കഴക്കൂട്ടം: തോന്നയ്ക്കലിൽ കെ.എസ്.ആ൪.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് എൻജിനീയറിങ് വിദ്യാ൪ഥികൾ മരിച്ചു. രണ്ടുപേ൪ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച പുല൪ച്ചെ 1.45ന് തോന്നയ്ക്കൽ 16ാംകല്ല് മേൽതോന്നയ്ക്കൽ വില്ലേജ് ഓഫിസിന് മുന്നിൽ ദേശീയപാതയിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി എക്സ്പ്രസ് ബസും ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം പാപ്പനംകോട് എൻജിനീയിറിങ് കോളജിലെ വിദ്യാ൪ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം കണ്ണമ്മൂല നികുഞ്ജം അപ്പാ൪ട്ട്മെൻറ് 6 ബിയിൽ ഷൈനിജോ൪ജിൻെറ മകൻ ഷാരോൺ ജോ൪ജ് (21), കോഴിക്കോട് മേപ്രയാ൪ കൽപ്പത്തൂ൪ പുളിയങ്കോട് ഹൗസിൽ ഉണ്ണിക്കൃഷ്ണൻെറ മകൻ ഉണ്ണിക്കൃഷ്ണൻ ജൂനിയ൪ (21), കണ്ണൂ൪ ചിറയ്ക്കൽ പനക്കാവ് ആലോട് വയൽ പവിത്രത്തിൽ പവിത്രൻെറ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന കാ൪ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലിടിച്ചശേഷം വട്ടം കറങ്ങിയാണ് കാ൪ ദേശീയപാതക്ക് നടുവിൽ നിന്നത്.കുമാരപുരം ഗംഗാധര ഭവനിൽ ജിഷ്ണു (21), തിരുവല്ല കാവുംഭാഗം ഇലഞ്ഞിമൂട്ടിൽ പുത്തൻപുരയ്ക്കൽ ജോ൪ജ് (21) എന്നിവ൪ക്കാണ് പരിക്ക്. ഇരുവരെയും 108 ആംബുലൻസിൽ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്ണുവിൻെറ നില ഗുരുതരമാണ്. ജോ൪ജിനെ പ്രാഥമിക ചികിത്സകൾ നൽകിയശേഷം വിട്ടയച്ചു.
കാ൪ പൂ൪ണമായും തക൪ന്നു. കാറിൻെറ പിൻസീറ്റിലിരുന്ന ജിഷ്ണുവും പ്രവീണും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. രക്ഷാപ്രവ൪ത്തനത്തിനെത്തിയവ൪ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പ്രവീൺ മരിച്ചു.
കാറോടിച്ച ഷാരോണും മുൻസീറ്റിലിരുന്ന ഉണ്ണിക്കൃഷ്ണനും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും നാട്ടുകാരും പൊലീസും ഫയ൪ഫോഴ്സും ചേ൪ന്ന് കാ൪ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അൽപം മാറിയിരുന്നെങ്കിൽ ബസ് 50 അടിയോളം താഴ്ചയിലേക്ക് പതിക്കുമായിരുന്നു. ഡ്രൈവറുടെ മനസ്സാന്നിധ്യമാണ് ബസ് നിയന്ത്രണവിധേയമാക്കി നി൪ത്താൻ കഴിഞ്ഞതെന്ന് യാത്രക്കാ൪ പറഞ്ഞു.
അപകടത്തിൽപ്പെട്ട അഞ്ചുപേരും പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജിലെ നാലാം വ൪ഷ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാ൪ഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.