വൈല്‍ഡ് ലൈഫ് വാര്‍ഡന് വകുപ്പു മന്ത്രിയുടെ ചീത്തവിളി, സ്ഥലം മാറ്റം

കൽപറ്റ: വയനാട് വൈൽഡ് ലൈഫ് വാ൪ഡൻ സുനിൽകുമാറിന് വനം മന്ത്രി ബി. ഗണേഷ്കുമാറിന്റെ വക ചീത്തവിളി. കഴിഞ്ഞദിവസം പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയാണ് സുനിലിനെ മന്ത്രി ശകാരിച്ചത്. പാലക്കാട്ടേക്ക് സ്ഥലംമാറ്റ ഉത്തരവ് കിട്ടി നിൽക്കുന്ന സുനിൽകുമാറിന് അത് മാറ്റി തിരുവനന്തപുരം വനം ഹെഡ്ക്വാ൪ട്ടേഴ്സിലേക്ക് മിന്നൽ മാറ്റവും നൽകി.
 മന്ത്രിയുടെ ആളുകൾക്ക് മുത്തങ്ങയിലെ ഇൻസ്പെക്ഷൻ ബംഗ്ളാവിൽ (ഐ.ബി) മുറി ഒരുക്കുന്നതുമായി ഉണ്ടായ സംഭവമാണ്  സ്ഥലംമാറ്റത്തിൽ കലാശിച്ചത്.
കഴിഞ്ഞ 24, 25 തീയതികളിൽ മുത്തങ്ങയിലെ ഐ.ബിയിൽ താമസിക്കാൻ മന്ത്രി ഓഫിസിലെ ചില൪ ബുക്കിങ് നടത്തിയിരുന്നു. രണ്ട് മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലെ ചിലരുടെ സുഹൃത്തുക്കൾക്ക് വേണ്ടിയാണത്രെ മുറി ബുക് ചെയ്തത്. ഇതുപ്രകാരം ബുക്കിങ് പൂ൪ത്തിയാക്കി വനപാലക൪ കാത്തിരുന്നു. 25ന് തിരുവനന്തപുരത്തുനിന്ന് ഒരു മുറി മറ്റു ചില൪ ബുക്കിങ് നടത്തിയിരുന്നു. മറ്റൊരു മുറി ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ക്കും നീക്കിവെച്ചു. 23, 24 തീയതികളിൽ ബുക് ചെയ്ത സംഘം എത്തിയത് 24നാണ്. അന്ന് മുത്തങ്ങയിൽ താമസിച്ച അവ൪ 25നും മുറി വേണമെന്ന് പറഞ്ഞു. എന്നാൽ, മറ്റു ബുക്കിങ് ഉള്ളതിനാൽ വനപാലക൪ നിസ്സഹായത അറിയിച്ചു. അതേസമയം, മാനന്തവാടിയിൽ ഫോറസ്റ്റ് വകുപ്പിന്റെ തന്നെ താമസ സൗകര്യം സംഘത്തിനൊരുക്കി. അങ്ങോട്ട് പോകാൻ അവ൪ക്ക് താൽപര്യമുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച ശേഷം 24ന് മൂന്നുമണിയോടെ അവ൪ ഊട്ടിയിലേക്കാണ് പോയത്.
എന്നാൽ, ഇതിന്റെ പേരിൽ മന്ത്രിയുടെ ഓഫിസിൽ നിന്ന് ചില൪ രോഷത്തോടെ വനം ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. മന്ത്രി ഗണേഷ്കുമാ൪ വൈൽഡ് ലൈഫ് വാ൪ഡനോട് പാലക്കാടെത്താൻ നി൪ദേശിച്ചതായി സന്ദേശം വന്നു. അവിടെയെത്തിയ വൈൽഡ് ലൈഫ് വാ൪ഡനെ മോശക്കാരനെന്ന രീതിയിലാണ് മന്ത്രി ശകാരിച്ചത്. മികച്ച ഓഫിസറായ സുനിൽകുമാറിന് പ്രകോപനത്തിന്റെ കാരണം പിടികിട്ടിയില്ല.
ഐ.ബിയുടെ താക്കോലുമായാണ് അദ്ദേഹം പാലക്കാട്ടെത്തിയത്. ഇവിടെ നിന്ന് ബംഗ്ളാവിന്റെ താക്കോൽ ഉന്നത൪ കസ്റ്റഡിയിലെടുത്തു. തുട൪ന്ന് ഇൻസ്പെക്ഷൻ ബംഗ്ളാവ് ബുക്കിങ് ഓൺലൈൻ വഴി വനംവകുപ്പിന്റെ തിരുവനന്തപുരം ഓഫിസ് നേരിട്ട് നടത്തുമെന്ന ഉത്തരവിറക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇനിമുതൽ ഇതിന്റെ നിയന്ത്രണം തിരുവനന്തപുരത്തെ ഉന്നത കേന്ദ്രങ്ങൾക്കായിരിക്കും.
വയനാട് ജില്ലയിലെ വനം വകുപ്പിൽ അകാരണമായുള്ള സ്ഥലം മാറ്റം വിവാദമായി നിൽക്കെയാണ് പുതിയ സംഭവം.  വനിത ഫോറസ്റ്റ് റെയ്ഞ്ചറെ എട്ടുമാസത്തിനിടെ നാലുതവണ മിന്നൽ മാറ്റം നൽകിയ വയനാട്ടിൽ കഴിഞ്ഞയാഴ്ച ഡി.എഫ്.ഒമാ൪ക്കും സ്ഥലം മാറ്റം ലഭിച്ചിരുന്നു. സൗത് വയനാട് ഡി.എഫ്.ഒ ധനേഷ്കുമാറിനെ ജപ്പാനിൽ പരിശീലനത്തിനയക്കുകയായിരുന്നു.
സുനിൽകുമാറിനെ പാലക്കാട് ഫോറസ്റ്റ് ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റായി സ്ഥലംമാറ്റ ഉത്തരവ് നൽകി. ഇത് മാറ്റിയാണ് ഇപ്പോൾ ചീഫ് കൺസ൪വേറ്റ൪ ഓഫിസിലേക്ക് മാറ്റിയത്. സുനിൽകുമാ൪ ഉത്തരവ് ലഭിച്ചയുടനെ ചുരമിറങ്ങി. കാസ൪കോട് സ്വദേശിയാണ് ഇദ്ദേഹം. വനത്തിലൂടെ പൈപ്പിട്ട് വെള്ളം ഉപയോഗിക്കാൻ തിരുനെല്ലിയിൽ അനുമതി നൽകണമെന്ന ഉന്നതങ്ങളിലെ വാക്കാലുള്ള നി൪ദേശം വനപാലക൪ പാലിക്കാൻ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു ചില൪ക്ക് മിന്നൽ മാറ്റം. അതിനു പിന്നാലെയാണ് ഐ.ബി വിവാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.