കളമശേരി: കശ്മീ൪ റിക്രൂട്ട്മെന്റ് കേസിലെ പ്രതികൾ ഉൾപ്പെടുന്ന തീവ്രവാദ കേസുകളിലെ പ്രതികൾക്ക് എറണാകുളം സബ് ജയിലിൽ സൽക്കാരം നടത്തിയ രണ്ടു പേ൪ കളമശേരി പൊലീസിന്റെ പിടിയിൽ. മതസംഘടനയുടെ വ്യാജ ലെറ്റ൪പാഡ് ഉപയോഗിച്ച് നോമ്പുതുറ നടത്തിയ ഇടപ്പള്ളി എളമക്കര ലൂ൪ദ് മാതാ റോഡിൽ കുഴിപ്പള്ളിൽ നൗഷാദ് (44), കൂനംതൈ പുതുപ്പള്ളിപ്രം ചങ്ങമ്പുഴ നഗറിൽ വെള്ള൪കോടത്ത് പക്കായി (56) എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി പക്കായിയുടെ മകൻ ഫിറോസ് തടിയന്റവിട നസീറിനൊപ്പവും തീവ്രവാദ കേസിലെ മറ്റ് 15 പ്രതികൾക്കൊപ്പവും എറണാകുളം സബ് ജയിലിൽ കഴിഞ്ഞുവരികയാണ്.
അംഗീകരിക്കപ്പെട്ട സംഘടനകൾക്ക് സബ് ജയിലിൽ കഴിയുന്ന തീവ്രവാദ കേസിലെ പ്രതികൾക്ക് നോമ്പിനുള്ള ചെലവുകൾ വഹിക്കാമെന്നുള്ള എൻ.ഐ.എ കോടതിയുടെ ഉത്തരവിന്റെ മറപിടിച്ചാണ് പ്രതികൾ വ്യാജരേഖ ഉണ്ടാക്കി ജയിലിൽ സൽകാരം നടത്തിയത്. തുട൪ന്ന് ജയിൽ അധികൃത൪ സൽക്കാരം നി൪ത്തിവെച്ചിരുന്നു.
സംഭാവന പിരിച്ചെടുക്കാൻ ഒന്നാം പ്രതി നൗഷാദിന് തൃശൂരുള്ള മതപഠന സ്ഥാപനമായ ദാറുറഹ്മ ഏൽപ്പിച്ചിരുന്ന ലെറ്റ൪ ഹെഡും സീലും സമാനമായ രീതിയിൽ എറണാകുളം കോമ്പാറയിലുള്ള ഡി.ടി.പി സെന്ററിൽ കൃത്രിമമായി ഉണ്ടാക്കി ജയിൽ അധികൃതരെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമീഷണ൪ എം.ആ൪. അജിത്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കളമശേരി എസ്.ഐമാരായ എൻ.എം. സുരേഷും കെ.കെ. മാത്യുവും സിവിൽ പൊലീസ് ഓഫിസ൪ അബ്ദുൽ ഖാദറും ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.