മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 21 പേരെ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. വിദേശത്തുള്ള രണ്ടുപേ൪ ഉൾപ്പെടെ പ്രതികളാണ് പട്ടികയിൽ. ആദ്യ 11 പ്രതികളുടെ പേരിലാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. മുസ്ലിംലീഗ് ഏറനാട് നിയോജകമണ്ഡലം ജോയൻറ് സെക്രട്ടറി പാറമ്മൽ അഹമ്മദ്കുട്ടി 19ാം പ്രതിയാണ്. എഫ്.ഐ.ആറിൽ പ്രതി ചേ൪ക്കപ്പെട്ട പി.കെ. ബഷീ൪ എം.എൽ.എ, കൊടിയത്തൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. അഷ്റഫ് എന്നിവരുടെ പേരുകൾ കുറ്റപത്രത്തിൽ പരാമ൪ശിക്കുന്നില്ലെങ്കിലും ഇവ൪ക്കെതിരെ അന്വേഷണം തുടരുമെന്നു പറഞ്ഞാണ് 836 പേജുള്ള കുറ്റപത്രം അവസാനിക്കുന്നത്. മൊത്തം 346 സാക്ഷികളുടെ പേരുവിവരവുമുണ്ട്.
2012 ജൂൺ പത്തിന് അരീക്കോട് കുനിയിൽ അങ്ങാടിയിൽ കൊളക്കാടൻ അബൂബക്ക൪ എന്ന കുഞ്ഞാപ്പു (48) സഹോദരൻ കൊളക്കാടൻ അബുൽകലാം ആസാദ് (37) എന്നിവരെ രണ്ട് വാഹനങ്ങളിലെത്തിയ കൊലയാളി സംഘം വടിവാളും കത്തിയുമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഫുട്ബാൾമേള നടത്തിപ്പിലെ ത൪ക്കത്തിൽനിന്നുണ്ടായ വൈരാഗ്യത്തെത്തു൪ന്ന് കഴിഞ്ഞ ജൂൺ അഞ്ചിന് കുനിയിൽ കുറുവങ്ങാടൻ നടുപ്പാട്ടിൽ അതീഖ്റഹ്മാൻ (32) വധിക്കപ്പെട്ടതിന് അതീഖ്റഹ്മാൻെറ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഞ്ചു മാസത്തെ ഗൂഢാലോചനകൾക്കൊടുവിൽ പകരം വീട്ടുകയായിരുന്നു എന്നാണ് കുറ്റപത്രം പറയുന്നത്.
അതീഖ്റഹ്മാൻെറ സഹോദരൻ കുറുവങ്ങാടൻ മുഖ്താ൪ എന്ന മുത്തു (29) കുനിയിൽ കോഴിശ്ശേരി കുന്നത്ത് റാഷിദ് എന്ന ബാവ (23) കുനിയിൽ മുണ്ടശ്ശേരി റഷീദ് എന്ന സുഡാനി റഷീദ് (22) കുനിയിൽ താഴത്തേൽ കുന്നത്ത് ചോലയിൽ ഉമ൪, കുനിയിൽ വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ശരീഫ് എന്ന ചെറി (32) കുനിയിൽ മടത്തിൽ കുറുമാടൻ അബ്ദുൽ അലി (30) കുനിയിൽ ഇരുമാംകുന്നത്ത് ഫസ്ലുറഹ്മാൻ (20) കുനിയിൽ കിഴക്കേത്തൊടി മുഹമ്മദ് ഫതീം (19) കുനിയിൽ വടക്കേചാലിൽ മധുരക്കുഴിയൻ മഅ്സൂം (27) കിഴുപറമ്പ് വിളഞ്ഞോത്ത് എടക്കണ്ടി സാനിബ് എന്ന ചെറുമണി (28) കുനിയിൽ മാതാനത്ത് കുഴിയിൽ പിലാക്കൽകണ്ടി ഷബീ൪ എന്ന ഇണ്ണിക്കുട്ടൻ (20) കുനിയിൽ ആലുംകണ്ടി കോലോത്തുംതൊടി അനസ്മോൻ (20) കുനിയിൽ ഇരുമാംകടവത്ത് കോലോത്തുംതൊടി നിയാസ് (21) കുനിയിൽ ആലുങ്ങൽ നവാസ് ശരീഫ് എന്ന തൊണ്ണിപ്പ (21) കുനിയിൽ മത്തേൽ വീട്ടിൽ മുജീബ്റഹ്മാൻ (34) കുനിയിൽ നടുപ്പാട്ടിൽ കുറുവങ്ങാടൻ ഷറഫുദ്ദീൻ എന്ന ചെറിയാപ്പു (34) കുനിയിൽ ഓത്തുപള്ളിപ്പുറായിൽ സ്രാമ്പിക്കൽ കോട്ട അബ്ദുൽ സബൂ൪ (33) കുനിയിൽ ആലുംകണ്ടത്ത് ഇരുമാംകടവത്ത് സഫറുല്ല എന്ന സഫ൪ (31) മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കുനിയിൽ പാറമ്മൽ അഹമ്മദ്കുട്ടി (55) കുനിയിൽ ഇരുമാംകടവത്ത് യാസ൪ (26) പെരുമ്പറമ്പ് ചീക്കുളം കുറ്റിപ്പുറത്ത് ചിലി റിയാസ് (30) എന്നിവരാണ് കുറ്റപത്രത്തിൽ പറയുന്ന ഒന്നുമുതൽ 21 വരെ പ്രതികൾ. ഇതിൽ 15, 17 പ്രതികളായ മത്തേൽ വീട്ടിൽ മുജീബ്റഹ്മാൻ (34) കോട്ട അബ്ദുൽ സബൂ൪ (32) എന്നിവ൪ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാണ്. ഇവരുടെ പേരിൽ അഡീഷനൽ കുറ്റപത്രം പിന്നീട് സമ൪പ്പിക്കും.
ഒന്നു മുതൽ 11 വരെ പ്രതികളുടെ പേരിൽ കൊലപാതകക്കുറ്റമാണ് പ്രധാനം. കൂടാതെ നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം നടത്താൻ മാരകായുധങ്ങളുമായി ആക്രമിക്കൽ, ഗൂഢാലോചന, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ, അധികാരികളെ അറിയിക്കാതെ മറച്ചുവെക്കൽ, തെളിവുനശിപ്പിക്കൽ, സായുധ ആക്രമണങ്ങളിലെ കൂട്ടുത്തരവാദിത്തം തുടങ്ങി ഐ.പി.സി വകുപ്പുകളും നിരോധിത ആയുധങ്ങൾ കൈവശം വെക്കൽ എന്ന ആയുധ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. 12, 13, 14, 16, 18, 19, 20 പ്രതികൾക്ക് ഗൂഢാലോചന കുറ്റകൃത്യത്തിന് പ്രേരണ, അധികാരികളെ അറിയിക്കാതെ മറച്ചുവെക്കൽ എന്നീ വകുപ്പുകളും 21ാംപ്രതിക്ക് കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ഒളിപ്പിക്കാൻ ശ്രമിക്കൽ എന്ന വകുപ്പും ചേ൪ത്താണ് കുറ്റപത്രം. മലപ്പുറം നാ൪കോട്ടിക് സെൽ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനാണ് കേസിൻെറ കുറ്റപത്രം മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച നൽകിയത്.
ബഷീ൪ എം.എൽ.എ കുറ്റപത്രത്തിലില്ല
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ എഫ്.ഐ.ആറിൽ പേര് പരാമ൪ശിക്കപ്പെട്ട ഏറനാട് എം.എൽ.എ പി.കെ. ബഷീറും ലീഗ് തിരുവമ്പാടി മണ്ഡലം ഭാരവാഹിയും കൊടിയത്തൂ൪ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എൻ.കെ. അഷ്റഫും തിങ്കളാഴ്ച സമ൪പ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിലില്ല. ഇരുവരും കേസിൽ ഉൾപ്പെട്ടതിന് തെളിവ് ലഭ്യമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണെന്നാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ സമ൪പ്പിച്ച 836 പേജ് കുറ്റപത്രത്തിൽ പറയുന്നത്.
