കോഴിക്കോട്: ഐസ്ക്രീം പെൺവാണിഭ കേസിൽ പ്രത്യേക അന്വേഷണ സംഘം അടുത്തിടെ നടത്തിയ അന്വേഷണത്തിനിടയിലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പണം വാഗ്ദാനം ചെയ്ത് വ്യാജ മൊഴി നൽകിച്ചെന്ന് കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും. ഏഷ്യാനെറ്റ്-റിപ്പോ൪ട്ട൪ ചാനലുകൾക്ക് മുമ്പാകെയാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം ഇരുവരും പുതിയ വെളിപ്പെടുത്തൽ നടത്തിയത്. വാഗ്ദാനം ചെയ്ത പണം ചോദിക്കാൻ ഈമാസം ആദ്യം തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിൽ പോയി പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതായും അവ൪ വെളിപ്പെടുത്തി.
വെളിപ്പെടുത്തലിലെ പ്രധാന ഭാഗങ്ങൾ:
‘എ.ഡി.ജി.പി വിൻസൻ എം. പോളിൻെറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുമ്പോൾ ചേളാരി സ്വദേശി ഷെരീഫ് തങ്ങളെ സമീപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നൽകിയാൽ രണ്ടുപേ൪ക്കും വീട് വെക്കാൻ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ജീവിക്കാൻ മറ്റുമാ൪ഗമില്ലാത്തതിനാൽ അത് വിശ്വസിച്ച്, ഡിവൈ.എസ്.പിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നൽകി. ആഴ്ചകൾ കഴിഞ്ഞിട്ടും അവ൪ വാക്കുപാലിച്ചില്ല. തുട൪ന്ന് ആഗസ്റ്റ് മാസം ആദ്യം ലീഗ് പ്രവ൪ത്തകനായ റാഫിയുമൊത്ത് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോയി. കുഞ്ഞലിക്കുട്ടി അവിടെ ഉണ്ടായിരുന്നില്ല. മന്ത്രി മന്ദിരത്തിലേക്ക് പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. അദ്ദേഹം ആദ്യം പരിചയമില്ലെന്ന ഭാവം നടിച്ചു. പിന്നീട് നിങ്ങൾ ആരാണെന്ന് ചോദിച്ചു. ഷെരീഫ് നൽകിയ വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞപ്പോൾ പണം നൽകാമെന്നായി. താൻ നേരിട്ട് പണം നൽകില്ല, ട്രസ്റ്റ് മുഖേനയോ അനാഥാലയം മുഖേനയോ പണം നൽകാമെന്നും അതിന് മുമ്പ് ജയ്സൺ കെ. എബ്രഹാമിനെ പോയി കണ്ട് എല്ലാം ചെയ്യിച്ചത് റഊഫാണെന്ന് പറയണമെന്നും നി൪ബന്ധിച്ചു.’
‘പറഞ്ഞ പണം നൽകാത്ത കുഞ്ഞാലിക്കുട്ടിയിൽ ഇനി വിശ്വാസമില്ല. അതിനാലാണ് ചാനലുകൾക്ക് മുമ്പാകെ ഇതെല്ലാം ഞങ്ങൾ പറയുന്നത്. ജീവിക്കാൻ വേറെ മാ൪ഗമില്ലാത്തതിനാലാണ് പണം വാഗ്ദാനം ചെയ്തപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി തെറ്റായ മൊഴി നൽകിയത്. ഇനി എവിടേയും സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പറയൂ. കുഞ്ഞാലിക്കുട്ടി ഉള്ളിടത്തെല്ലാം പോയി ബഹളം വെക്കും. ഐസ്ക്രീം കേസിൽ പത്തിലധികം ഇരകളുടെ പേര് പുറത്തുവരാനുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് റഊഫും ചേളാരി ഷെരീഫും തങ്ങളെ സമീപിച്ച് പണം വാഗ്ദാനം ചെയ്തിരുന്നു. രണ്ടര ലക്ഷം രൂപ വീതം ലഭിച്ചു. ദുബൈയിലെ സൂപ്പ൪ മാ൪ക്കറ്റിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി. കിട്ടിയത് കഷ്ടപ്പാടുള്ള മറ്റുജോലിയായിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയെ നമുക്ക് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് റമീല സുഖ്ദേവാണ് തങ്ങളെ നാട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ, ഇവിടെ എത്തിയപ്പോൾ റമീല ഒപ്പം നിന്നില്ല. ആദ്യഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി പഠിപ്പിച്ചപ്പോൾ സി.പി.എം നേതാവ് ടി.പി. ദാസൻ, ഒ. രാജഗോപാൽ, ബൈജുനാഥ്, അമൃത ബാ൪ ഔസപ്പച്ചൻ, അഡ്വ. രാജൻ എന്നിവരും അവിടെ ഉണ്ടായിരുന്നു’.റഊഫിൻെറ വെളിപ്പെടുത്തലുകളെ തുട൪ന്ന് അതേകുറിച്ച് അന്വേഷിക്കാൻ മുൻ സ൪ക്കാ൪ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് ക്ളീൻ ചിറ്റ് നൽകിയാണ് കേസ് അവസാനിപ്പിക്കണമെന്ന ശിപാ൪ശയോടെ പ്രത്യേക അന്വേഷണ സംഘം അടുത്തിടെ കോടതിയിൽ റിപ്പോ൪ട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.