ന്യൂദൽഹി: വല്ലാ൪പാടം രാജ്യാന്തര കണ്ടെയ്ന൪ ടെ൪മിനലിന് കബോട്ടാഷ് നിയമത്തിൽ മൂന്നു വ൪ഷത്തേക്ക് ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള കപ്പലുകൾക്ക് ഈ ഇളവ് ലഭിക്കില്ല.
ഷിപ്പിങ് മന്ത്രി ജി.കെ. വാസൻ മുന്നോട്ടുവെച്ച ശിപാ൪ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. കബോട്ടാഷ് നിയമത്തിൽ ഇളവ് ലഭിക്കുമ്പോൾ വല്ലാ൪പാടത്തേക്ക് വിദേശ കപ്പലുകൾക്ക് ചരക്കുനീക്കം നടത്തുന്നതിലെ വിലക്ക് നീങ്ങും. കബോട്ടാഷ് നിയമപ്രകാരം ഇന്ത്യൻ കപ്പലുകൾക്കു മാത്രമാണ് പ്രമുഖ തുറമുഖങ്ങളിൽ ചരക്കുനീക്കത്തിന് അനുവാദം. വല്ലാ൪പാടത്തെ മണ്ണുമാന്തൽ പ്രശ്നങ്ങളും തൊഴിൽത൪ക്കങ്ങളും പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും തീരുമാനമായി. കേന്ദ്രസ൪ക്കാ൪ തീരുമാനം ടെ൪മിനലിൻെറ വികസനക്കുതിപ്പിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാടിൻെറ ചരടുവലിയിൽ രാജ്യാന്തര ലോബി വല്ലാ൪പാടത്തിനെതിരെ കരുനീക്കിയിട്ടും നേട്ടമായത് പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുടെ തന്ത്രപരമായ ഇടപെടലാണെന്നാണ് സൂചന.
കേന്ദ്രമന്ത്രിസഭയുടെ അടിസ്ഥാന വികസന സമിതിയിൽ പ്രണബ്കുമാ൪ മുഖ൪ജിക്ക് പകരം ആൻറണി എത്തിയതാണ് തീരുമാനമെടുക്കാൻ സഹായകമായത്.മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് നൽകിയ ഉറപ്പും കേന്ദ്ര മന്ത്രിമാരായ വയലാ൪ രവി, കെ.വി. തോമസ് എന്നിവരുടെ നീക്കങ്ങളും സഹായകമായി.
10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വല്ലാ൪പാടത്ത് ഒന്നരവ൪ഷമായിട്ടും ശരാശരി മൂന്നുലക്ഷം കണ്ടെയ്നറുകൾ മാത്രം എത്തുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.ഇതിനിടെയാണ് വൻ മാറ്റത്തിന് കാരണമാകുന്ന കബോട്ടാഷ് ഇളവ് അനുവദിച്ചുള്ള കേന്ദ്ര മന്ത്രിസഭയുടെ അടിസ്ഥാന സൗകര്യ വികസന സമിതിയുടെ സഹായ ഹസ്തം. ഇപ്പോൾ കൊളംബോയിൽ അടക്കം കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ നീക്കം വല്ലാ൪പാടത്തേക്ക് വരുന്നതിന് സാധ്യത തുറന്നുകിട്ടുകയാണ്.
ഇന്ത്യയിൽ മൊത്തം കൈകാര്യം ചെയ്യുന്ന 70 ലക്ഷത്തിലധികം കണ്ടെയ്നറുകളിൽ 40 ശതമാനവും നിലവിൽ വിദേശ തുറമുഖങ്ങളിൽ ഇറക്കി കയറ്റുകയാണ്. ഇതുമൂലം അധികച്ചെലവും പത്തുദിവസത്തിലേറെ കാലതാമസവും ഉണ്ടാക്കുന്നു.പുതിയ സാഹചര്യത്തിൽ ഇത് ഒഴിവാക്കാനാകും . ഇതുവരെ വിദേശ കപ്പലുകൾ എത്തിയാലും കണ്ടെയ്നറുകൾ ആഭ്യന്തര തുറമുഖങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ തീരങ്ങളിൽ ഓടുന്ന കണ്ടെയ്ന൪ കപ്പലുകൾ ആവശ്യത്തിന് ഉണ്ടായിരുന്നുമില്ല.
രാജ്യത്തെ തുറമുഖങ്ങൾക്കിടയിൽ ഇന്ത്യൻ കപ്പലുകൾ മാത്രമേ ചരക്കുനീക്കം നടത്താവൂ എന്ന നിയമം നിലനിന്നത് കപ്പലുകൾ വല്ലാ൪പാടത്തേക്ക് വരാതെ കൊളംബോ, ദുബൈ, താൻജുങ്, സലാല എന്നീ തുറമുഖങ്ങളിൽ ചരക്കുകൾ കയറ്റിയിറക്കുകയായിരുന്നു.
നിയമത്തിൽ ഇളവില്ലാതെ വികസനം സാധ്യമാകില്ലെന്ന് സീതാറാം യെച്ചൂരി ചെയ൪മാനായ പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നുവ൪ഷ ഇളവിന് ആസൂത്രണ കമീഷനും ശിപാ൪ശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.