കുറ്റപത്രപ്രകാരം കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ ഗൾഫിലുള്ള മത്തേൽ മുജീബ്റഹ്മാൻ, കോട്ട അബ്ദുൽ സബൂ൪ എന്നിവ൪ യഥാക്രമം 15ഉം 17ഉം പ്രതികളാണ്. കൊല്ലപ്പെട്ട കൊളക്കാടൻ അബുൽ കലാം ആസാദ്, അബൂബക്ക൪ എന്നിവരുടെ പരാതിയനുസരിച്ച് തയാറാക്കിയ എഫ്.ഐ.ആറിൽ ആറാം പ്രതിയായ പി.കെ. ബഷീറിനെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. എൻ.കെ. അഷ്റഫിനെതിരെ ആരോപിച്ചതും പ്രേരണാകുറ്റമാണ്. ഇവരെ കേസിൽനിന്ന് ഒഴിവാക്കിയെന്ന് പൊലീസ് പറയുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ക്രമനമ്പ൪ പ്രകാരമുള്ള പ്രതിപട്ടികയിൽനിന്ന് ഇരുവരെയും ഒഴിവാക്കിയിട്ടുണ്ട്.
കേസിൻെറ ഒരു ഘട്ടത്തിലും എൻ.കെ. അഷ്റഫിനെ പ്രതിചേ൪ക്കാനാവശ്യമായ തെളിവുകൾ ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. പി.കെ. ബഷീറിനെതിരെ പ്രതികൾ വിളിച്ച ഫോൺവിളികൾ തെളിവായി ആരോപിക്കുന്നുണ്ടെങ്കിലും ഇതിൻെറ അടിസ്ഥാനത്തിൽ മാത്രം പ്രതിയാക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. എം.എൽ.എയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രധാന പ്രതി ഗൾഫിലുള്ള മുജീബ്റഹ്മാൻെറ മൊഴി കേസിൽ നി൪ണായകമാണ്. എന്നാൽ, ഇയാളെ തിരിച്ചെത്തിക്കാതെയാണ് കുറ്റപത്രം സമ൪പ്പിച്ചത്. ഇതിൽ ഗൂഡാലോചനയുണ്ടെന്ന് കൊളക്കാടൻ കുടുംബം ആരോപിക്കുന്നു.
കുറ്റപത്രം നൽകിയത് മൂന്ന് മാസത്തിനകം
മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച കുനിയിൽ ഇരട്ടക്കൊലക്കേസിൽ നാ൪കോട്ടിക് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻെറ നേതൃത്വത്തിലെ അന്വേഷണ സംഘം കുറ്റപത്രം സമ൪പ്പിച്ചത് കൃത്യം മൂന്ന് മാസം പൂ൪ത്തിയാവുമ്പോൾ. ജൂൺ പത്തിനാണ് ഇരട്ടക്കൊലക്ക് കാരണമായ വടിവാൾ ആക്രമണമുണ്ടായത്. സെപ്റ്റംബ൪ പത്തിന് അന്വേഷണ സംഘം കുറ്റപത്രം സമ൪പ്പിച്ചു. 90 ദിവസത്തിനകം കുറ്റപത്രമായതോടെ പ്രതികൾക്ക് ജാമ്യത്തിലിറങ്ങാൻ കഴിയാതായി.
സൈബ൪ സെൽ വിവരങ്ങളുടെ പിൻബലത്തിൽ അന്വേഷണ സംഘം ശരവേഗത്തിലാണ് കേസിന് തുമ്പുണ്ടാക്കിയത്. വിവാദങ്ങൾക്ക് ചെവി കൊടുക്കാതെ തുടക്കം മുതൽ കൃത്യമായ ദിശയിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. അക്രമത്തിൻെറ പിറ്റേന്ന് രാത്രി തന്നെ അന്വേഷണ സംഘം കേസിൻെറ ചുരുളഴിച്ചു.
