ഫോറന്‍സിക് പരിശോധന തുടങ്ങി

കണ്ണൂ൪: ഇരുപത് പേരുടെ മരണത്തിനിടയാക്കിയ ചാല ടാങ്ക൪ ദുരന്തസ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന തുടങ്ങി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ്ലാബിലെ എക്സ്പ്ളൊസീവ് വിഭാഗം അസി. ഡയറക്ട൪ അജിത് കുമാ൪, ഫിസിക്സ് വിഭാഗം അസി. ഡയറക്ട൪ ആര്യ, കണ്ണൂ൪ മേഖലാ ഫോറൻസിക് സയൻസ് ലാബ് അസി. ഡയറക്ട൪ പി. സച്ചിദാനന്ദൻ, കണ്ണൂരിലെ ഫോറൻസിക് വിദഗ്ധൻ ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
കണ്ണൂ൪ മേഖലാ ഫോറൻസിക് ലാബിലെ വിദഗ്ധ൪ നേരത്തേ പരിശോധന നടത്തിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും അപകടത്തിൻെറ വിശദാംശങ്ങൾ തയാറാക്കുന്നതിനുമാണ് വീണ്ടും പരിശോധന നടന്നത്. ടാങ്ക൪ ദുരന്തം പുനരാവിഷ്കരിച്ചുള്ള പരിശോധന അടുത്ത ദിവസം നടത്തും. ടാങ്ക൪ ഏതു വിധത്തിലാണ് മറിഞ്ഞിരിക്കാൻ സാധ്യതയെന്നു കണ്ടെത്തുന്നതിനായി ട്രയൽ പരിശോധനയും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു ടാങ്ക൪ ലോറി സജ്ജമാക്കാനും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും കണ്ണൂ൪ പൊലീസ് ചീഫിനെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ടാങ്ക൪ ലോറി അപകടത്തിൽ പെട്ടതെങ്ങനെ, ഗ്യാസ് ചോ൪ന്നത് എപ്രകാരം, ഇതിനു കാരണം, തീപട൪ന്നപ്പോൾ എത്രമാത്രം ടാങ്ക൪ പൊട്ടിത്തെറിച്ചു, തീ പട൪ന്നതെങ്ങനെ, എവിടെയൊക്കെ തീ വ്യാപിച്ചു തുടങ്ങിയവയാണ് പരിശോധനയിൽ പ്രധാനമായും അന്വേഷിക്കുന്നത്.
ടാങ്കറിൻെറ ലോഹഭാഗങ്ങളുടെ ഘടനയും താപ-മ൪ദ വ്യത്യാസങ്ങളുടെ നിരക്കും കൃത്യമായി ഫിസിക്സ് പരിശോധനക്ക് വിധേയമാക്കും. സംഭവസ്ഥലത്തുനിന്ന് സാമ്പിളുകളും ഫോറൻസിക് സംഘം ശേഖരിക്കും. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടു വരെ തുട൪ന്നു. പരിസരവാസികളിൽനിന്ന് സംഘം വിവരങ്ങൾ ആരാഞ്ഞു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനക്കു ശേഷം വിശദമായ റിപ്പോ൪ട്ട് കേടതിയിൽ സമ൪പ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.