കണ്ണൂ൪: ചാല ഗ്യാസ് ടാങ്ക൪ ദുരന്തത്തിന് ഇടയാക്കിയ അപകടത്തിന് വഴിവെച്ചത് റോഡ് നി൪മാണത്തിലെ അപാകതക്കൊപ്പം ഡ്രൈവറുടെ അശ്രദ്ധയുമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച മീൻലോറിയിൽ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ ഡിവൈഡറിൽ തട്ടി മറിഞ്ഞതായാണ് പൊലീസിൽ കീഴടങ്ങിയ ഡ്രൈവ൪ കണ്ണയ്യൻ പറയുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് പൂ൪ണമായി മുഖവിലക്കെടുത്തിട്ടില്ല.
മുന്നിൽപോയ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ടാങ്ക൪ ലോറി വെട്ടിക്കുന്നതിനിടെയാണ് ഡിവൈഡറിൽ കയറിയതെന്ന് സ്ഥലത്തുണ്ടായിരുന്നയാൾ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഡിവൈഡറിൽ കയറിയ ടാങ്ക൪ ലോറി വീണ്ടും വെട്ടിക്കാൻ ശ്രമിച്ചതോടെയാണ് മറിഞ്ഞതെന്നാണ് മൊഴി.
മുരുകേശൻ എന്നയാൾ ക്ളീനറായി ഒപ്പമുണ്ടായിരുന്നുവെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കുവേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. കണ്ണയ്യന് ലൈസൻസ് ഉണ്ടെങ്കിലും ഗ്യാസ് ടാങ്ക൪ ഓടിക്കാൻ ആവശ്യമായ പ്രത്യേക ലൈസൻസ്, ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് എന്നിവ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇയാളെ പിന്നീട് പൊലീസ് ചാലയിലെ അപകട സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
നാമക്കൽ സ്വദേശിയായ ലോറി ഉടമയുമായി ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഉടമയെയും കണ്ണൂരിലേക്ക് കൊണ്ടുവരും. ലോറിക്ക് പാചകവാതകം കൊണ്ടുവരാനാവശ്യമായ പെ൪മിറ്റ്, ഫിറ്റ്നസ് എന്നിവ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.
കണ്ണൂ൪ ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
അപകടമുണ്ടാക്കിയ സാഹചര്യത്തിന് പുറമേ ആൾനാശം, സ്വത്ത് നാശം, കൃഷിനാശം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണപരിധിയിൽ വരുന്നുണ്ട്. ഗതാഗതം, പൊതുമരാമത്ത്, ദേശീയപാത വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പൊലീസ് ച൪ച്ച നടത്തും. സ്ഫോടകവസ്തു വിദഗ്ധരുടെ അഭിപ്രായങ്ങളും ആരായും. പൊതുമരാമത്ത് അധികാരികളുടെ വീഴ്ചയും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.