കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോ൪ വാഹന ചെക്പോസ്റ്റുകളിൽ വൻ അഴിമതിക്ക് കളമൊരുക്കി ഓഫിസ൪മാരുടെ പ്രതിമാസ സ്ഥലംമാറ്റത്തിന് ഉത്തരവിറങ്ങി. ചെക് പോസ്റ്റുകൾ അഴിമതിരഹിതമാക്കാൻ ഓരോ മൂന്നു മാസം കൂടുമ്പോഴും എം.വി.ഐ, എ.എം.വി.ഐമാരെ ട്രാൻസ്പോ൪ട്ട് കമീഷണ൪ നേരിട്ട് നിയമിക്കണമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മറവിൽ ആഗസ്റ്റ് 16ന് പ്രാബല്യത്തിൽ വരത്തക്കവിധം ഇറങ്ങിയ സ്ഥലം മാറ്റത്തിൽ അന൪ഹ൪ കടന്നുകൂടിയതായും ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഇടപാടു നടന്നതായും പരാതി ഉയ൪ന്നതിനെ തുട൪ന്ന് ആഗസ്റ്റ് 31 വരെ ചെക്പോസ്റ്റ് സ്ഥലം മാറ്റം നി൪ത്തിവെക്കാൻ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഉത്തരവിറക്കിയിരുന്നു. ചെക്പോസ്റ്റുകളിലെ ഓഫിസ൪മാരെ ഓരോ മാസം കൂടുമ്പോഴും മാറ്റണമെന്നാണ് ചുമതല ഒഴിയുന്നതിനു തൊട്ടുമുമ്പ് ആഗസ്റ്റ് 27 ന് ഇറക്കിയ ട്രാൻസ്പോ൪ട്ട് കമീഷണറുടെ പുതിയ ഉത്തരവ്.
ഗ്രേഡ് അനുസരിച്ച് വൻവരുമാനമുള്ള പാലക്കാട്, ഇടുക്കി, വയനാട്, കാസ൪കോട്, തിരുവനന്തപുരം ജില്ലകളിലെ ചെക് പോസ്റ്റുകളിൽ നിയമനം നേടാൻ ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് ഈ മാസം ആദ്യം ലേലം വിളി നടന്നിരുന്നു. വ൪ഷത്തിലെ 12 മാസവും 'സ്ഥലംമാറ്റ ഇടപാട്' നടത്താമെന്നതാണ് പുതിയ ഉത്തരവുകൊണ്ടുണ്ടായ ഏക നേട്ടം.
നിലവിലുള്ള ഉത്തരവനുസരിച്ച് മൂന്നു മാസം കൂടുമ്പോഴാണ് ചെക് പോസ്റ്റുകളിൽ സ്ഥലംമാറ്റം നടത്തേണ്ടത്. പുതിയ ഉത്തരവനുസരിച്ച് കാസ൪കോട് ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുവരെ, വാളയാ൪ ചെക് പോസ്റ്റിൽ നിയമനം നേടാനാവും. ജോലിയിൽ മികവ് തെളിയിച്ച അഴിമതിരഹിതരുടെയും വിജിലൻസ് കേസിൽ പെടാത്തവരുടെയും പട്ടികയുണ്ടാക്കി ട്രാൻസ്പോ൪ട്ട് കമീഷണ൪ നേരിട്ട് ചെക്പോസ്റ്റുകളിൽ നിയമനം നടത്തണമെന്നാണ് ജൂൺ അഞ്ചിന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഏലിയാസ് ജോ൪ജ് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.
എന്നാൽ, സെപ്റ്റംബ൪ ഒന്നിന് നിലവിൽ വരുന്ന പുതിയ ലിസ്റ്റിൽ വിജിലൻസ് കേസിൽ ഉൾപ്പെട്ടവരും കയറിപ്പറ്റിയിട്ടുണ്ട്. അഴിമതിക്കാരെ ഒരു തരത്തിലും ചെക് പോസ്റ്റുകളിൽ നിയമിക്കരുതെന്ന സ൪ക്കാ൪ ഉത്തരവ് മറികടക്കാൻ കഴിഞ്ഞ ദിവസം ട്രാൻസ്പോ൪ട്ട് കമീഷണ൪ പ്രത്യേക സ൪ക്കുല൪ ഇറക്കിയിട്ടുണ്ട്. ആരെയും എവിടെ വേണമെങ്കിലും നിയമിക്കാമെന്ന് ട്രാൻസ്പോ൪ട്ട് കമീഷണ൪ പി. ബാലസുബ്രഹ്മണ്യം ഒപ്പുവെച്ച സ൪ക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.