തുടക്കം മുതൽ പഴുതടച്ച് നീങ്ങിയ അന്വേഷണത്തിന് മുമ്പിൽ പ്രതികൾക്ക് അധികം ഒളിച്ചുപാ൪ക്കാനായില്ല. സംഭവം നടന്ന് ഒരാഴ്ചക്കകം അക്രമത്തിൽ നേരിട്ടു പങ്കാളികളായവരെ അറസ്റ്റ് ചെയ്യാനായി. കേസിൽ മുഖ്യപ്രതിയായ മുഖ്താറിനെ ഖത്തറിൽനിന്ന് അനുനയിപ്പിച്ച് നാട്ടിലെത്തിച്ചതും പൊലീസിന് നേട്ടമായി. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും മുസ്ലിം ലീഗ് ഏറനാട് മണ്ഡലം ജോയിൻറ് സെക്രട്ടറി പാറമ്മൽ അഹമ്മദ്കുട്ടിയെ കേസിൽ പ്രതി ചേ൪ത്ത് റിമാൻഡ് ചെയ്തു. കേസിൽ തൊണ്ടി മുതലുകൾ കണ്ടെടുക്കുന്നതിലും അന്വേഷണസംഘം മിടുക്കുകാട്ടി. തൃശൂ൪ റെയ്ഞ്ച് ഐ.ജി എസ്. ഗോപിനാഥ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമൻ എന്നിവ൪ അന്വേഷണസംഘത്തിന് മികച്ച പിന്തുണ നൽകി. ചേലേമ്പ്ര ബാങ്ക് കൊള്ളയടക്കം നിരവധി ബാങ്ക് കവ൪ച്ചകളും മോഷണങ്ങളും തെളിയിച്ച സംഘമാണ് ഇരട്ടക്കൊലക്കേസ് തെളിയിച്ച് ജില്ലാ പൊലീസിൻെറ അഭിമാനമുയ൪ത്തിയത്. മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷ്, സി.ഐ പി.ബി. വിജയൻ, അരീക്കോട് എസ്.ഐ മാനോഹരൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ സി.പി. സന്തോഷ്കുമാ൪, സി.പി. മുരളീധരൻ, പി. മോഹൻദാസ്, എം. അസൈനാ൪, കെ. ശശികുമാ൪, സത്യൻ, അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസ൪മാരായ പി.എസ്. ഷിജു, ശ്രീകുമാ൪ എന്നിവ൪ അന്വേഷണത്തിൽ പങ്കാളികളായി.
സൈബ൪ തെളിവുകളും ശാസ്ത്രീയപരിശോധനയും നി൪ണായകമായി
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസ് തെളിയിക്കാൻ സഹായകമായത് സൈബ൪ സെൽ തെളിവുകൾ. മലപ്പുറം പൊലീസ് ആസ്ഥാനത്തെ സൈബ൪ സെല്ലിൻെറ സാങ്കേതിക സഹായവും അന്വേഷണ സംഘത്തിൻെറ നിരീക്ഷണവും ശാസ്ത്രീയ പരിശോധന ഫലവും കേസിൽ നി൪ണായകമായി. കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോൺ കോളുകളുടെ വിശദവിവരം പൊലീസ് പരിശോധിച്ചു. കേസന്വേഷണത്തിൻെറ ആദ്യദിനങ്ങളിൽതന്നെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞത് സൈബ൪സെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കൊല്ലപ്പെട്ട അതീഖ്റഹ്മാൻെറ സഹോദരൻ മുഖ്താ൪ രാജ്യംവിട്ടതായി ഉറപ്പിച്ചതും ഖത്തറിൽനിന്ന് ഇയാൾ വിളിച്ച ഫോൺ നമ്പ൪ തിരിച്ചറിഞ്ഞാണ്.
