സുൽത്താൻ ബത്തേരി: കലക്ഷൻ രേഖകളിൽ കൃത്രിമം നടത്തി കെ.എസ്.ആ൪.ടി.സി ബത്തേരി ഡിപ്പോയിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് ഒതുക്കിത്തീ൪ക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. അന്വേഷണം വിജിലൻസിന് കൈമാറാൻ ലോക്കൽ പൊലീസ് ശിപാ൪ശ ചെയ്തിട്ടുണ്ടെങ്കിലും വിജിലൻസ് അന്വേഷണം ഏറ്റെടുത്തിട്ടില്ല. നൂറുകണക്കിന് വിജിലൻസ് കേസുകൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ വിജിലൻസ് കേസ് ഏറ്റെടുത്താലും അടിയന്തര അന്വേഷണത്തിനും നടപടികൾക്കും സാധ്യത വിരളമാണ്. ഡ്യൂട്ടിയിൽനിന്നും മാറ്റി നി൪ത്തിയതൊഴിച്ചാൽ തട്ടിപ്പുകാ൪ക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കാൻ കോ൪പറേഷൻ അധികൃതരും തയാറായിട്ടില്ല.
ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതിൻെറ വിശദാംശങ്ങൾ പുറത്തുവന്നിട്ട് ഒരു മാസം കഴിഞ്ഞു. 2005 മുതൽ വെട്ടിപ്പ് നടന്നതായാണ് നിഗമനം. ആരോപണ വിധേരായ കണ്ടക്ട൪മാരുടെ 2009 മുതലുള്ള അക്കൗണ്ടുകൾ മാത്രമാണ് ഇപ്പോൾ പരിശോധിച്ചത്. വെട്ടിപ്പ് സംഖ്യ കോടി കവിയുമെന്ന പ്രാഥമിക നിഗമനങ്ങൾ അവഗണിച്ച് പരിശോധന പൂ൪ത്തിയാക്കിയതായാണ് വിവരം. 42 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം ചീഫ് ഓഫിസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസ൪ ശ്രീകുമാ൪, സൂപ്രണ്ട് എ. സതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാറ്റാ പ്രോസസിങ് കൺട്രോൾ യൂനിറ്റാണ് പരിശോധന നടത്തിയത്.
ഡിപ്പോയിലെ കണ്ടക്ട൪മാരായ ജിജി തോമസ് പത്തു ലക്ഷം രൂപ, ഇ.എസ്. സുലൈമാൻ ഏഴു ലക്ഷം, സി.എച്ച് ആലി നാലു ലക്ഷം, പി. റഷീദ് രണ്ടു ലക്ഷം, കെ.പി. ഷൈജുമോൻ രണ്ടു ലക്ഷം, അഭിലാഷ് തോമസ് രണ്ടു ലക്ഷം, മുഹമ്മദ് അബ്ദുറഹ്മാൻ ഒരു ലക്ഷം, കെ.ജെ. സുനിൽ ഒരു ലക്ഷം എന്നിങ്ങനെ വെട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഏഴു വ൪ഷമായി ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിൽ ഒരേ തസ്തികയിൽ തുടരുന്ന സീനിയ൪ അസി. എ. ഷാജഹാൻെറ നേതൃത്വത്തിൽ തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.