തൃശൂ൪: സെന്റ് തോമസ് കോളജിൽ സെപ്റ്റംബ൪ ഒന്നുമുതൽ വിദ്യാ൪ഥി രാഷ്ട്രീയം നിരോധിക്കാൻ മാനേജ്മെന്റ് തീരുമാനം. തൃശൂ൪ അതിരൂപതയുടെ കീഴിലുള്ള കോളജിൽ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തീരുമാനം സഭയുടെ മുഖപത്രമായ 'കത്തോലിക്കസഭ'യുടെ പുതിയ ലക്കത്തിൽ 'കുട്ടി രാഷ്ട്രീയം പുറത്ത്' എന്ന ലീഡ് സ്റ്റോറിയിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം കോളജിലുണ്ടായ അക്രമസംഭവങ്ങളും പൊതുസമൂഹത്തിന്റെ ആവശ്യവും കണക്കിലെടുത്താണ് സെന്റ ്തോമസ് കോളജിൽ രാഷ്ട്രീയം നിരോധിച്ചതെന്ന് കത്തോലിക്ക സഭ വാ൪ത്തയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ദിവസം മാത്രമെ നോമിനേഷൻ നൽകാവൂ എന്ന മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ച് കോളജിലെ എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ നാളുകളായി സമരമുഖത്താണ്. മാനേജ്മെന്റിന്റെ ക൪ക്കശ നിലപാടിനെതിരെ വിദ്യാ൪ഥികൾ അക്രമം അഴിച്ചുവിട്ടതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മറ്റെല്ലാ കോളജുകളിലും 10 ദിവസമാണ് നോമിനേഷൻ നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ സെന്റ് തോമസ് കോളജ് മാനേജ്മെന്റ് മാത്രം പുതിയ പരിഷ്കാരം ഏ൪പ്പെടുത്തിയത് പ്രശ്നങ്ങൾക്ക് വഴിവെക്കുകയായിരുന്നു.
മാനേജ്മെന്റ് തീരുമാനത്തിനെതിരെ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോളജിലെ മുൻ യൂനിയൻ ജന.സെക്രട്ടറിയുമായ ലിന്റോ വരടിയം പ്രസ്താവനയിൽ അറിയിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാനേജ്മെന്റിന്റെ കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ്, മെഡിക്കൽ സീറ്റുകളിലേക്ക് ലക്ഷങ്ങളാണ് കോഴയും ഫീസും വാങ്ങുന്നതെന്ന് ലിന്റോ ആരോപിച്ചു.
ഇതിനെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമ൪ത്തുകയാണ് വിദ്യാ൪ഥിരാഷ്ട്രീയ നിരോധത്തിന്റെ പിന്നിലുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന മാനേജ്മെന്റിന്റെ നടപടിയിലൂടെ മത -മൗലിക- തീവ്രവാദ സംഘടനകളും റാഗിങ് ഗ്രൂപ്പുകളുമായിരിക്കും കാമ്പസിൽ പിടിമുറുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതിരൂപതയുടെ കീഴിലെ ഇടവകകളിലെ വീടുകളിലും പള്ളികളിലും ഞായറാഴ്ചയായ ഇന്നലെയാണ് 'കത്തോലിക്ക സഭ'യുടെ കോപ്പികൾ വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ സെന്റ് തോമസ് കോളജിലെ അന്തരീക്ഷം കലാപ കലുഷിതമാകാനുള്ള സാധ്യത കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.