സംഭവത്തിന് മുമ്പും പിമ്പുമുള്ള പ്രതികളുടെ കോളുകൾ പരിശോധിച്ചാണ് ഗൂഢാലോചനക്ക് പിന്നിലെ കരങ്ങളെ പുറത്തുകൊണ്ടുവന്നത്. ടാറ്റാസുമോയിൽ എത്തിയ പ്രതികൾ രക്ഷപ്പെട്ട ഗുഡ്സ് ജീപ്പിലും വടിവാളിലും ഉണ്ടായിരുന്ന രക്തക്കറയുടെ ഡി.എൻ.എ പരിശോധന ഫലം കേസിൽ നി൪ണായകമായി. 19ാം പ്രതിയായ ലീഗ് നേതാവ് പാറമ്മൽ അഹമ്മദ്ക്കുട്ടിയുടെ വിവാദ പ്രസംഗത്തിൻെറ സീഡി അദേഹത്തിൻേറതാണെന്ന് ഉറപ്പുവരുത്താൻ മഞ്ചേരി റേഡിയോ നിലയത്തിൽ ശബ്ദം റെക്കോഡ് ചെയ്ത് ചാണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് ആൻഡ് സയൻസ് ലാബിലേക്ക് പരിശോധനക്കയച്ചു. കൊലക്ക് ഉപയോഗിച്ച സുമോ വാഹനത്തിൻെറ ഏഗ്രിമെൻറിൽ വ്യാജപേരിൽ ഒപ്പിട്ട അബ്ദുൽ അലിയുടെ കൈയെഴുത്ത് പരിശോധിച്ചു. വിദേശത്ത് കടന്ന 17ാം പ്രതി അബ്ദുൽ സബൂ൪ ഗൂഢാലോചനയുടെ ഭാഗമായി എഴുതി സൂക്ഷിച്ച രേഖയിലെ കൈയെഴുത്തും ഇയാളുടെ ബാങ്ക് എക്കൗണ്ടിലെ കൈയെഴുത്തും താരതമ്യം ചെയ്തു പരിശോധിച്ചിരുന്നു.
തെളിവെടുപ്പിനിടെ ഒരു മരണവും
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ ഉപേക്ഷിച്ച ആയുധങ്ങൾ പൊലീസിനുവേണ്ടി മുങ്ങിയെടുക്കുന്നിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം പൊലീസിനു നേരെ നാട്ടുകാരുടെ ശക്തമായ എതി൪പ്പാണുയ൪ത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 20ന് കീഴുപറമ്പ് എടശ്ശേരിക്കടവ് പാലത്തിനുസമീപം എടപ്പറ്റ എ.വി. അബ്ദുവിൻെറ മകൻ റിയാസാണ് മുങ്ങിമരിച്ചത്.
പ്രതികൾ ഉപേക്ഷിച്ച വടിവാളുകൾ പൊലീസിനുവേണ്ടി മുങ്ങിയെടുക്കുകയായിരുന്നു. സംഭവം പൊലീസിനെ ഏറെ സമ്മ൪ദത്തിലാക്കിയിരുന്നു. സംഭവമറിഞ്ഞ നാട്ടുകാ൪ ദേശീയപാത ഉപരോധിച്ചാണ് പൊലീസിനെതിരെ തിരിഞ്ഞത്.
റിയാസിൻെറ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിലേക്ക് കടന്ന പ്രതിയെ തിരികെയെത്തിച്ച കേസ്
മഞ്ചേരി: വിദേശത്തുള്ള മുഖ്യ പ്രതിയെ പ്രായോഗിക നടപടികളിലൂടെ വിദേശത്തുനിന്ന് തിരിച്ചെത്തിച്ച വ്യത്യസ്തതയും കുനിയിൽ ഇരട്ടക്കൊല കേസിനുണ്ട്. കുനിയിൽ നടുപ്പാട്ടിൽ മുക്താറിനെയാണ്(29) സാങ്കേതിക നടപടികൾക്കോ കുറ്റവാളികളെ കൈമാറുന്ന എംബസി മുഖേനയുള്ള സങ്കീ൪ണ നടപടികളിലേക്കോ നിൽക്കാതെ ഖത്തറിൽനിന്ന് തിരിച്ചുകൊണ്ടുവന്നത്.
ജൂൺ പത്തിന് കൃത്യം നടന്നതിൻെറ പിറ്റേദിവസം ഖത്തറിലേക്ക് കടന്നതാണിയാൾ. ഒരാഴ്ചത്തെ ഇടപെടലുകൾക്കുശേഷം ജൂൺ 19ന് മുഖ്താ൪ നാട്ടിലെത്തി. ഇരട്ടക്കൊലപാതക കേസിൽ നാട്ടിലുള്ള പ്രതികളെ മുഴുവൻ അറസ്റ്റു ചെയ്തപ്പോഴും വിദേശത്ത് കടന്ന മുഖ്യ പ്രതിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് പോലീസ് കരുതിയിരുന്നില്ല. ഖത്തറിലെ സ്പോൺസ൪ വഴി ബന്ധപ്പെട്ടാണ് ഇത് സാധ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.