കൊച്ചി: കേരളത്തിലെ കാ൪ഷിക സഹകരണബാങ്കുകൾ നിയമവിധേയമായാണ് പ്രവ൪ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി നി൪ദേശിച്ചു. ഇവ വായ്പാ സഹകരണ സംഘങ്ങളായേ പ്രവ൪ത്തിപ്പിക്കാൻ കഴിയുന്നുള്ളൂവെങ്കിൽ അനുയോജ്യമായ വിധം രജിസ്ട്രേഷൻ മാറ്റാൻ നടപടിയെടുക്കണമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സഹകരണ രജിസ്ട്രാറോട് നി൪ദേശിച്ചു.
കാ൪ഷിക സഹകരണസംഘം നിയമപ്രകാരം രൂപീകൃതമായ ബാങ്കിൽ നിക്ഷേപകരുടെ പ്രതിനിധിയായി മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ചേ൪ത്തല സ്വദേശി ആന്റണി പതുകുളങ്ങര സമ൪പ്പിച്ച അപ്പീൽ തീ൪പ്പാക്കിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ആലപ്പുഴ ജില്ലയിലെ ശ്രീകണ്ഠമംഗലം സ൪വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിക്ഷേപകരുടെ പ്രതിനിധിക്കായി ഹരജിക്കാരൻ ജയിച്ചിരുന്നു. എന്നാൽ, എതി൪ സ്ഥാനാ൪ഥി അപ്പുക്കുട്ടൻ നായ൪ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു. നിയമപ്രകാരം നിക്ഷേപകരുടെ പ്രതിനിധിക്കായി സീറ്റ് സംവരണം ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. നിയമപ്രകാരം സീറ്റ് സംവരണത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇത് ചോദ്യം ചെയ്താണ് ഹരജിക്കാരൻ അപ്പീൽ നൽകിയത്. പ്രാഥമിക കാ൪ഷിക സഹകരണസംഘമാണെങ്കിലും ഇടപാടുകൾ പ്രാഥമിക ക്രെഡിറ്റ് സംഘത്തിന് തുല്യമായാണ് നടക്കുന്നതെന്ന് കോടതി കണ്ടെത്തി.
പ്രവ൪ത്തനത്തിലൂടെ പ്രാഥമിക ക്രെഡിറ്റ് ബാങ്കാണെന്ന് തെളിയിച്ച സാഹചര്യത്തിലും ഭരണ സമിതി പ്രമേയം കണക്കിലെടുത്തും നിക്ഷേപകരുടെ പ്രതിനിധിക്ക് സീറ്റ് സംവരണം ചെയ്ത നടപടി ഡിവിഷൻബെഞ്ച് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.