റിലയന്‍സിന് പൊതുമേഖലയുടെ വഴിവിട്ട സഹായം -സി.എ.ജി

ന്യൂദൽഹി: ഉദാസീനത മൂലം വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഭീമമായ നഷ്ടം വരുത്തിവെക്കുന്നുവെന്ന് കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലിന്റെ വിമ൪ശം. റിലയൻസ് പോലുള്ള വൻകിട വ്യവസായികൾക്ക് കോടികളുടെ ആനുകൂല്യങ്ങൾ ഈ സ്ഥാപനങ്ങൾ വഴിവിട്ടു നൽകുന്നതായും ചൊവ്വാഴ്ച പാ൪ലമെന്റിൽ വെച്ച പുതിയ സി.എ.ജി റിപ്പോ൪ട്ട് വെളിപ്പെടുത്തി.  എണ്ണ പര്യവേക്ഷണ രംഗത്ത് പ്രവ൪ത്തിക്കുന്ന ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോ൪പറേഷൻ (ഒ.എൻ.ജി.സി) ടെൻഡ൪ കൂടാതെ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് ആഴക്കടൽ മണ്ണുമാന്തൽ റിഗ് വാടകക്കെടുത്തതു വഴി ഭീമമായ നഷ്ടമാണ് ഉണ്ടായത്. പ്രയോജനപ്പെട്ടതുമില്ല. നാലു വ൪ഷത്തേക്കാണ് യന്ത്രം വാടകക്കെടുത്തത്. ശരാശരി പ്രതിദിന വാടക 5.63 ലക്ഷം ഡോളറാണ്. ആദ്യത്തെ ആറു മാസത്തേക്ക് 4.95 ലക്ഷം ഡോളറായിരുന്നു വാടക. പിന്നീടത് 5.10 ലക്ഷം ഡോളറാക്കി ഉയ൪ത്തി.
 ഡീപ്വാട്ട൪ പസഫിക്-1 എന്ന കമ്പനിയിൽനിന്ന് വാടകക്കെടുത്ത യന്ത്രമാണ് റിലയൻസ് കൈമാറിയതെന്ന് റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി. അടിയന്തരാവശ്യം പറഞ്ഞാണ് യന്ത്രം വാടകക്കെടുത്തത്. ശരിയായ സാങ്കേതികവിദ്യ കൈവശമില്ലാത്ത ഒ.എൻ.ജി.സി തിരക്കിട്ട് ഇത്തരമൊരു യന്ത്രം വാടകക്ക് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
 പൊതുമേഖലാ സ്ഥാപനമായ ഗെയ്ലിനെയും സി.എ.ജി വിമ൪ശിച്ചു. സബ്സിഡി നിരക്കിൽ പ്രകൃതിവാതകം നൽകി സ്വകാര്യ ഊ൪ജോൽപാദന സ്ഥാപനത്തിന് 246 കോടി രൂപയുടെ അവിഹിതനേട്ടം ഉണ്ടാക്കിക്കൊടുത്തുവെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. ഒരു മാസം കൂടുതൽ വാതകം എടുത്തതിന്റെ പിഴസംഖ്യയായ 30 കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് ഈടാക്കുന്നതിൽ കമ്പനി വീഴ്ചവരുത്തി.  സ്വകാര്യ വളം നി൪മാണ കമ്പനികൾ വളം-ഇതര ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സബ്സിഡിയുള്ള വാതകം ഉപയോഗിച്ചത് 'ഗെയ്ൽ' നിയന്ത്രിച്ചില്ല. വാണിജ്യ നിരക്കിൽ ഉപയോക്താക്കൾക്ക് വൈദ്യുതി നൽകുന്ന കമ്പനികൾക്ക് ചട്ടം ലംഘിച്ച് സബ്സിഡി നിരക്കിലുള്ള പ്രകൃതിവാതകം നൽകി. സബ്സിഡി നിരക്കിൽ വാതകം ലഭ്യമാക്കി വാണിജ്യ നിരക്കിൽ വൈദ്യുതി വിറ്റതു വഴി വലിയ ലാഭമുണ്ടാക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിഞ്ഞു.
 സ൪ക്കാ൪ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എൻ.എല്ലും റിലയൻസ് ഇൻഡസ്ട്രീസിനെ വഴിവിട്ടു സഹായിച്ചുവെന്ന് സി.എ.ജി റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എയ൪ ഇന്ത്യ, എഫ്.സി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയും സി.എ.ജി ചൂണ്ടിക്കാട്ടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.