എസ്റ്റേറ്റുകളില്‍ കോടികളുടെ മരംമുറി

പാലക്കാട്: വിവാദങ്ങൾ നിറഞ്ഞ നെല്ലിയാമ്പതിയിൽ നിന്ന് കോടികൾ വില മതിക്കുന്ന മരങ്ങൾ മുറിച്ച് നീക്കിയതായി പ്രഫ. എ.വി. താമരാക്ഷൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോ൪ട്ട്. ഇവക്ക് പിഴയീടാക്കി കേസുകൾ തീ൪പ്പാക്കിയതായി  വനം വകുപ്പ് വിവരാവകാശ പ്രകാരം നൽകിയ രേഖകൾ  വെളിപ്പെടുത്തുന്നു. ഇപ്പോഴും ചില എസ്്റ്റേറ്റുകളിൽ വൻ മരങ്ങൾ  ഉണക്കാൻ ആസിഡ് ഉപയോഗിക്കുന്നുമുണ്ട്.  മിന്നാമ്പാറയിൽനിന്ന് വൻ മരങ്ങളാണ് ഉണക്കി വെട്ടി കടത്തിയത്.
പച്ചമരങ്ങളുടെ വേരുകളിൽ മെ൪ക്കുറി ഉൾപ്പെടെയുള്ള രാസവസ്തുക്കളും ആസിഡുകളും ഒഴിച്ചാണ് ഉണക്കുന്നത്. വലിയ മരങ്ങൾ ഒരു മാസം കഴിഞ്ഞാൽ  ഉണങ്ങാൻ തുടങ്ങും. മരങ്ങൾ ഉണങ്ങി കഴിയുമ്പോൾ തേയിലയും നാണ്യവിളകളും  കൃഷി ചെയ്യും.  9,200 ഏക്കറോളം വിസ്തൃതിയുള്ള നെല്ലിയാമ്പതിയിൽ 52 എസ്്റ്റേറ്റുകളാണുള്ളത്. കരുണാ പ്ലാന്റേഷനിൽ നിന്ന് കോടികൾ വില മതിക്കുന്ന 5,830ഉം പലകപാണ്ടിയിൽ നിന്ന് 2,982 ഉം മിന്നാമ്പാറയിൽ നിന്ന് 574 ഉം മരങ്ങളും മുറിച്ചതായി താമരാക്ഷൻ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.
കാരപ്പാറ, മോങ്ക് വുഡ്, മണലാരു, തൂത്തമ്പാറ, ചന്ദ്രാമല തുടങ്ങിയ എസ്്റ്റേറ്റുകളിൽ നിന്ന് മരങ്ങൾ മുറിച്ച് നീക്കിയതായി വനം വകുപ്പ് രേഖകളിൽ പറയുന്നു. ചന്ദ്രാമലയിൽ നിന്ന് മരം മുറിച്ചതിന് 1991ൽ വനം വകുപ്പ് 7,500 രൂപ പിഴയീടാക്കിയിട്ടുണ്ട്. മണലാരു എസ്്റ്റേറ്റ് പോബ്സന്റെ  കൈവശമുണ്ടായിരുന്ന 1992 മുതൽ 96 വരെ അഞ്ച് കേസുകളിലായി 52,000 രൂപ പിഴയീടാക്കി. 1993 മുതൽ തൂത്തമ്പാറ എസ്്റ്റേറ്റിൽ ആറ് കേസുകളിലായി 3.4 ലക്ഷം രൂപയും വനംവകുപ്പ് പിഴ ഈടാക്കിയതായി വിവരാവകാശപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു.
കോടതികളിൽ നേരാംവണ്ണം കേസ് നടത്താതെ വനം വകുപ്പിന് തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു.
തൂത്തമ്പാറ എസ്്റ്റേറ്റിൽ മരങ്ങൾ മുറിച്ച് മാറ്റിയതിന് 31/95 ആയി വനം വകുപ്പ് ഒരു കേസ് രജിസ്്റ്റ൪ ചെയ്തിരുന്നു. ഈ കേസിൽ ഉടമകൾക്ക് അനുകൂലമായി വിധിയുണ്ടായി. സ൪ക്കാറിന് 1,60,675 രൂപ നഷ്ടം സംഭവിച്ചതായി വനംവകുപ്പ്  സമ്മതിക്കുന്നുണ്ടെങ്കിലും   ഉദ്യോഗസ്ഥ൪ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. മരങ്ങൾ മുറിച്ച് കടത്തിയ ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ സംഭവമറിയുക. അതിനാൽ യഥാ൪ഥ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താനാവാതെ ഒരു നിശ്ചിത തുക പിഴയിട്ട് കേസ് ഒത്തുതീ൪ക്കുകയാണ് ചെയ്തുവരുന്നത്. പാട്ടത്തിന് വനഭൂമി നൽകിയിട്ടുണ്ടെങ്കിലും ഇവിടുന്നുള്ള മരങ്ങൾ മുറിക്കാൻ ആ൪ക്കും അവകാശമില്ലെന്നാണ് താമരാക്ഷൻ കമ്മിറ്റി റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.