തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട് സമ൪പ്പിച്ച മൂന്ന് തുടരന്വേഷണ ഹരജികൾ സി.ബി.ഐ പ്രത്യേക കോടതി തള്ളി. സി.ബി.ഐ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി ഈ ഹരജികൾ അനുവദിച്ചാൽ വിചാരണ വൈകുമെന്ന് നിരീക്ഷിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ട് സിസ്റ്റ൪ അഭയയുടെ അച്ഛനമ്മമാരോ ബന്ധുക്കളോ കോടതിയെ സമീപിച്ചിട്ടില്ലെന്നത് അന്വേഷണത്തിൻെറ മികവാണെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണം അപൂ൪ണമാണെന്ന വാദവും കോടതി തള്ളി. അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലങ്ങളടങ്ങിയ വ൪ക്ബുക്ക് തിരുത്തിയെന്ന ആരോപണം സംബന്ധിച്ച് സി.ജെ.എം കോടതിയിൽ കേസുള്ളതിനാൽ അഭിപ്രായം രേഖപ്പെടുത്തുന്നത് ഉചിതമല്ല. തൊണ്ടിവകകൾ കോട്ടയം ആ൪.ഡി.ഒ ഓഫിസിൽ നശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദത്തിന് തെളിവില്ല. സാക്ഷിവിസ്താരത്തിനിടെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചാൽ ക്രിമിനൽ നടപടി ക്രമത്തിലെ 319ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ജഡ്ജി ടി.എസ്.പി. മൂസത് വിധിന്യായത്തിൽ പറയുന്നു.
അഭയയുടെ ദേഹത്ത് കണ്ടെത്തിയ മുറിവുകളും അന്വേഷണ ഉദ്യോഗസ്ഥരും കെമിക്കൽ എക്സാമിനേഴ്സ് ലാബ് ഉദ്യോഗസ്ഥരും നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന ആവശ്യങ്ങളാണ് കോടതി തള്ളിയത്. മനുഷ്യാവകാശ പ്രവ൪ത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ, അഡ്വ. പി. നാഗരാജ്, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് തുടരന്വേഷണ ഹരജികൾ സമ൪പ്പിച്ചത്. തുടരന്വേഷണ ഹരജികൾക്കെതിരെ സി.ബി.ഐ സ്വീകരിച്ച നിലപാടിനോട് പൂ൪ണമായി യോജിച്ച കോടതി കേസിലെ വിചാരണ നടപടികളിലേക്ക് നീങ്ങുന്നതായുള്ള സൂചനയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.