മനുഷ്യനോട് മര്യാദ കാണിക്കാത്ത വികസനം വേണ്ട -ബിഷപ് ഇഞ്ചനാനിയില്‍

കോഴിക്കോട്: മനുഷ്യജീവനോട് മര്യാദ കാണിക്കാത്ത ഒരു വികസനവും നമുക്ക് വേണ്ടെന്ന് താമരശ്ശേരി ബിഷപ്  റെമീജിയൂസ് ഇഞ്ചനാനിയിൽ. ജാതിമത സംഘടനാ ചിന്തകൾ മാറ്റിവെച്ച് അവകാശങ്ങൾ നേടിയെടുക്കാൻ ക൪ഷക സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.നാളികേര വിലത്തക൪ച്ചക്കെതിരെ ഇൻഫാം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയോര ക൪ഷക൪ നടത്തിയ കലക്ടറേറ്റ് മാ൪ച്ച് സിവിൽ സ്റ്റേഷനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് 21ന് സ൪ക്കാ൪ ജീവനക്കാ൪ ഒന്നടങ്കം പണിമുടക്കി. സമരം നടത്തിയാലുടൻ അവരുടെ അവകാശങ്ങൾ നടപ്പാക്കാൻ സ൪ക്കാറുകൾ തയാറാവുന്നു. ഇത്തരം സൗകര്യങ്ങൾ നാടിനെ തീറ്റിപ്പോറ്റുന്ന ക൪ഷക൪ക്കും ലഭിക്കണം. ക൪ഷക൪ക്കുണ്ടായ ജപ്തിഭീഷണിയിൽ നമ്മൾ ഇടപെട്ടപ്പോൾ പരിഹാരമുണ്ടായി. പാലിന് വില കുറഞ്ഞപ്പോൾ നാം സമരം ചെയ്തു. അവിടെയും പരിഹാരമുണ്ടായി. നാളികേര വിലത്തക൪ച്ചയും വന്യജീവികളുടെ ആക്രമണവും മൂലം ക൪ഷക൪ വൻ സാമ്പത്തിക തക൪ച്ചയിലാണ്. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെക്കാമെന്ന സ൪ക്കാ൪ ഉത്തരവ് ധീരതയോടെ നാം നടപ്പാക്കണം. വിള നശിപ്പിക്കുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ നമുക്ക് അവകാശമുണ്ട്. ഇല്ലെങ്കിൽ വിളകൾക്ക് സ൪ക്കാ൪ സംരക്ഷണം നൽകണം. ഒരു പന്നിയെ വെടിവെച്ചാൽ ഉടനെ മൊബൈൽ ഫോണിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുന്ന കൂട്ടായ്മ നമുക്ക് വേണ്ട.
ജീവിക്കാനായി ജീവന്മരണ പോരാട്ടം നടത്തുന്ന കൂടങ്കുളത്തെ പ്രക്ഷോഭക൪ക്ക് ഈ മാ൪ച്ച് പൂ൪ണ പിന്തുണ പ്രഖ്യാപിക്കുന്നു. വികസനത്തിൻെറ പേരുപറഞ്ഞ് ചെറുകിട ക൪ഷകരെ കുടിയൊഴിപ്പിക്കുന്നത് സ൪ക്കാ൪ നി൪ത്തിവെക്കണം. നാളികേരത്തിൻെറ താങ്ങുവില 5000 രൂപയെങ്കിലുമാക്കി വ൪ധിപ്പിക്കണം. കേരക൪ഷകരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഉടൻ ഇടപെടണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം നൽകും -ബിഷപ്പ് വ്യക്തമാക്കി.
രൂക്ഷമായ വന്യമൃഗ ശല്യം സ൪ക്കാ൪ ഒഴിവാക്കിത്തന്നാൽ കേരളത്തിന് ആവശ്യമായ പച്ചക്കറി തങ്ങൾ ഉൽപാദിപ്പിച്ചുതരാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ഡോ. ആൻറണി കൊഴുവനാൽ പറഞ്ഞു. പാമോയിൽ ഇറക്കുമതി നി൪ത്തലാക്കി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാൻ സ൪ക്കാ൪ അടിയന്തരമായി ഇടപെടണം. നാളികേരമൊന്നിന് 20 രൂപ ലഭിക്കത്തക്കവിധം താങ്ങുവില വ൪ധിപ്പിക്കണം. ഇനിയും സ൪ക്കാ൪ കണ്ണുതുറക്കാൻ തയാറായില്ലെങ്കിൽ ഒരു മാസത്തിനകം ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും-അദ്ദേഹം മുന്നറിയിപ്പ് നൽകി.
എം.കെ. രാഘവൻ എം.പി, ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതി ചെയ൪മാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ. തോമസ് നാഗപറമ്പിൽ, കേളപ്പൻ മാസ്റ്റ൪, സമരസമിതി സെക്രട്ടറി ഒ.ഡി. തോമസ്, അഹമ്മദ് കുട്ടി മുൻഷി, ബേബി പെരുമാലിൽ, അഡ്വ. ജിമ്മി ജോ൪ജ്, പ്രഫ. ചാ൪ളി കട്ടക്കയം എന്നിവ൪ സംസാരിച്ചു.
നാളികേര വിലയിടിവിന് പരിഹാരം കാണുക, മാധവ് ഗാഡ്ഗിൽ റിപ്പോ൪ട്ടിലെ ക൪ഷകദ്രോഹ നി൪ദേശങ്ങൾ തള്ളുക, വന്യമൃഗ ശല്യത്തിൽനിന്നു ക൪ഷകരുടെ  ജീവനും കൃഷിക്കും സംരക്ഷണം നൽകുക, കൃഷി ഭൂമിയിലെ എല്ലാ കടന്നാക്രമണങ്ങളും ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാ൪ച്ച്. എരഞ്ഞിപ്പാലം ബൈപാസിൽനിന്ന് ആരംഭിച്ച മാ൪ച്ചിൽ താമരശ്ശേരി രൂപതക്ക് കീഴിലെ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ഇടവകകളിൽനിന്നായി സ്ത്രീകളും കുട്ടികളും വൈദികരും കന്യാസ്ത്രീകളും ക൪ഷകരുമടക്കം ആയിരങ്ങൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.