മലപ്പുറം: നടന്നുപഠിച്ച വഴിത്താരകളത്രയും നിറഞ്ഞുകവിഞ്ഞ സ്നേഹാതിരേകം കണ്ട് ഇ൪ഫാൻ ആദ്യമൊന്നമ്പരന്നു. ബക്കിങ്ഹാം കൊട്ടാരത്തെ സാക്ഷിനി൪ത്തി ലണ്ടനിൽ ചരിത്രത്തിലേക്ക് നടന്ന കാലുകൾ പിറന്ന മണ്ണ് തൊടാൻ വെമ്പിയപ്പോൾ ആൾക്കൂട്ടം അവനെ തോളിലേറ്റി. സ്വന്തം നാടിൻെറ പെരുമ ലോകാതിരുകൾ കടത്തിയ ഇ൪ഫാനെ ഏറനാടൻ മണ്ണ് ആവേശപ്പെരുമഴയൊരുക്കി സ്വീകരിച്ചു. കാൽപ്പന്തുകളിയിലൂടെ മഹിമയറിയിച്ച നാട്ടിലെ ‘നല്ല നടപ്പുകാരനായ’ ആദ്യ ഒളിമ്പ്യനെ നെഞ്ചേറ്റാൻ കുനിയിൽ ഗ്രാമം പെരുന്നാൾ കോടിയഴിക്കാതെ കാത്തുനിൽക്കുകയായിരുന്നു. 20 കിലോമീറ്റ൪ നടത്ത മത്സരത്തിൽ ദേശീയ റെക്കോ൪ഡ് മറികടന്ന പ്രകടനവുമായി ആദ്യ പത്തിൽ ഇടംപിടിച്ച മലപ്പുറത്തിൻെറ ആദ്യ ഒളിമ്പ്യൻ രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും സ്വീകരണങ്ങൾക്കും വിരുന്നുകൾക്കും ശേഷം തിങ്കളാഴ്ച രാവിലെ എഴിന് ന്യൂദൽഹിയിൽനിന്ന് എയ൪ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് കരിപ്പൂരിൽ ഇറങ്ങിയത്.
വിമാനമിറങ്ങും മുമ്പ് വരവേൽപ്പിനായി വിമാനത്താവളത്തിൻെറ ആഭ്യന്തര ടെ൪മിനൽ കവാടത്തിൽ ജനമായിരങ്ങൾ നിലയുറപ്പിച്ചിരുന്നു. ഇ൪ഫാൻെറ കളിക്കൂട്ടുകാ൪ മുതൽ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ വരെ പ്രിയതാരത്തെ വരവേൽക്കാൻ കാത്തിരുന്നു. ‘120 കോടി ജനങ്ങളുടെ അഭിമാനമുയ൪ത്തിയ കെ.ടി. ഇ൪ഫാന് അഭിവാദ്യങ്ങൾ’ എന്ന ബാനറുകളും പ്ളക്കാ൪ഡുകളുമേന്തി കവാടത്തിൽ ജനം തിക്കിത്തിരക്കി. കവാടത്തിൻെറ ഗ്ളാസുകൾക്കപ്പുറത്ത് ഇ൪ഫാൻെറ മിന്നലാട്ടം കണ്ടപ്പോൾ അവ൪ ഹ൪ഷാരവം മുഴക്കി. ഒരു മണിയായപ്പോഴേക്കും ആഭ്യന്തര ടെ൪മിനലും പരിസരവും ജനം നിറഞ്ഞു. ഇതിനിടെ ഉപ്പ മുസ്തഫയേയും അനുജത്തി ലസ്നയേയും സുരക്ഷാ ഉദ്യോഗസ്ഥ൪ ഇ൪ഫാനെ സ്വീകരിക്കാൻ മറ്റൊരു വഴിയിലൂടെ അകത്തേക്ക് കടത്തിവിട്ടു. മന്ത്രി മഞ്ഞളാംകുഴി അലിയും പി.കെ. ബഷീ൪ എം.എൽ.എയും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമനും എത്തിയിരുന്നു. ഉച്ചക്ക് ഒന്നേകാലോടെ ലസ്ന സമ്മാനിച്ച മുല്ലപ്പൂമാലയിട്ട് പുഞ്ചിരിച്ച് ഇ൪ഫാൻ പുറത്തേക്കിറങ്ങി.
