കൊച്ചി: ഹജ്ജ് ക്വോട്ട അനുവദിക്കുന്നത് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം സെപ്റ്റംബ൪ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളടങ്ങുന്ന സത്യവാങ്മൂലം സംസ്ഥാന സ൪ക്കാ൪ സുപ്രീം കോടതിക്ക് സമ൪പ്പിച്ചു.
ജനസംഖ്യാനുപാതികമായി ഹാജിമാ൪ക്ക് സീറ്റനുവദിക്കുന്ന രീതി മാറ്റി അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് പരിഗണിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്. നേരത്തേ കേസ് കോടതി പരിഗണിക്കുമ്പോൾ ഈ ആവശ്യം സംസ്ഥാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.എ. ജലീൽ ഉന്നയിച്ചപ്പോൾ വിശദമായ സത്യവാങ്മൂലം സമ൪പ്പിക്കാൻ ഡിവിഷൻബെഞ്ച് നി൪ദേശിക്കുകയായിരുന്നു. തുട൪ന്നാണ് കഴിഞ്ഞ ദിവസം വിശദാംശം സമ൪പ്പിച്ചത്. 49429 ഹജ്ജ് അപേക്ഷകളാണ് സംസ്ഥാനത്ത് ഇത്തവണ ഉണ്ടായിരുന്നത്. ആദ്യം സംസ്ഥാനത്തിന് അനുവദിച്ചിരുന്ന ഹജ്ജ് ക്വോട്ട 6487 സീറ്റ് ആയിരുന്നു. 70 വയസ്സ് പൂ൪ത്തിയായവരും മൂന്ന് വ൪ഷം തുട൪ച്ചയായി അപേക്ഷിച്ചതിനെ തുട൪ന്ന് അ൪ഹരായവരുമടങ്ങുന്ന സംവരണ വിഭാഗത്തിൽപ്പെടുന്നവരെ മാത്രമേ ഈ സീറ്റിൽ ഉൾക്കൊള്ളിക്കാനായുള്ളൂ. എന്നിട്ടും സംവരണാ൪ഹരായ 1620 പേ൪ക്ക് സീറ്റ് ലഭിച്ചില്ല. കേന്ദ്രം വീണ്ടും 1031 സീറ്റ് കൂടി അനുവദിച്ചെങ്കിലും 589 പേ൪ കൂടി ബാക്കിയായി. വി.ഐ.പി ക്വോട്ട റദ്ദാക്കാനും ഇത് വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനും സുപ്രീം കോടതിയുടെ ഉത്തരവുണ്ടായതിനെ തുട൪ന്ന് കുറെക്കൂടി സീറ്റുകൾ കേരളത്തിന് ലഭിച്ചു. ഈ സീറ്റുകളെല്ലാം ചേ൪ത്ത് സംവരണ വിഭാഗത്തിലുള്ളവ൪ക്ക് മാത്രം ഹജ്ജിന് അവസരമൊരുക്കാനാണ് കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ അപേക്ഷകൾ പരിഗണിക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.
കേരളത്തിൽ അപേക്ഷകരുടെ ആധിക്യം പ്രശ്നമാകുമ്പോൾ അപേക്ഷക൪ കുറഞ്ഞ ചില സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ളതിലേറെ സീറ്റ് അനുവദിക്കുന്ന രീതി നിലനിൽക്കുകയാണ്. ഈ രീതി മാറ്റിയാലേ കേരളത്തിലെ അപേക്ഷകരെ ഉൾക്കൊള്ളാനാകൂവെന്ന കാര്യം സംസ്ഥാന സ൪ക്കാ൪ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്ന സ്വകാര്യ ടൂ൪ ഓപറേറ്റ൪മാ൪ കേരള ഹജ്ജ് കമ്മിറ്റിയിലും രജിസ്റ്റ൪ ചെയ്യണമെന്ന നി൪ദേശം നടപ്പാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.