കുറ്റിപ്പുറം: ഗുരുവായൂ൪ ക്ഷേത്രദ൪ശനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച കാ൪ കുറ്റിപ്പുറത്ത് അപകടത്തിൽപെട്ട് കോഴിക്കോട് സ്വദേശികളായ മൂന്നുപേ൪ മരിച്ചു. നാലുപേ൪ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
അത്തോളിയിലെ ആധാരമെഴുത്തുകാരനായ രാംപുനത്തിൽ കൃഷ്ണൻകുട്ടി (53), വെളുത്തേടത്ത് ബാലകൃഷ്ണൻ (40), കൂവളത്തോട് സുമീര (22) എന്നിവരാണ് മരിച്ചത്. കൊളക്കാട് കൂവളത്തൂട്ട് വീട്ടിൽ സുബ്രഹ്മണ്യൻ (58), ഭാര്യ പത്മാവതി (51) എന്നിവരെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം പൈങ്കണ്ണൂ൪ കുഞ്ഞനംകാട്ടിൽ റൗഫിനെയും (28) ബസ് യാത്രക്കാരി എടപ്പാൾ പഴയബ്ലോക്ക് പുലാക്കോട്ടിൽ പുത്തൻവീട്ടിൽ ദിജേഷിന്റെ ഭാര്യ അശ്വിനിയെ (26) യും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊ വ്വാഴ്ച രാവിലെ എട്ടരയോടെ ദേശീയപാത 17ൽ കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് സമീപമാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കാ൪, ഗുരുവായൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മാരുതി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാ൪ പൂ൪ണമായി തകരുകയും ബസിന്റെ മുൻചക്രങ്ങൾ വേ൪പെടുകയും ചെയ്തു. കാ൪ യാത്രക്കാരായ രണ്ടുപേ൪ സംഭവസ്ഥലത്തും മറ്റൊരാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാ൪ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.
അപകടത്തെ തുട൪ന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങൾ തിരൂ൪ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്മോ൪ട്ടത്തിനുശേഷം വൈകീട്ട് അത്തോളി ഹൈസ്കൂളിൽ പൊതുദ൪ശനത്തിനുവെച്ച മൃതദേഹങ്ങളിൽ ബാലകൃഷ്ണന്റെത് രാത്രിയോടെ വീട്ടുവളപ്പിലും കൃഷ്ണൻകുട്ടി, സുമീര എന്നിവരുടേത് മാവൂ൪ റോഡ് ശ്മശാനത്തിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.