ടി.പി വധം: 59 പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍െറ പകര്‍പ്പ് നല്‍കി

വടകര: ടി.പി. ചന്ദ്രശേഖരൻ വധകേസിലെ 59 പ്രതികൾക്ക് കുറ്റപത്രത്തിൻെറ പക൪പ്പ് നൽകി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച ഹാജരായ പ്രതികൾക്കാണ് പക൪പ്പ് നൽകിയത്. റിമാൻഡിൽ കഴിയുന്ന 12 പ്രതികൾക്ക് ഈ മാസം അഞ്ചിന് കുറ്റപത്രം നൽകിയിരുന്നു. അഞ്ചു പ്രതികൾ കോടതിയിൽ ഹാജരായില്ല.
അതേസമയം, റിമാൻഡിൽ കഴിയുന്ന 13 പ്രതികളുടെ റിമാൻഡ് കാലാവധി ഒക്ടോബ൪ 26വരെ നീട്ടി. അന്നുതന്നെയാണ് കേസ് പരിഗണിക്കുന്നത്. ഈ ദിവസം കേസിലെ മുഴുവൻ പ്രതികളും ഹാജരാകണം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ , കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ പ്രസിഡൻറ് സരിൻ ശശി, കെ. മുഹമ്മദ് സാഹി൪, ടി.എം. രാഹുൽ എന്നിവരാണ് ബുധനാഴ്ച കോടതിയിൽ ഹാജരാകാതിരുന്നത്.
ചന്ദ്രശേഖരൻ വധകേസുമായി ബന്ധപ്പെട്ട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന 14ാം പ്രതി പി. മോഹനൻ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാലും 26ാം പ്രതി കാരായി രാജൻ മറ്റൊരു കേസിൽ കണ്ണൂ൪ സെൻട്രൽ ജയിലിലായതിനാലും 56ാം പ്രതി സരിൻ ശശി പിതാവിൻെറ അസുഖം കാരണം ആശുപത്രിയിലായതിനാലുമാണ് ഹാജരാകാതിരുന്നത്. 52ാം പ്രതിയായ കെ. മുഹമ്മദ് സാഹി൪ ജാമ്യത്തിലിറങ്ങിയശേഷം വിദേശത്ത് കടന്നു. 24ാം പ്രതികുന്നുമ്മക്കരയിലെ ടി.എം. രാഹുൽ പ്രതിപ്പട്ടികയിൽപെട്ടു എന്നറിഞ്ഞതോടെ പിടികൊടുക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
കാരായി രാജനെ അടുത്തമാസം മൂന്നിന് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിക്കും. നേരത്തേ ജാമ്യം ലഭിച്ച പ്രതികൾക്ക് ജാമ്യബോണ്ട് പുതുക്കിയശേഷം ബുധനാഴ്ച വീണ്ടും കോടതി ജാമ്യം അനുവദിച്ചു.
കൃത്യത്തിൽ പങ്കെടുത്ത ഏഴുപേരടക്കം 12 പ്രതികൾക്ക് നേരത്തേ നൽകിയ കുറ്റപത്രത്തിൽ അപൂ൪ണത ഉള്ളതായി പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുട൪ന്ന് ഒക്ടോബ൪ മൂന്നിന് പോരായ്മകൾ കോടതിയെ ബോധ്യപ്പെടുത്താമെന്ന് മജിസ്ട്രേറ്റ് എം. ശുഹൈബ് നി൪ദേശിച്ചു. ടി.പി വധത്തിൻെറ അന്വേഷണം ഇനിയും തുടരാനുണ്ടെന്ന അന്വേഷണസംഘത്തിൻെറ നിലപാട് സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ കെ. വിശ്വൻ, ടി. അശോക്കുമാ൪, വിനോദ് ചമ്പാടൻ, കെ. അജിത്ത്കുമാ൪ എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.