മൂന്നാ൪: തൊഴിലാളി യൂനിയൻ നേതാവിനെ ഭാര്യയുടെ സഹായത്തോടെ അയൽവാസിയായ കാമുകൻ കൊലപ്പെടുത്തി പുഴയിൽ തള്ളി. കെ.ഡി.എച്ച്.പി കമ്പനി ലക്ഷ്മി എസ്റ്റേറ്റിലെ സൗത് ഡിവിഷനിൽ ഐ.എൻ.ടി.യു.സി യൂനിറ്റ് പ്രസിഡൻറ് ആ൪. ചുടലമണിയെയാണ് (38) കഴിഞ്ഞ 28ന് കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ ലത (37), അയൽവാസിയും ജീപ്പ് ഡ്രൈവറുമായ കെ. പാൽ ദുരൈ (46) എന്നിവരെ മൂന്നാ൪ ഡിവൈ.എസ്.പി വി.എൻ. സജി അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ചുടലമണിയുടെ മൃതദേഹം കിട്ടിയത്.
ചുടലമണിയെ കഴിഞ്ഞമാസം 28 മുതൽ കാണാനില്ലെന്ന ഭാര്യ ലതയുടെയും സഹോദരൻ മഹാരാജയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളുടെ മൊഴിയനുസരിച്ച് നടത്തിയ തിരച്ചിലിൽ ലക്ഷ്മിയിലെ പുഴയിൽ പാറക്കെട്ടുകൾക്കിടയിൽ കുരുങ്ങിക്കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
തിരുവോണത്തിന് തലേദിവസം ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ചുടലമണി വീടിനുള്ളിൽ വെച്ച് ഭാര്യ ലതയെയും കാമുകൻ പാൽദുരൈയെയും കണ്ടു. പാൽദുരൈ ഇറങ്ങി ഓടിയപ്പോൾ ചുടലമണി ഭാര്യയുമായി വാക്കുത൪ക്കമായി. ‘ഇനി നമ്മളിൽ ഒരാളെ ജീവിച്ചിരിക്കൂ’ എന്ന് ആക്രോശിച്ച് ഭ൪ത്താവ് ഇറങ്ങിപ്പോയി. ഈ വിവരം ലത പാൽദുരൈയെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു. രാത്രി എട്ടോടെ മദ്യപിച്ച് എത്തിയ ചുടലമണി മുറിയിൽ കയറിയതോടെ ലത വീണ്ടും കാമുകനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഒരു മണിക്കൂ൪ നേരം കുട്ടികളുമായി മാറി നിൽക്കാനായിരുന്നു ഇയാളുടെ നി൪ദേശം. ഇതനുസരിച്ച് അടുത്ത ലയത്തിലേക്ക് ലത പോയ സമയത്ത് പാൽദുരൈ ചുടലമണിയുടെ വീട്ടിലെത്തി. കട്ടിലിൽ കിടന്നുറങ്ങിയ ഇയാളുടെ കഴുത്തിൽ തോ൪ത്തിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന് അര കി.മീറ്റ൪ അകലെയുള്ള പുഴയിൽ തള്ളി. തിരികെ എത്തിയ ഇയാൾ ലതയെ വിളിച്ച് കാര്യം കഴിഞ്ഞുവെന്നും തന്നെ ഒറ്റിക്കൊടുക്കരുതെന്നും പറഞ്ഞശേഷം മുങ്ങി. ഇരുവരുടെയും തീരുമാനപ്രകാരം പിറ്റേദിവസം ലത മൂന്നാ൪ പൊലീസിൽ ഭ൪ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിയും നൽകി.
ലതയുടെ അവിഹിത ബന്ധം സംബന്ധിച്ച് വീട്ടിലുണ്ടായ കലഹവും തുട൪ന്ന് ചുടലമണിയുടെ തിരോധാനവും ഇയാളുടെ ബന്ധുക്കളിൽ സംശയമുണ൪ത്തി. ഇതനുസരിച്ചാണ് ചുടലമണിയുടെ സഹോദരൻ ലതക്കും കാമുകനുമെതിരെ പൊലീസിൽ മറ്റൊരു പരാതി നൽകിയത്. ഇതോടെ ലതയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് കൊലപാതകത്തിൻെറ ചുരുളഴിക്കാനായത്.
രണ്ട് കുട്ടികളുടെ മാതാവായ ലതയും മൂന്നുകുട്ടികളുടെ പിതാവായ പാൽദുരൈയും തമ്മിൽ 15 വ൪ഷത്തിലധികമായി പരിചയമുണ്ട്. മൂന്നുവ൪ഷമായി ഇരുവരും ഭാര്യാഭ൪ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഇവ൪ പൊലീസിനോട് സമ്മതിച്ചു. ഇതുമൂലം ചുടലമണി ലതയോട് നിരന്തരം കലഹിക്കാറുണ്ടായിരുന്നത്രേ. ചുടലമണി- ലത ദമ്പതികളുടെ മക്കളായ പെൺകുട്ടി എട്ടാം ക്ളാസിലും ആൺകുട്ടി ആറാം ക്ളാസിലും പഠിക്കുകയാണ്. പാൽദുരൈയുടെ മൂത്ത ആൺകുട്ടി കഴിഞ്ഞവ൪ഷം ആത്മഹത്യ ചെയ്തതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ രണ്ട് പ്രതികളെയും ചൊവ്വാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.