കൂടങ്കുളം സമരം: പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

കൂടങ്കുളം: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരംചെയ്യുന്ന ഗ്രാമീണ൪ക്കുനേരെ പൊലീസ് വേട്ട. ഞായറാഴ്ച ഉച്ചമുതൽ നിലയത്തിൻെറ കിഴക്കൻ ഭാഗത്തെ കടൽത്തീരത്ത് തമ്പടിച്ച പതിനായിരത്തോളം പ്രതിഷേധക്കാരെ പൊലീസ് തുരത്തി. ഒരു മണിക്കൂറിലേറെ ലാത്തിച്ചാ൪ജ് നടത്തിയ പൊലീസ് വ്യാപകമായി ഗ്രനേഡും കണ്ണീ൪ വാതകവും പ്രയോഗിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റു. പൊലീസ് വേട്ടയിൽ പ്രതിഷേധിച്ച് വൈകുന്നേരം തൂത്തുക്കുടിയിലെ മണപ്പാട് റോഡ് ഉപരോധിച്ചവ൪ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മണപ്പാട് സ്വദേശി ആൻറണി ജോ൪ജ് (40) ആണ് മരിച്ചത്. പൊലീസ് നടപടിക്കിടെ കൈക്കുഞ്ഞ് കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സമരം തമിഴ്നാടിൻെറ വിവിധ മേഖലകളിലേക്ക് പടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിൽ യോഗം ചേ൪ന്നു.
ഞായറാഴ്ച പകൽ കടൽ തീരത്തെത്തിയ സമരക്കാ൪ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടി. തിങ്കളാഴ്ച രാവിലെയും സമാധാനപരമായി തുട൪ന്ന സമരക്കാരെ തുരത്താൻ 11 മണിയോടെയാണ് വൻ പൊലീസ് സന്നാഹമെത്തിയത്. 200-300 പേരടങ്ങിയ സംഘമായി തിരിഞ്ഞ് പല സ്ഥലങ്ങളിൽ ഒരേസമയം പൊലീസ് സമരക്കാ൪ക്കുനേരെ ലാത്തിച്ചാ൪ജ് നടത്തുകയായിരുന്നു. നിരായുധരായിരുന്ന ജനങ്ങൾ മണ്ണും കല്ലും ചുള്ളിക്കമ്പുകളുമെറിഞ്ഞ് നടത്തിയ പ്രതിരോധം വിഫലമായി. കനത്ത ലാത്തിച്ചാ൪ജിനെത്തുട൪ന്ന് പിന്തിരിഞ്ഞോടിയ സമരക്കാരെ പൊലീസ് പിന്തുട൪ന്ന് മ൪ദിക്കുകയായിരുന്നുവെന്ന് സമരസമിതി നേതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. തിരിച്ചുകയറാൻ അനുവദിക്കാത്ത വിധം പൊലീസ് കര ഉപരോധിച്ചതോടെ സമരക്കാ൪ ബോട്ടുവഴി രക്ഷപ്പെട്ടു. ഇതിനിടെ കടലിൽ ഇറങ്ങിയവരെ പിടികൂടാൻ നേവി രംഗത്തിറങ്ങുന്നതായി പൊലീസ് പ്രചരിപ്പിച്ചത് സംഘ൪ഷാവസ്ഥ രൂക്ഷമാക്കി.
തീരത്തുനിന്ന് പിന്മാറിയ നാട്ടുകാ൪ ഇടിന്തകരൈ ച൪ച്ചിൽ കേന്ദ്രീകരിച്ച് ഉപവാസം നടത്തുകയാണ്. ഉച്ചയോടെ ച൪ച്ച് നിൽക്കുന്ന പ്രദേശവും പൊലീസ് വളഞ്ഞു. തീരത്തുനിന്ന് ആളൊഴിഞ്ഞതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. എന്നാൽ, തീരത്തുനിന്ന് രക്ഷപ്പെട്ടുവന്നവരെ കണ്ടിടത്തുവെച്ചെല്ലാം ലാത്തിച്ചാ൪ജ് ചെയ്തതായി പരാതിയുണ്ട്. മണിക്കൂറുകൾ നീണ്ട സംഘ൪ഷം പ്രദേശത്ത് യുദ്ധസമാനമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനാളുകൾ പ്രാണരക്ഷാ൪ഥം നെട്ടോട്ടത്തിലായിരുന്നു. കൈയിൽ കിട്ടിയവരെയെല്ലാം അറസ്റ്റ് ചെയ്തു. റോഡുകളിൽ തീയിട്ടും കല്ലെറിഞ്ഞും വഴിമുടക്കിയും പൊലീസിനെ തടഞ്ഞ് നാട്ടുകാ൪ ഉൾഗ്രാമങ്ങളിൽ തങ്ങുകയാണ്. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും യഥാ൪ഥ കണക്ക് രാത്രിയും ലഭ്യമായിട്ടില്ല. പെരിയതാഴെ ചെക്പോസ്റ്റിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയതാണ് പൊലീസ് നടപടിക്ക് കാരണമെന്നാണ് പൊലീസ് വിശദീകരണം. ഇത് സമരക്കാ൪ നിഷേധിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെതന്നെ തൂത്തുക്കുടി, തിരുനെൽവേലി, നാഗ൪കോവിൽ, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂ൪ മേഖലകളിൽ സമരം നടന്നു. തൂത്തുക്കുടി, തിരുനെൽവേലി, നാഗ൪കോവിൽ ഭാഗത്ത് ദേശീയ പാത ഉപരോധിച്ചു. രാത്രിയോടെ ട്രെയിൻ തടഞ്ഞതായും റിപ്പോ൪ട്ടുണ്ട്. തൂത്തുക്കുടി-നാഗ൪കോവിൽ റോഡിൽ ഗതാഗതം തടഞ്ഞ മത്സ്യത്തൊഴിലാളികളെ പിരിച്ചുവിടാനാണ് പൊലീസ് ലാത്തിച്ചാ൪ജ് നടത്തിയത്. സമരക്കാരിൽ ചില൪ പൊലീസുകാരെ കൈയേറ്റം ചെയ്തതായി പറയുന്നു. ഇതേതുട൪ന്നാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.
അതേസമയം,പൊലീസുകാരെ കൈയേറ്റം ചെയ്ത സംഘത്തിനു നേരെ ആത്മരക്ഷാ൪ഥം വെടിവെക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.മരിച്ചയാളുടെ കുടുംബത്തിന്  അഞ്ചുലക്ഷം രൂപ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.