ഇ൪ഫാൻ കൺമുമ്പിലെത്തിയതോടെ കവാടത്തിൽ കാത്തിരുന്ന ജനം ആരവം മുഴക്കി. ‘മുത്താണ് മുത്താണ്, ഇ൪ഫാൻ നാടിൻെറ മുത്താണ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വാനിലുയ൪ന്നു. ഒപ്പം നിലക്കാത്ത ആ൪പ്പുവിളികളും കരഘോഷവും. വെളള ബിസ്ക്കറ്റ് കള൪ ഷ൪ട്ടും കാക്കി പാൻറും അതിനുമുകളിൽ ഒളിമ്പിക്സ് ചിഹ്നമുള്ള കടുംനീല ഓവ൪കോട്ടുമാണ് ധരിച്ചിരുന്നത്. കവാടംവിട്ട് ഇറങ്ങിയതോടെ ഇ൪ഫാനെ ജനം വളഞ്ഞു. ആവേശത്തിരയിൽ ഒരടി മുന്നോട്ടുനീങ്ങാനായില്ല. തിരക്ക് ഒഴിവാക്കാൻ ടെ൪മിനലിൻെറ പുറത്തേ വരാന്തയിലൂടെ കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പൊലീസ് വലയമുണ്ടാക്കി വാഹനത്തിനടുത്തെത്തിച്ചു. ഇതിനിടയിലും ജനം ഹ൪ഷാരവങ്ങളുമായി പ്രിയതാരത്തെ വളഞ്ഞു.
നിമിഷങ്ങങ്ങൾക്കുശേഷം കൊടുംവെയിലിനെ അവഗണിച്ച് കോലോത്തുംതൊടി കുടുംബാംഗങ്ങൾ തയാറാക്കി നി൪ത്തിയ അലങ്കരിച്ച തുറന്ന ജീപ്പിൽ ഇ൪ഫാൻ ജന്മനാട്ടിലേക്ക് തിരിച്ചു. അകമ്പടിയായി കാറിലും ബൈക്കുകളിലുമായി നൂറുകണക്കിന് ആരാധകരും. മുമ്പിൽ അനൗൺസ്മെൻറ് വാഹനം. കൊണ്ടോട്ടി ടൗൺ മുതൽ റോഡിനിരുവശവും ഒളിമ്പ്യനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം വലിയ നിര. ട്രാഫിക് തടസ്സമുണ്ടാവാതിരിക്കാൻ ജങ്ഷനുകളിലെല്ലാം പൊലീസ് നിലയുറപ്പിച്ചു.
കിഴിശേരി മുതൽ പിന്നിട്ട ടൗണുകളിലെല്ലാം വൻ വരവേൽപ്പ്. ജനങ്ങൾക്ക് നന്ദിവാക്കുമായി കൈവീശി ഇ൪ഫാൻ ചെറുപുഞ്ചിരിയുമായി വിനയാന്വിതനായി നീങ്ങി.
തുറന്ന വാഹനം അരീക്കോട്ട് എത്തിയപ്പോഴേക്കും മൂന്നു മണിയായി. എടവണ്ണപ്പാറ ജങ്ഷനിലെ സ്വീകരണത്തിനുശേഷം ബൈക്കുകളുടെ അകമ്പടിയോടെ കുറ്റൂളി, എരഞ്ഞിമാവ്, പന്നിക്കോട്, കീഴുപറമ്പ് വഴി നെല്ലരിക്കുന്നിലേക്ക്. അവിടെനിന്ന് പതിനായിരങ്ങൾ നിരന്ന ഘോഷയാത്രയയായി ജന്മനാട്ടിലേക്ക് ആനയിച്ചു.
ബാൻറ് വാദ്യവും കലാപ്രകടനങ്ങളും വരവേൽപ്പിന് മാറ്റുപക൪ന്നു.കുനിയിലിലെത്തിയതോടെ ഘോഷയാത്ര അക്ഷരാ൪ഥത്തിൽ ജനക്കടലായി. പ്രിയപുത്രനെ നാട്ടുകാ൪ തോളിലേറ്റി ആരവം മുഴക്കി. കുട്ടികൾ ആ൪പ്പുവിളിച്ചു. മണിക്കൂറുകൾക്ക് മുമ്പുതന്നെ ഇ൪ഫാന് സ്വീകരണമൊരുക്കിയ അൻവാ൪ സ്കൂൾ മുറ്റം സ്ത്രീകളും കുട്ടികളേയുംകൊണ്ട് നിറഞ്ഞിരുന്നു. നാട് മുഴുവൻ ഒരു മനസോടെ ഒഴുകിയെത്തിയതോടെ സ്കൂളും പരിസരവും ജനനിബിഡമായി. എല്ലാവരുടെ മുഖത്തും ഇ൪ഫാൻെറ നേട്ടത്തിൽ അഭിമാനം. വേദിയിലേക്ക് കരഘോഷങ്ങളോടെ എടുത്തുയ൪ത്തിയാണ് ഇ൪ഫാനെ ജനം എത്തിച്ചത്.
മുന്നിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും എം.എൽ.എമാരായ പി.കെ. ബഷീറും പി. ശ്രീരാമകൃഷ്ണനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. റംലാബീഗവും.
സ്റ്റേജിലെത്തിയ ഇ൪ഫാൻ മുഖത്തെ ക്ഷീണം വകവെക്കാതെ പുഞ്ചിരിച്ച് കൈവീശി.
തിരിച്ച് ആയിരങ്ങളുടെ ആ൪പ്പുവിളികളോടെ കൈയുയ൪ത്തി സ്നേഹാഭിവാദ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.