ചികിത്സയിലെ പിഴവ്: യുവാവിന് കേള്‍വി നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട്: ചികിത്സയിലെ പിഴവു മൂലം യുവാവിന് കേൾവിശക്തി നഷ്ടപ്പെട്ടതായി പരാതി. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂ൪ മട്ടന്നൂ൪ തില്ലശ്ശേരി സ്വദേശി പുതിയപുരയിൽ റഈസിന് (19) ശസ്ത്രക്രിയക്ക് മുന്നോടിയായ ചെവി ക്ളീൻ ചെയ്യുമ്പോൾ കേൾവി ശക്തിനഷ്ടപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വൃക്കരോഗിയായ റഈസ് കഴിഞ്ഞ ഒരുവ൪ഷത്തോളമായി ഡയാലിസിസ് നടത്തിവരുകയായിരുന്നു. ഉമ്മ വൃക്ക നൽകാൻ സന്നദ്ധമായതിനെ തുട൪ന്ന് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതിന് രണ്ടുമാസം മുമ്പ് ശസ്ത്രക്രിയക്ക് തീയതി നൽകിയിരുന്നുവെന്നും അതിന് മുന്നോടിയായി ചെവി ക്ളീൻചെയ്തപ്പോൾ ഇരു ചെവികളുടെയും കേൾവി നഷ്ടപ്പെടുകയായിരുന്നുവെന്നും ഉമ്മ സാറു പറയുന്നു. ഡോക്ടറോട് ഇക്കാര്യം പറഞ്ഞപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞാൽ ശരിയാകുമെന്നായിരുന്നുവത്രെ മറുപടി. ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കേൾവി തിരിച്ചുകിട്ടാത്തതിനെ തുട൪ന്ന് ഇവ൪ കഴിഞ്ഞ 22ന് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുട൪ന്ന്, സുഹൃത്തുക്കൾ ചേ൪ന്ന് ജില്ലാ കലക്ട൪ക്കും പരാതി നൽകി.
എന്നാൽ, തകരാറ് പരിഹരിക്കാതെ ബാക്കിയുള്ള 92,000 രൂപയുടെ ബില്ല് അടക്കാൻ നി൪ബന്ധിക്കുകയായിരുന്നുവത്രെ അധികൃത൪. ഇതോടെ, ബന്ധുക്കളും സുഹൃത്തുക്കളും ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിയിൽ ബഹളംവെച്ചു.  നി൪ധന കുടുംബ്ധിൽപ്പെട്ട റഈസിന്റെ ചികിത്സക്കായി സുഹൃത്തുക്കൾ സമാഹരിച്ച 1.72 ലക്ഷം രൂപ ഇതിനകം ആശുപത്രിയിൽ അടച്ചിട്ടുണ്ടെന്നും അവശേഷിക്കുന്ന തുക അടക്കണമെങ്കിൽ കേൾവി വൈകല്യം പരിഹരിക്കാൻ നടപടിയെടുക്കണമെന്നും ഇവ൪ ആവശ്യപ്പെട്ടു.
നടക്കാവ് സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ പ്രശ്നം മെഡിക്കൽ ബോ൪ഡിന്റെ തീരുമാനത്തിനുവിടാനും അത് വരുന്നതുവരെ പണം ആശുപത്രി പി.ആ൪.ഒയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ധാരണയായി.
റഈസിന് നേരത്തേതന്നെ കേൾവിക്കുറവുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇത് വ്യക്തമായപ്പോൾതന്നെ ശ്രവണസഹായി വെക്കാൻ നി൪ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃത൪ പറയുന്നു. അന്നത് അംഗീകരിച്ച ബന്ധുക്കൾ ഇപ്പോൾ പരാതിയുമായി രംഗത്തുവരുകയായിരുന്നു. കലക്ട൪ക്ക് ബന്ധുക്കൾ നൽകിയ പരാതിയിൽ ഡി.എം.ഒ അന്വേഷണം നടത്തി, വിദഗ്ധ അഭിപ്രായത്തിന് നി൪ദേശിച്ചു. ഇതിനിടെ, അവശേഷിച്ച പണമടക്കാതെ ചൊവ്വാഴ്ച രോഗിയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാനാണ് സുഹൃത്തുക്കൾ ശ്രമിച്ചതെന്നും പി.ആ൪.ഒ സലിൽ ശങ്ക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.