തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്താത്തതിനെതിരെ ജീവനക്കാരുടെ സൂചനാപണിമുടക്ക്. ദക്ഷിണ റെയിൽവേക്ക് കീഴിലെ പ്രധാന സ്റ്റേഷനുകളിലെ മസ്ദൂ൪ ജീവനക്കാരാണ് സൂചനാപണിമുടക്ക് നടത്തിയും നിന്ന് ടിക്കറ്റ് വിതരണംചെയ്തും പ്രതിഷേധിച്ചത്. തിരക്കേറിയ രാവിലെ നടന്ന പ്രതിഷേധത്തിൽ യാത്രക്കാ൪ കുരുക്കിലായി.
തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനമായ സെൻട്രൽ സ്റ്റേഷനിൽ 20 വ൪ഷം മുമ്പ് സ്ഥാപിച്ച എഴ് ടിക്കറ്റ് കൗണ്ടറുകളാണ് ഇന്നുമുള്ളത്. വ൪ഷങ്ങൾക്ക് മുമ്പ് ഓടിയിരുന്നതിൻെറ ഇരട്ടി ട്രെയിനുകൾ തിരുവനന്തപുരം കടന്നുപോകുന്നുണ്ടെങ്കിലും കൗണ്ടറുകൾ വ൪ധിപ്പിച്ചിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഏഴ് കൗണ്ടറുകളിൽ മിക്കതും പലപ്പോഴും പ്രവ൪ത്തിക്കാറുമില്ല.
ഒരു ജീവനക്കാരൻതന്നെ ഒരു ദിവസം രണ്ട് ഡ്യൂട്ടിവരെ ചെയ്യേണ്ട സാഹചര്യവുമുണ്ട്. ടിക്കറ്റ് പ്രിൻററിലെ മഷി തീ൪ന്നാൽ സ്വന്തം പണം ഉപയോഗിച്ച് വാങ്ങേണ്ട സ്ഥിതിയാണ്.
മിക്ക ടിക്കറ്റ് കൗണ്ടറുകളിലും ആവശ്യത്തിന് ഫ൪ണിച്ചറില്ല. ഉള്ളതിൽ പലതും കാലപ്പഴക്കം വന്ന് ഉപയോഗശൂന്യമാണെന്നും ജീവനക്കാ൪ ചൂണ്ടിക്കാട്ടി. ദക്ഷിണ റെയിൽവേ മസ്ദൂ൪ യൂനിയൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡിവിഷൻ സ്രെക്രട്ടറി ഗോപകുമാ൪ ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.