത്. തീരുമാനം ഉദ്യോഗാ൪ഥികളെ ദോഷകരമായി ബാധിക്കും. പി.എസ്.സി പരീക്ഷയിൽ ചോദ്യപേപ്പ൪ ചോ൪ച്ചയും ചോദ്യം തയാറാക്കുമ്പോഴുണ്ടാകുന്ന ക്രമക്കേടും പതിവാകുകയാണ്. ഫെബ്രുവരി 16ന് നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നതായി മനസിലാക്കി പി.എസ്.സി തന്നെ പരീക്ഷ റദ്ദാക്കി ജൂൺ 15ന് വീണ്ടും നടത്തുകയായിരുന്നു. ദൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഗൈഡിലുള്ള 30ഓളം ചോദ്യങ്ങൾ അതിലെ തെറ്റുകൾ പോലും തിരുത്താതെയാണ് കോപ്പിയടിച്ചത്. ഉദ്യോഗാ൪ഥികൾ ഗൈഡിൻെറ ഫോട്ടോകോപ്പിയുമായി പി.എസ്.സിക്ക് പരാതി അയച്ചതിനെതുട൪ന്നാണ് ഫെബ്രുവരിയിലെ പരീക്ഷ റദ്ദാക്കിയത്. പരീക്ഷാ ക്രമക്കേടിനെയും ചോദ്യപേപ്പ൪ ചോ൪ച്ചയെയും പറ്റി പി.എസ്.സി അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കണം. കെ. സന്തോഷ്, പി. അനിത എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.